മോഹൻലാൽ സുന്ദരനാണോ..?? രസകരമായ ചോദ്യവും ആ സംഭവത്തെ കുറിച്ചും സംവിധായകന്റെ കുറിപ്പ് ഇങ്ങനെ..!!

36

മലയാളികളുടെ ഇഷ്ട നടനാണ് മോഹൻലാൽ. തന്നെ പ്രേക്ഷകർ കണ്ടു കണ്ടു ആണ് ഇഷ്ടമായത് എന്നായിരുന്നു മോഹൻലാൽ ഒരിക്കൽ പറഞ്ഞത്. ഇപ്പോഴിതാ മോഹൻലാലിൻറെ സൗന്ദര്യത്തെ കുറിച്ച് രസകരമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ എം എ നിഷാദ് കുറിപ്പ് ഇങ്ങനെ ,

മോഹൻലാൽ സുന്ദരനാണോ ?

ഒരു ചോദ്യം, ഈ ചോദ്യത്തിന് പുറകിൽ ഒരു ചെറിയ കഥയുണ്ട്. കഥയല്ല ഒരു കൊച്ച് സംഭവം. ഈ കഴിഞ്ഞ ദിവസം ഞാൻ കുവൈറ്റിലേക്ക് പോകാനായി എയർപോർട്ടിൽ എത്തി. കൂടെ പഠിച്ച സുഹ്ത്തുക്കളുടെ ക്ഷണം സ്വീകരിച്ചാണ് കുവൈറ്റിലേക്ക് ആദ്യമായി പോകുന്നത്. വെളുപ്പിനെ 5 മണിക്കാണ് ഫ്ളൈറ്റ്. നേരത്തേ എത്തുന്ന പതിവ് തെറ്റിക്കാതെ ചൂട് കട്ടൻ ചായ കുടിച്ച് കൊണ്ട് ലോഞ്ചിലിരിക്കുമ്പോൾ തൊട്ടടുത്ത ഒരാൾ ഇരുന്നു കഴിക്കുന്നു.

ഇടക്കിടക്ക് അദ്ദേഹം എന്നെ നോക്കുന്നുണ്ട് പൂർണ്ണ ശ്രദ്ധ കഴിക്കുന്ന ഭക്ഷണത്തിലാണ്. കോട്ടിട്ട ഒരു മാന്യൻ. ആവശ്യത്തിനും അനാവശ്യത്തിനും തന്റ്റെ കോട്ടിൽ പിടിക്കുന്നുമുണ്ട് എന്നെ പാളി നോക്കുന്നുമുണ്ട്. ഭക്ഷണത്തിന്റ്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കിയ ശേഷം പുളളി എന്നെ നോക്കി ആദ്യ ചോദ്യം എറിഞ്ഞു ‘എവിടെയോ കണ്ടിട്ടുണ്ടല്ലോ ? ഞാൻ എന്റ്റെ പേര് പറഞ്ഞു. അപ്പോൾ അടുത്ത ചോദ്യം ‘എന്ത് ചെയ്യുന്നു ? സിനിമാ സംവിധായകനാണ് എന്ന എന്റ്റെ മറുപടിയിൽ പുച്ഛ ഭാവത്തോടെ ‘ഓ ഞാനീ സിനിമായോന്നും കാണാറില്ല കേട്ടോ. അറു ബോറൻ പരിപാടിയാണേ. രണ്ട് രണ്ടര മണിക്കൂറ് മനുഷ്യന്റ്റെ സമയം മെനക്കെടുത്താൻ. ഞാൻ ഈ സാധനം കാണത്തേയില്ല’

‘ഒറ്റ ശ്വാസത്തിൽ പുളളി പറഞ്ഞ് നിർത്തി. ഞാൻ ചിരിച്ചു. ഭാഷാ ശൈലിയിൽ ആള് കോട്ടയം കാരനാണെന്ന് മനസ്സിലായി. അമേരിക്കയിലേക്കുളള യാത്രയാണ്. മുപ്പത് വർഷമായി അവിടെയാണ് നഴ്സാണ് വിവാഹ ശേഷം അവരോടൊപ്പം പോയതാണ്. ഇത്രയും രണ്ട് ശ്വാസത്തിൽ അച്ചായൻ പറഞ്ഞു. അമേരിക്കയിൽ എന്ത് ചെയ്യുന്നു എന്ന എന്റ്റെ ചോദ്യത്തിന് ശ്വാസത്തിൽ പുളളിയുടെ മറുപടി – ഫിനാൻസ് കൺസൾട്ടെന്റ്റ്. ഇതിന് മാത്രം സാമ്പത്തിക കൺസൾട്ടന്റ്റ് മാർ അമേരിക്കയിലേ കാണൂ. കാരണം ഞാനവിടെ പോയപ്പോൾ മിക്കവരും കൺസൾട്ടുമാരാണ്.

അങ്ങനെ ആലോചിച്ചിരിക്കുമ്പോൾ വീണ്ടും പുളളിക്കാരൻ. വിടാൻ ഭാവമില്ല. ഞാൻ സിനിമ കാണാറില്ല കേട്ടോ. ഒന്നും തോന്നരുത്. ഞാൻ പറഞ്ഞു എനിക്കെന്ത് തോന്നാൻ. സിനിമ കാണാത്തത് ഒരു ക്രിമിനൽ കുറ്റമൊന്നുമല്ലല്ലോ. എന്റ്റെ മറുപടി ആശാന് അങ്ങ് ബോധിച്ചു.

മൂപ്പരുടെ പൊട്ടിച്ചിരിയിൽ അടുത്ത സോഫയിൽ ഉറങ്ങികിടന്ന സായ്പ്പ് ഞെട്ടിയുണരുകയും രൂക്ഷമായി നോക്കുകയും ചെയ്തു. ആ ജാള്യത മറക്കാനാണോ എന്തോ അഡാറ് ചോദ്യം എറിഞ്ഞു ”മോഹൻലാൽ സുന്ദരനാണോ ??”ഞാൻ ഈ ചോദ്യം പ്രതീക്ഷിച്ചില്ല. സാഹചര്യവുമായി ഒട്ടും ഇണങ്ങാത്ത ചോദ്യം.

സിനിമ കാണാത്ത സിനിമാക്കാരെ പുച്ഛത്തോടെ കാണുന്ന മാന്യദേഹം വീണ്ടും ചോദിച്ചു അതേ ചോദ്യം.’മോഹൻലാൽ സുന്ദരനാണോ ?. മമ്മൂട്ടിയുടെ കാര്യത്തിൽ പുളളിക്ക് വലിയ സംശയമില്ലെന്ന് തോന്നി. ഞാൻ പറഞ്ഞു മോഹൻ ലാൽ സുന്ദരനാണ്. കൂടുതൽ സംഭാഷണത്തിലേക്ക് നീങ്ങാൻ തുടങ്ങിയപ്പോൾ ദൈവദൂതനെ പോലെ മനോജ് കെ ജയൻ അവിടെ വന്നു. ഞങ്ങൾ ഒരുമിച്ചാണ് പോകുന്നത്. അച്ചായനോട് കൈ വീശി മനോജിനൊപ്പം ഞാൻ എസ്ക്കേപ്പായി. പക്ഷെ ആ ചോദ്യം വീണ്ടും മനസ്സിലേക്ക് വന്നു

മോഹൻലാൽ സുന്ദരനാണോ, അതെ അദ്ദേഹം സുന്ദരനാണ്. മോഹൻലാലിന്റ്റെ സ്വഭാവം അദ്ദേഹത്തേ കൂടുതൽ സുന്ദരനാക്കുന്നു. എന്റ്റെ അനുഭവം അതാണ് എന്നെ മനസ്സിലാക്കി തന്നത്. മോഹൻലാലിന്റ്റെ സൗന്ദര്യം അദ്ദേഹത്തിന്റ്റെ ലാളിത്യം തന്നെയാണ് അദ്ദേഹത്തിന്റ്റെ മുഖമുദ്ര.

തെളിവ് എന്ന എന്റ്റെ സിനിമയുടെ ട്രെയിലർ അവതരിപ്പിക്കാൻ മോഹൻ ലാൽ വേണമെന്നുളളത് എന്റ്റെ മാത്രം ആഗ്രഹമല്ലായിരുന്നു നിർമ്മാതാവ് പ്രേംകുമാറിന്റ്റെ സഹപാഠിയുമായിരുന്നു ലാലേട്ടൻ. അതിനേക്കാളുമുപരി തിരകഥാകൃത്ത് ചെറിയാൻ കല്പകവാടിയുമായി അദ്ദേഹത്തിന് സഹോദര തുല്ല്യമായ ബന്ധമാണുളളത്. ഞാനും ചെറിയാച്ചനും കൂടി ലാലേട്ടനെ കാണാൻ സംവിധായകൻ സിദ്ദീഖിന്റ്റെ ബിഗ് ബ്രദർ എന്ന ചിത്രത്തിന്റ്റെ ലൊക്കേഷനിൽ ചെന്നു. വളരെ ഊഷ്മളമായ സ്വീകരണമായിരുന്നു ഞങ്ങൾക്കവിടെ കിട്ടിയത്.

അടുപ്പമുളളവരുടെ ലൊക്കേഷനിൽ മാത്രമേ ഞാൻ പോകാറുള്ളൂ. സിദ്ദീക്ക് ഇക്കയുടെ ലൊക്കേഷൻ എനിക്ക് സ്വന്തം പോലെയാണ്. ഞാൻ ജ്യേഷ്ഠ സഹോദര സ്ഥാനത്ത് കാണുന്ന വ്യക്തിയാണ് സിദ്ദീക്ക് ഇക്ക. ഞങ്ങളുടെ ആവശ്യം പറഞ്ഞപ്പോൾ രണ്ട് പേരും സന്തോഷത്തോടെ സമ്മതിച്ചു. ലാലേട്ടൻ പറഞ്ഞത് ഇപ്പോഴും ഞാൻ മറന്നിട്ടില്ല. ‘നമ്മുക്ക് സിദ്ദീക്കിന്റ്റെ വീട്ടിൽ വെച്ച് നടത്താം എന്ന് വേണമെന്ന് നിങ്ങൾ പറഞ്ഞാൽ മതി’ ഒരുപാട് സന്തോഷം തോന്നിയ നിമിഷം.

പറഞ്ഞത് പോലെ തന്നെ സിദ്ദീക്കയുടെ വീട്ടിൽ വെച്ച് ലളിതമായി തെളിവിന്റ്റെ ട്രെയിലർ ലാലേട്ടൻ ലോഞ്ച് ചെയ്തു. ഞങ്ങൾക്ക് വേണ്ടി ഉച്ച മുതൽ അദ്ദേഹം കാത്തിരുന്നു. ഞങ്ങളെ ഒരു നിമിഷം പോലും കാത്ത് നിർത്താതെ പറഞ്ഞ സമയത്ത് തന്നെ അദ്ദേഹം ട്രെയിലർ അവതരിപ്പിച്ചു. ചെറിയ കാര്യങ്ങളിൽ പോലും സമയ നിഷ്ഠത അദ്ദേഹം സൂക്ഷിച്ചു.

എല്ലാവരുടേയും സമയം വിലപ്പെട്ടതാണ് എന്ന വലിയ ഒരു സന്ദേശം അത് വഴി അദ്ദേഹം പകർന്നു തന്നു. അദ്ദേഹത്തിന് വേണെമെന്കിൽ കാരവണിന്റ്റെ പുറത്ത് ഞങ്ങളെ കാത്ത് നിർത്തിക്കാമായിരുന്നു. അവിടെയാണ് ഒരു മനുഷ്യന്റ്റെ സംസ്ക്കാരം നമ്മുക്ക് മാതൃകയാകുന്നത്. പ്രേം നസീറും ശ്രീകുമാറും തലമുറയിലെ കുഞ്ചാക്കോ ബോബനും സൽമാനും ടോവിനോ തോമസും വിനയാന്വീതരാണ് എന്നും കൂടി ഈ അവസരത്തിൽ ഓർക്കുന്നു.

You might also like