ചോര പറ്റിയ ഷോളിൽ പാഡും അടിവസ്ത്രവും പൊതിഞ്ഞെടുത്ത് പുറത്തിറങ്ങി, കല്ലടക്ക് എതിരെ നടപടി എടുക്കുമ്പോൾ എന്നെപോലെ ആയിരക്കണക്കിന് സ്ത്രീകൾ സന്തോഷിക്കും; അരുന്ധതിയുടെ വാക്കുകൾ ഇങ്ങനെ..!!

82

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് നിന്നും ബാൻഗ്ലൂരിലേക്ക് പോകുന്ന സുരേഷ് കല്ലടയുടെ ബസ്, ഹരിപ്പാട് കേട് ആകുന്നതും മൂന്ന് മണിക്കൂറുകളോളം യാത്രക്കാരെ വഴിയിൽ നിർത്തുന്നതും തുടർന്ന് പ്രതിഷേധിക്കുകയും പോലീസിനെ വിളിച്ചു വരുത്തുകയും ചെയ്ത യാത്രക്കാരെ കൊച്ചിയിൽ ബസ് എത്തിയപ്പോൾ ബസ് ജീവനക്കാർ ക്രൂരമായി മർദിച്ചതും.

തുടർന്ന്, മൂന്ന് യുവാക്കളെ ക്രൂരമായി മർദ്ദിച്ചത് ജേക്കബ് ഫിലിപ്പ് എന്ന യുവാവ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതതോടെയാണ് പുറംലോകം അറിഞ്ഞത്.

ഇപ്പോൾ, നിരവധി ആളുകൾ ആണ് കല്ലട നടത്തിയ ക്രൂരതയുടെ വാർത്തകൾ വെളിപ്പെടുത്തിയിരിക്കുന്നത്. നടിയും സാമൂഹിക പ്രവർത്തകയുമായ അരുന്ധതിയുടെ വാക്കുകൾ ഇങ്ങനെ,

രണ്ടായിരത്തിപ്പതിനഞ്ചിലാണ്. ശബരിക്ക് തൽകാൽ ടിക്കറ്റ് പോലും ലോട്ടറിയായതിനാലും, ഫ്ളെെറ്റ് ഇന്നത്തെപ്പോലെ അഫോഡബിൾ അല്ലാത്തതിനാലും കല്ലടയായിരുന്നു ഹെെദരാബാദ് വരെ പോകാൻ ആശ്രയം. സെമി സ്ളീപ്പര്‍ സീറ്റിൽ ഏതാണ്ട് പതിനെട്ട് മണിക്കൂർ ഇരിക്കണം. കൊച്ചിയില്‍ നിന്ന് ഉച്ചയ്ക്ക് കയറിയാൽ, പിറ്റേന്ന് രാവിലെ എത്താം. രണ്ടോ മൂന്നോ മണിക്കൂര്‍ വെെകിയാലും വേറെ ഓപ്ഷനില്ലാത്തതുകൊണ്ട് നമ്മളതങ്ങ് സഹിക്കും.

അത്തരമൊരു യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ദിവസമാണ് പിരീഡ്സ് ആവുന്നത്. കാൻസൽ ചെയ്താൽ കാശുപോവുന്നതുകൊണ്ട് രണ്ടും കൽപ്പിച്ച് വണ്ടി കയറി. സന്ധ്യയ്ക്കും അത്താഴത്തിന്റെ നേരത്തും മൂത്രപ്പുര ഉപയോഗിക്കാൽ പറ്റി. ഉറങ്ങാൻ പോവും മുൻപ് ഡ്രെെവറോടും സഹായിയോടും പ്രത്യേകം പറഞ്ഞു എവിടേലും ഡീസലടിക്കുന്ന സ്ഥലത്ത് വിളിച്ചെഴുന്നേൽപ്പിക്കണേ, ടോയ്ലറ്റിൽ പോവേണ്ടത് അത്യാവശ്യമാണെന്ന്.
വെളുപ്പിനെ അടിപൊളി വയറുവേദനയുമായാണ് കണ്ണുതുറന്നത്.

ആറ് മണിയാവുന്നേയുള്ളൂ, ഹെെദരാബാദിന്‍റെ ഔട്സ്കർസിലെവിടെയോ ആണ്. മൂത്രമൊഴിക്കാൻ ഒന്നുനിർത്തിക്കേന്ന് പറയാൻ എഴുന്നേറ്റപ്പൊ തന്നെ പന്തികേട് തോന്നി. പാഡ് ഓവര്‍ഫ്ളോ ആയിട്ടുണ്ട്. അസ്വസ്ഥത സഹിച്ച് മൂന്ന് പാഡോ മറ്റോ വെച്ചിട്ട് കിടന്നതാണ്. എന്നിട്ടും യൂട്രസ് പണി പറ്റിച്ചു. എങ്ങനെയൊക്കെയോ ഡ്രെെവറുടെ കാബിനിലെത്തി വണ്ടി വേഗം നിർത്തിത്തരാൻ പറഞ്ഞു. ഉടനെ ആളിറങ്ങുന്നുണ്ടെന്നും അവിടെ ഒതുക്കാമെന്നുമായിരുന്നു മറുപടി. ആളുകൾ ഇറങ്ങിയതൊക്കെയും നടുറോഡിലായിരുന്നു.

വണ്ടി പല പെട്രോൾ പമ്പുകളും പിന്നിട്ടു. എവിടെയും നിര്‍ത്തിയില്ല. വീണ്ടും എഴുന്നേറ്റ് നടക്കാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല ഞാൻ. ലെഗ്ഗിൻസിലേക്ക് ചോര പടരുന്നത് അറിയുന്നുണ്ട്. ഷോളെടുത്ത് മടക്കി സീറ്റിലിട്ട് അതിന്റെ മുകളിലിരിക്കുകയാ. ദാഹിക്കുന്നുണ്ട്. തുള്ളി വെള്ളം കുടിക്കാൻ പേടി. ആർത്തവസമയത്ത് മൂത്രം ഒട്ടും പിടിച്ചുവയ്ക്കാൻ കഴിയാറില്ല.

ഒടുക്കം തൊട്ടുമുൻപിലെ സീറ്റിലിരുന്ന ചെറുപ്പക്കാരനോട് കാര്യം പറഞ്ഞു. അയാളോടി ഡ്രെെവറുടെ അടുത്ത് പോയി. ഇനി മെഹ്ദിപട്ടണത്തേ സ്റ്റോപ്പുള്ളൂവെന്നും, ബ്രേക്ഫാസ്റ്റിന് നിർത്താത്ത വണ്ടിയായതിനാൽ മെഹ്ദിപട്ടണത്തിറങ്ങി എതേലും ടോയ്ലറ്റ് കണ്ടുപിടിച്ചോന്നുമായിരുന്നു മറുപടി. ഒരു പരിചയവുമില്ലാത്ത ആ യാത്രക്കാരൻ എനിക്കുവേണ്ടി പ്രതികരിച്ചു. ബസിൽ ബാക്കിയുണ്ടായിരുന്ന ഞങ്ങൾ ഏഴോ എട്ടോ പേർ ഒന്നിച്ച് ഒച്ചവെച്ചു. എന്നിട്ടും കല്ലടയുടെ സ്റ്റാഫ് അനങ്ങിയില്ല.

അവരുടെ ഓഫീസ് നമ്പറിൽ വിളിച്ചു ഒടുക്കം. മെഹ്ദിപട്ടണത്ത് അവരുടെ ഓഫീസില്‍ ബസ് നിർത്തുമെന്നും, അവിടുത്തെ ടൊയ്ലറ്റ് ഉപയോഗിക്കാമെന്നും ധാരണയായി. ബസ് നിർത്തുമ്പൊ നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. ഓഫീസെന്ന് പേരിട്ട കുടുസ്സുമുറിയുടെ വലത്തേയറ്റത്ത് ഒരു ഇന്ത്യൻ ടൊയ്ലറ്റ്. ടാപ്പോ വെള്ളമോ ഇല്ല. പത്തു മിനിറ്റ് കാത്തുനിർത്തിയിട്ട് ഒരു ബക്കറ്റ് വെള്ളം കൊണ്ടുത്തന്നു.

ആ കക്കൂസ് മുറിയിൽ കയറുമ്പൊ അപമാനംകൊണ്ട് മേലാകെ വിറച്ചു. ചോര പറ്റിയ ഷോളിൽ പാഡും അടിവസ്ത്രവും പൊതിഞ്ഞെടുത്ത് പുറത്തിറങ്ങി കല്ലടയ്ക്ക് പരാതി എഴുതിക്കൊടുത്ത് ഇല്ലാത്ത കാശിന് ഒരു ഓട്ടോ പിടിച്ചു, മറ്റുള്ളോർക്ക് ചോര നാറുമോയെന്ന് കരുതിയിട്ട്.

പിന്നൊരിക്കലും ആ നശിച്ച വണ്ടിയിൽ കയറില്ലെന്ന് ശപഥമെടുത്തെങ്കിലും, ഗതികേടുകൊണ്ട് പിന്നെയും മൂന്നോ നാലോ വട്ടം കയറേണ്ടിവന്നിട്ടുണ്ട്. കല്ലടക്കെതിരെ നടപടിയെടുക്കുമ്പോ എന്നെപ്പോലെ ആയിരക്കണക്കിന് സ്ത്രീകൾ സന്തോഷിക്കുന്നുണ്ടാകും.

You might also like