നവജാതശിശുവിന്റെ കാഴ്ച; അറിയേണ്ടത് എല്ലാം..!!

166

ജനനസമയത്ത് നവജാതശിശുവിന്റെ കാഴ്ച്ച ശക്തി മുതിർന്ന ഒരാളുടെ കാഴ്ചയുടെ ആറിലൊന്ന് മാത്രമാണ്. പൂർണ വളർച്ചയെത്തി ജനിച്ച കുഞ്ഞുങ്ങളുടെ കാഴ്ചയുടെ കണക്കാണിത്. നവജാതശിശുവിന്റെ കണ്ണുകളും അതിനോടടുപ്പിച്ചുള്ള കാഴ്ചവ്യവസ്ഥയും വികസിച്ചു കാണില്ല. വെളിച്ചമടിക്കുമ്പോൾ കുഞ്ഞിന് കണ്ണുതുറക്കാൻ നന്നേ പ്രയാസമുണ്ടാകും. മൂന്നാഴ്ച പിന്നിടുമ്പോഴേക്ക് വെളിച്ചത്തെ ചെറുക്കാൻ കണ്ണുകൾ പാകപ്പെടും.

കണ്ണിന്റെ ചലനങ്ങള്‍ വഴി കുഞ്ഞിന്റെ കാഴ്ചയെ കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നു. ജനിച്ച് ഒന്നോ രണ്ടോ ആഴ്ചകള്‍ക്ക് ശേഷം കാഴ്ച ശക്തിയിൽ കാര്യമായ മാറ്റം വന്നു തു‍ടങ്ങും. ഒരു വസ്തുവിനെ കാണിച്ചാൽ കുഞ്ഞിന്റെ ശ്രദ്ധ ഒരു നിമിഷം അതിലേക്ക് പോകും. പിന്നീട് ശ്രദ്ധ തിരിക്കും.
കുഞ്ഞു കണ്ണുകൾ കൊണ്ട് വസ്തുക്കളെ പിന്തുടരാൻ ശ്രമിക്കുന്നതോടെ അവരുടെ കയ്യും കാലും തമ്മിലുള്ള ഏകോപനം വികസിക്കാൻ തുടങ്ങുന്നു. എട്ടാമത്തെ ആഴ്ചയോടെ കുഞ്ഞുങ്ങൾ അമ്മയുടെ മുഖത്ത് കണ്ണുകൾ ഉറപ്പിച്ചു നിർത്തുന്നു. ആദ്യത്തെ രണ്ടു മാസം കുഞ്ഞിനു കണ്ണ് എവിടെയും ഉറപ്പിച്ച് നിർത്താൻ കഴിയില്ല. ഇതിൽ അസാധാരണമായി ഒന്നുമില്ല.

മൂന്ന് നാല് മാസം കഴിയുമ്പോഴേക്ക് കുഞ്ഞ് താൽപര്യമുളള വസ്തുവിലേക്ക് പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങും.അഞ്ചു മുതൽ എട്ടു മാസങ്ങളിൽ കണ്ണുകളുടെ ചലനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൈവരും. കണ്ണും ശരീരവും തമ്മിലുള്ള ഏകോപനവും നല്ല രീതിയിൽ മെച്ചപ്പെടും. വസ്തുക്കൾ തമ്മിലുള്ള അകലം അളക്കാനുള്ള കഴിവ് ജനനസമയത്ത് ഉണ്ടാവില്ല. അഞ്ചാം മാസം മുതലാണ് ഈ കഴിവ് വികസിച്ചു തുടങ്ങുന്നത്. അഞ്ചാം മാസം മുതൽ നിറങ്ങൾ തിരിച്ചറിയാനുള്ള കഴിവ് വികസിച്ചു തുടങ്ങും.

കാഴ്ച ശക്തി പരീക്ഷിക്കാം.

കുഞ്ഞുങ്ങൾക്ക് തങ്ങളുടെ പ്രശ്നം പറഞ്ഞറിയിക്കാൻ കഴിയില്ല. അമ്മയ്ക്ക് കൃത്യമായ നിരീക്ഷണത്തിലൂടെ കണ്ണിന്റെ പ്രശ്ന ങ്ങൾ മനസ്സിലാക്കാം.

സാധാരണയായി മൂന്നുമാസമാകുമ്പോൾ വസ്തുക്കൾ നീങ്ങുന്നതിനനുസരിച്ച് കുട്ടിയുടെ കണ്ണും ചലിക്കും. ഇങ്ങനെ കണ്ണ് വസ്തുവിനെ പിന്തുടര്‍ന്നില്ലെങ്കിൽ കുഞ്ഞ് വ്യക്തമായി വസ്തുക്കൾ കാണുന്നില്ലേയെന്ന് സംശയിക്കണം

അതുപോലെ തന്നെ കുഞ്ഞ് മുഖത്ത് നോക്കി ചിരിക്കുന്നില്ലെങ്കിലും കാഴ്ചക്കുറവിന് സാധ്യതയുണ്ട്

∙കണ്ണിനകത്ത് കറുത്തപാടുണ്ടോ കോങ്കണ്ണുണ്ടോ എന്നും ശ്രദ്ധിക്കണം.

എപ്പോഴും മൂക്കിനോട് ചേർന്നുളള കണ്ണിന്റെ ഭാഗത്ത് തൊടു ക, കടുത്ത പ്രകാശത്തിലേക്ക് തുറിച്ച് നോക്കുക… തുടങ്ങിയവ യൊക്കെ കണ്ണിന്റെ തകരാറുകളുടെ ലക്ഷണമാണ്

ഒരു കണ്ണിന്റെ ചലനങ്ങളിൽ വല്ലാത്ത അസാധാരണത്വം തോന്നുകയാണെങ്കിൽ ഡോക്ടറെ കാണുന്നതാണ് നല്ലത്.

Courtesy SamadHospitals

You might also like