നിങ്ങൾ ഗുരു സിനിമ കണ്ടിട്ടില്ലേ.? ഇല്ലെങ്കിൽ അത് കാണാനുള്ള ഏറ്റവും നല്ല സമയമാണിത്…!!!

160

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സുപ്രീംകോടതി വിധിയും അതിനെ തുടർന്നുള്ള കോലാഹളങ്ങളും കേരളത്തിൽ നടക്കുകയാണ്. ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ നടക്കുമ്പോൾ ഇപ്പോൾ പ്രസക്തമാകുന്ന ഒരു സിനിമയാണ് ഗുരു. ചിത്രത്തിന്റെ പ്രസക്തിയെ കുറിച്ചുള്ള ഒരു ചെറിയ നിരൂപണം വായിക്കാം;

നിങ്ങൾ ഗുരു സിനിമ കണ്ടിട്ടില്ലേ… ഇല്ലെങ്കിൽ അത് കാണാനുള്ള ഏറ്റവും നല്ല സമയമാണിത്…

കാഴ്ച്ചയില്ലാത്തവരുടെ ലോകത്തേക്ക് നമ്മുടെ നായകൻ എത്തിചേരുന്നു.. നരച്ച വസ്ത്രങ്ങൾ ഉടുത്ത മനുഷ്യരാണ് മുഴുവനും… മരങ്ങളുടെ പച്ചപ്പും, പൂക്കളുടെ വർണ്ണങ്ങളും അറിയാതെ അവർ ജീവിക്കുന്നു…. അവിടെയും ഒരു ആചാരം ഉണ്ട്… കാലാകാലമായ് അവർ പിന്തുടരുന്ന ആചാരം.. ഒരു കുട്ടി ജനിച്ചയുടൻ “ഇലാമ” പഴത്തിന്റെ നീര് നൽകുന്ന ആചാരം… അത് കുടിക്കുന്ന ഉടൻ കുട്ടികൾ അന്ധരാകുന്നു… കുട്ടികളുടെ കണ്ണിൽ അന്ധതയാണ് പകരുന്നതെന്ന് അവർ അറിയുന്നില്ല, അവർ അതിനെ പറ്റി ചിന്തിക്കുന്നത് പോലും ഇല്ല… വിശ്വാസങ്ങളിൽ യുക്തി പാടില്ല ല്ലോ. !

ആ കുട്ടികൾ വളരുമ്പോൾ പറഞ്ഞു കൊടുക്കുന്നത്, കണ്ണ് എന്നത് നെറ്റിക്ക് താഴെയുള്ള , ഒരു കുഴിയിലെ അനാവശ്യമായ രണ്ടു ഗോളങ്ങൾ മാത്രമാണെന്ന് ആണ്…

ഇലാമ പഴത്തിന്റെ ഉള്ളിൽ തന്നെ കാഴ്ചലഭിക്കാനുള്ള മരുന്നുണ്ട് … ( ആചാരങ്ങളുടെ മറകൾക്ക് അപ്പുറമുള്ള നന്മ എന്ന മൂല്യത്തെ പോലെ ) നായകൻ അത് കണ്ടെത്തുന്നു… അത് ഉറക്കെ വിളിച്ചുപറയുന്നുണ്ട്… ആരും വിശ്വസിക്കുന്നില്ല… ആരും അത് ഇഷ്ടപ്പെടുന്നുമ്മില്ല, കാരണം നൂറ്റാണ്ടുകളായി തുടർന്നു വരുന്ന ആചാരമാണ്, വിശ്വാസമാണ് !

നായകൻ, തന്നെ വിശ്വാസം ഉള്ള മനുഷ്യരെ ഒരു ഗുഹയിൽ അടക്കുന്നു, അവർക്ക് ഇലാമ പഴത്തിന്റെ കുരു കൊടുക്കുന്നു.. (ഈ കുരു തിന്നാൽ മരിക്കും എന്നത് മറ്റൊരു വിശ്വാസം ) ഗുഹക്ക് ചുറ്റും മണ്ണ്കൊണ്ട് ഒരു മറ പണിയുന്നു…. പ്രഭാതം വരുന്നു ! കത്തിജ്വലിക്കുന്ന ഉദയസൂര്യൻ…… !
നായകൻ മണ്ണ്കൊണ്ട് പണിത മറയിൽ ഒരു സുഷിരം ഉണ്ടാക്കുന്നു…. ഗുഹക്കുള്ളിലെ മനുഷ്യരുടെ കണ്ണിലേക്കു ആദ്യത്തെ പ്രകാശം…. !
പക്ഷെ അവർ ആദ്യം ചെയ്തത് ആ കണ്ണുകൾപൊത്തി അടക്കുകയാണ്… ? !!!!

പിന്നീട് ചെയ്തതോ? മണ്ണ്കൊണ്ട് ഉണ്ടാക്കിയ ആ മറകളെയെല്ലാം ഒറ്റക്കെട്ടായി പൊളിച്ചു മാറ്റുക എന്നതായിരുന്നു…. ചുറ്റിലും വെളിച്ചം പടർന്നു നിൽക്കുന്ന ഭൂമി ! തെളിവെള്ളത്തിൽ സ്വന്തം മുഖപടം ! സ്വന്തം മക്കളുടെ മുഖം !!! ആദ്യമായി കുട്ടികൾ പൂക്കളെയും പൂമ്പാറ്റയെയും കാണുന്നു…. പ്രണയികൾ പാട്ടിന്റെ ഈണം കൊണ്ട് പരസ്പരം തിരിച്ചറിയുന്നു.. !!! ചുറ്റും വിവരിക്കാൻ കഴിയാത്ത ആനന്ദം !!!! ആ മനോഹര നിമിഷങ്ങളിൽ എവിടെയോ വെച്ച് അജ്ഞാനം കൊണ്ട് പണിത, യുഗങ്ങളുടെ കാലപഴക്കമുള്ള അന്ധതയുടെ സാമ്രാജ്യം, നിസാരമായ് തകർന്നു വീഴുന്നു.. !

നമ്മളിൽ പലരും ഇപ്പോഴും ആചാരങ്ങളുടെ ഇരുട്ടിൽ ആണ്….
സത്യം എന്ന ഇലാമ പഴത്തിന്റെ കുരു കഴിക്കുക… അറിവിന്റെ മുഷ്ടികൊണ്ട് എല്ലാ മണ്മറകളും പൊളിക്കുക… ഒരുകാര്യം ശരിയാണ്, സംശയമില്ല, വെളിച്ചം ആദ്യം എത്തുമ്പോൾ നമ്മൾ കണ്ണ് പൊത്തുക തന്നെ ചെയ്യും…!
പക്ഷെ ഒടുവിൽ യാഥാർഥ്യത്തിന്റെ വെളിച്ചത്തിലേക്ക് എത്താതിരിക്കാൻ നമുക്ക് സാധ്യമല്ല ….
കെട്ടുകഥകളുടേയും അന്ധവിശ്വാസങ്ങളുടേയും പേരിൽ സ്വയം കുരുടരായി മാറാതേ പ്രകാശത്തിന്റെ ഇത്തിരി വെട്ടങ്ങൾക്കായി നമുക്ക് കൺതുറക്കാം …..
വിശ്വാസം എന്ന അന്ധത പരത്തി വിശ്വാസികളുടെ ചോരയൂറ്റിക്കുടിച്ച് കുളയട്ടകളേപ്പോലെ തടിച്ചു കൊഴുത്ത രാഹുലൻമാർ കാപട്യങ്ങൾക്കൊണ്ട് പണിതുയർത്തിയ സ്വന്തം സാമ്രാജ്യങ്ങളുടെ അടിത്തറ വേരോടെ ഇളകുമ്പോൾ വിറളി പിടിച്ച് കാട്ടിക്കൂട്ടുന്ന ജൽപനങ്ങൾക്ക് കാതോർത്ത് സ്വയം
കളിപ്പാവകളാകാതിരിക്കാം ……….

മന്ത്രമെന്നും തന്ത്രമെന്നും ആചാരമെന്നും വിശ്വസിപ്പിച്ച് വിശ്വാസികളിൽ ഭീതിയുടെ വിത്തുകൾ പാകി ക്രിയകളും പരിഹാരക്രിയകളും നിർദ്ദേശിച്ച് ,വിശ്വാസിയുടെ കീശ ചോർത്തി സ്വന്തം ആസനങ്ങളിൽ ആശ്വാസത്തോടെയിരുന്നു പാൽപായസം കുടിക്കാൻ മുക്രിക്കും ,തന്ത്രിക്കും ,പാതിരിക്കും ഇത്തരം ആചാരങ്ങൾ നില നിന്നേ മതിയാവൂ …..

ആചാരങ്ങളുടെ മറകൾക്കപ്പുറമുള്ള നന്മകൾ നമുക്ക് കാണാൻ ശ്രമിക്കാം …….

മണ്ടയിൽ ആരോ കുത്തിനിറച്ച മത ചെളി കഴുകി മാറ്റി മനുഷ്യത്വത്തിന്റെ പുത്തൻ ലഹരി നമുക്ക് നുണയാം ……

മോക്ഷമെന്നും സ്വർഗ്ഗമെന്നും പറഞ്ഞ് എത്തുന്തോറും അകന്നു പോകുന്ന ഇവർ നീട്ടുന്ന പ്ലാവിലക്കു പുറകെ നാക്കു നീട്ടി നടക്കുന്ന വെറും കുഞ്ഞാടുകൾ മാത്രമായി നമുക്കു മാറാതിരിക്കാം ……

പൊന്നമ്പലമേടുകളിൽ വൈദ്യുതി വകുപ്പിന്റെ മകരജ്യോതികൾ ഇനിയും വർഷാവർഷങ്ങളിൽ തെളിഞ്ഞു കൊണ്ടേ യിരിക്കും ……
ലക്ഷങ്ങൾ ആ പുണ്യ ജ്യോതി കണ്ട് ആത്മസായൂജ്യമടയും …..
ആരോ പറത്തി വിട്ട കൃഷ്ണ പരുന്തുകൾ ആൾക്കൂട്ട പ്രദക്ഷിണങ്ങൾക്കു മുകളിൽ വട്ടമിട്ടു പറന്നു കൊണ്ടേയിരിക്കും …….. ആത്മ നിർവൃതിയുടെ ആലസ്യത്തിൽ ഭണ്ഡാരപ്പെട്ടികളുടെ ഭാരമേറിക്കൊണ്ടേ യിരിക്കും …….
നടവരവിന്റെ കോടികളുടെ കണക്കുകളിൽ ആചാരക്കമ്മിറ്റികൾ ഊറ്റം കൊള്ളും ……..

കൂരിരുട്ടിന്റെ കറുത്ത പർദ്ദക്കുള്ളിൽ നിന്നും വെളിച്ചത്തിന്റെ പുതിയ ലോകത്തേക്കാകട്ടെ അടുത്ത പടി നമ്മുടെ ഭാരത സ്ത്രീകൾ ….
(അനുയോജ്യമായ ഊ കാലഘട്ടത്തിൽ ഗുരുവെന്ന കാലിക പ്രസക്തമായ ആ നല്ല സിനിമയെ ഓർമ്മപ്പെടുത്തിയ Srejith perumana ക്ക് പ്രത്യേകം നന്ദി .)

ജെസ്റ്റിൻ വർഗ്ഗീസ് .

You might also like