ബസിന് മുകളിൽ കയറി നിന്ന് ആളുകളെ വിളിച്ചുകൂട്ടുകയാണ് ലാലേട്ടൻ; ആളും ബഹളവുമില്ലാത്തത് കൊണ്ട് ഒരു മനുഷ്യനായി ആഘോഷിക്കുകയായിരുന്നു അദ്ദേഹം; കശ്മീർ അനുഭവത്തെ കുറിച്ച് മേജർ രവി..!!

52

ചെറിയ ചെറിയ വേഷങ്ങളിൽ കൂടി നിരവധി സിനിമയിൽ മേജർ രവി ഉണ്ടായിരുന്നു എങ്കിൽ കൂടിയും അദ്ദേഹത്തിന്റെ ക്രാഫ്റ്റ് മലയാളികൾ മനസിലാക്കിയത് മോഹൻലാലിനെ നായകനാക്കി കീർത്തി ചക്ര എന്ന പട്ടാള സിനിമ എടുത്തതിൽ കൂടിയായിരുന്നു.

മോഹൻലാലിനൊപ്പം നിരവധി സിനിമകളിൽ അഭിനയിക്കുകയും കീർത്തിചക്ര കർമ്മയോദ്ധ കുരുക്ഷേത്ര ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടും ഉണ്ട് മേജർ രവി. കീർത്തിചക്രയും കർമ്മയോദ്ധയും ഷൂട്ട് ചെയ്തത് കാഴ്മീരിൽ ആയിരുന്നു. അന്ന് ഉണ്ടായ ഒരു അനുഭവം ആണ് മേജർ രവി കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവം ഇങ്ങനെ,

ലാലേട്ടന്റെ കൂടെ ഇവിടുത്തേക്കാള്‍ കാശ്മീരിലൊക്കെയാണ് ഒരുമിച്ച് യാത്ര ചെയ്തിട്ടുള്ളത്. ട്രെയിനിംഗിനായി പോകുന്ന സമയത്തെല്ലാം മിലിട്ടറി വണ്ടികളില്‍ പോകുമ്പോള്‍ പലപ്പോഴും ഒരു കുട്ടിയുടെ ലാഘവത്തോടു കൂടിയിരിക്കുന്ന ലാലേട്ടനെയാണ് ഞാന്‍ കണ്ടിട്ടുള്ളത്.

ഓടിക്കുന്ന ഡ്രൈവറില്‍ മൂപ്പര്‍ക്ക് ഒരു കോണ്‍ഫിഡന്‍സ് വന്നു കഴിഞ്ഞാല്‍ പിന്നെ ഹീ ഈസ് ടോട്ടലി റിലാക്‌സ്ഡ്. പലയിടത്തും വണ്ടികള്‍ നിറുത്തി ചെറിയ ചായക്കടയില്‍ നിന്നൊക്കെ ചായ കുടിച്ചിട്ടുണ്ട് ഞങ്ങള്‍. അറിയുന്നവരായിട്ട് അവിടെ ആരുമില്ലല്ലോ? സെല്‍ഫിക്കാളില്ല വലിയ ബഹളമില്ല. അങ്ങനെ മൂപ്പരുടെ ഒരു ഫ്രീഡം ഞാന്‍ കണ്ടിട്ടുണ്ട്. അതുപോലെ ഒരു പ്രാവശ്യം ഞങ്ങള്‍ കുരുക്ഷേത്ര കഴിഞ്ഞു വരുന്ന സമയത്ത്.

ഞാനും ലാലേട്ടനും കൂടി ദ്രാസ് എന്നു പറയുന്ന സ്ഥലത്ത് എത്തിയപ്പോള്‍ ചായ കുടിക്കാനിറങ്ങി. അവിടെ ഒരു ചെറിയ ബസ്റ്റ് സ്റ്റാന്റുണ്ട്. ചെറിയ ചെറിയ മിനി ബസുകളാണവിടെ. ലാലേട്ടന്‍ വണ്ടീന്ന് ഇറങ്ങി ഓടി ബസ്റ്റാന്റിനകത്തേക്ക് കയറി. എന്നിട്ട് ഒരു വണ്ടിടെ മുകളില്‍ കയറി അങ്ങ് ഷൗട്ട് ചെയ്യാന്‍ തുടങ്ങി. മൂപ്പര് മലയാളത്തിലാണ് വിളിച്ചു പറയുന്നത്. ആര്‍ക്കും ഒരു പിടിയും കിട്ടുന്നില്ല. ബസിലേക്ക് ആളെ വിളിച്ചു കയറ്റുകയായിരുന്നു മൂപ്പര്‍.