കരയാത്ത പുരുഷന്മാര്‍ കരയുമ്പോള്‍ ഒരു കടല്‍ തന്നെ അവിടെ ഒഴുകും; ഡോക്ടറുടെ കുറിപ്പ് വൈറൽ..!!

75

സ്ത്രീകളെ പോലെ അല്ല ചില കാര്യങ്ങളിൽ ഒക്കെ പുരുഷന്മാർ, അവർ സങ്കടങ്ങൾ പലപ്പോഴും മനസിൽ കുഴിച്ചിടും, ആരും കാണാതെ, ആരോടും പങ്കുവെക്കാതെ, തകർന്ന് പോകുന്ന നിമിഷങ്ങളിൽ പോലും ഒരു ചെറു പുഞ്ചിരിയോടെ നേരിടും, അല്ലെങ്കിൽ ദേഷ്യം കാണിക്കും.

അമ്മയുടേയും പെങ്ങളുടെയും ഭാര്യയുടെയും ഒക്കെ വേദനയ്ക്ക് മുന്നിൽ നെഞ്ചിൽ പുകയുന്ന വേദന കാണിക്കാത്ത നിൽക്കുന്ന പുരുഷ ജനങ്ങൾ അവരെ കുറിച്ച് ഡോക്ടർ ഷിനു ശ്യാമളൻ എഴുതിയ കുറിപ്പ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

കുറിപ്പ് ഇങ്ങനെ,

ആണുങ്ങളെ അധികം കരഞ്ഞു കാണാറില്ല അല്ലെ? പക്ഷെ അവർ കരയുമ്പോൾ അവരുടെ നെഞ്ചിൽ എത്ര മാത്രം തീ പുകയുന്നുണ്ടാകും?

ഒ.പി യിൽ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. തോളിലെ തോർത്തിൽ കണ്ണുകൾ ഇടയ്ക്കിടയ്ക്ക് ഒപ്പുന്നുണ്ട്. ഭാര്യയുടെ കൈയ്യിലുള്ള വെളുത്ത തോർത്തു കൊണ്ട് അവർ മുഖം മൂടിയിട്ടുണ്ട്.

തൃശൂർ മെഡിക്കൽ കോളേജിലെ പേപ്പറുകളാണ് കൈയ്യിൽ. അവ എനിക്ക് നേരെ നീട്ടി. ഈ. എസ്.ഐ ആശുപത്രിയിൽ മെഡിക്കൽ ലീവ് എടുക്കാൻ വന്നതാണവർ. മെഡിക്കൽ റിപ്പോർട്ടിൽ “adenocarcinoma colon” എന്ന് എഴുതിയിട്ടുണ്ട്. ഭാര്യയുടെ വൻകുടലിൽ ക്യാന്സറാണ്.

വീട്ടിൽ ആരൊക്കെ ഉണ്ട് ഞാൻ ചോദിച്ചു

ഞാനും ഭാര്യയും മാഡം

മക്കൾ എന്ത് ചെയ്യുന്നു?

മക്കളില്ല

വീണ്ടും വിധിയുടെ ക്രൂരത. വാർധക്യത്തിലും.. ഏകാന്തതയുടെ തീച്ചൂളയിൽ എരിയുന്ന തീയിലേയ്ക്ക് വീണ്ടും തീനാളം പതിച്ചു കൊണ്ടേയിരുന്നു.

ഭാര്യ കരയുന്നേയില്ല. മരവിച്ച മനസ്സുമായി അവർ എന്റെ അടുത്തു ഇരിപ്പുണ്ട്. പക്ഷെ ഭർത്താവിന്റെ കണ്ണുകളിൽ നിന്ന് നിറഞ്ഞു ഒഴുകുന്ന ചാലിനെ എനിക്ക് അടയ്ക്കുവാൻ സാധിച്ചില്ല.

കരയേണ്ട, അസുഖം ഒക്കെ മാറില്ലേ? എല്ലാം ശെരിയാകും

എന്നു പറഞ്ഞു ലീവ് എഴുതി കൊടുത്തപ്പോൾ ഭാര്യ ഡോർ തുറന്ന് പുറത്തേയ്ക്ക് പോയി. അദ്ദേഹം ആരും കാണാതെയിരിക്കുവാൻ എന്റെ മുന്നിൽ ആ കണ്ണുകൾ തുടച്ചതിന് ശേഷം ചിരിച്ചു കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി. മറ്റുള്ളവരുടെ മുൻപിൽ ആണുങ്ങൾ ചിരിക്കും. ഉള്ളിൽ കരഞ്ഞുകൊണ്ട് അവർ ചിരിക്കും.

ഇത്രയും ഭാര്യയെ സ്നേഹമുള്ള ഭർത്താവിനെ അവർക്ക് ലഭിച്ചില്ലേ. കരയാത്ത പുരുഷന്മാർ കരയുമ്പോൾ ഒരു കടൽ തന്നെ അവിടെ ഒഴുകും. ആ കടലിനെ തടുക്കുവാൻ ആർക്കും സാധിക്കില്ല.

അവർ വേഗം സുഖം പ്രാപിക്കട്ടെ.

ഡോ. ഷിനു ശ്യാമളൻ

https://www.facebook.com/1172566539/posts/10215883475697777/?app=fbl