നാളെ നിനക്ക് കടിക്കാൻ അമ്മച്ചിയുടെ അമ്മിഞ്ഞ കാണില്ലെടാ മുത്തേ; ഒരമ്മയുടെ വേദനയുടെ നൊമ്പരത്തിന്റെ കഥ..!!

329

അമൃതം
രചന:അച്ചു വിപിൻ

കണ്ടോ അച്ചായാ പാല് കുടിക്കാതെ ഈ ചെക്കൻ അമ്മിഞ്ഞയിൽ പിടിച്ചു കടിച്ചു കൊണ്ടിരിക്കുന്നത്….അവന് വേണ്ട എന്നാലും പിടി വിടണില്ല… കളിക്കാതെ ഒന്ന് വിടണ്ടോ ചെക്കാ നീ …..

അവൻ കളിക്കട്ടന്നമ്മേ…. അല്ലേലും അതാവനവകാശപ്പെട്ടതല്ലേ…
ഞാൻ അറിയാതെ വന്ന ചിരി കടിച്ചമർത്തിക്കൊണ്ടത് പറയുമ്പോൾ കുഞ്ഞിപല്ലിന്റെ കടികൊണ്ട വേദനയിൽ ഈരേഴു പതിനാലു ലോകവും കാണുകയായിരുന്നവൾ ….

ഒരു ബലപ്രയോഗത്തിലൂടെ അവന്റെ വായിൽ ഇരുന്ന അമ്മിഞ്ഞ തെല്ലു ദേഷ്യത്തോടെ വലിച്ചെടുത്തു നൈറ്റിയുടെ ഹുക് ഇട്ടു ദേഷ്യത്തോടെ എന്റെ നേരെ നോക്കി കട്ടിലിൽ അവൾ എണീറ്റിരുന്ന സമയം കൊണ്ടവൻ കിടക്കയിൽ മുള്ളി……

ആഹാ ബെസ്റ്റ് …കണ്ടോ അച്ചായാ ഇവൻ ഇതു മനപൂർവം എന്നെ ദ്രോഹിക്കാൻ വേണ്ടിട്ടു തന്നെ ചെയ്യണത…ഇന്നിവൻ എന്നെ ഉറക്കത്തില്ല നേരം മണി മൂന്നായി കർത്താവെ ഇനി എത്ര നേരാന്നു വെച്ചാ ഒന്ന് കിടന്നുറങ്ങാ… ഞാൻ ഇവിടെ പകൽ വീട്ടിൽ ഇരിക്കുവാണെന്നു വെക്കാം അച്ചായന്റെ കാര്യം അതാണോ ഇനി എപ്പോ ഉറങ്ങീട്ടു ജോലിക്ക് പോകാനാ…ഞങ്ങടെ കൂടെ കിടക്കേണ്ട വേറെ മുറിയിൽ പോയി കിടക്കാൻ പറഞ്ഞ കേക്കില്ല …ഒരാൾക്കെങ്കിലും ഉറക്കം കിട്ടില്ലേ…അവൾ സ്ഥിരം പറയുന്ന പല്ലവി തുടർന്നു ……

പോട്ടെടി… വേറെ ഷീറ്റ് മാറി വിരിക്കാം ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു….

അലമാര തുറന്നു വേറെ ഷീറ്റു മാറ്റി വിരിച്ചു അവന്റെ മൂത്രതുണിയും മാറ്റി കുഞ്ഞു നിക്കറും ഇടീച്ചു അവൾ അവനെ കയ്യിൽ കിടത്തി അറിയാവുന്ന ഏതോ താരാട്ടു പാട്ട് പാടി അങ്ങോട്ടും ഇങ്ങോട്ടും എണീറ്റു നടന്നപ്പഴേക്കും ആളുറക്കം പിടിച്ചു..

അവൻ ഉറങ്ങി എന്നെന്റെ നേരെ നോക്കിയവൾ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു ….കുഞ്ഞു നെറ്റിയിൽ ഒരുമ്മ കൊടുത്തു സ്നേഹത്തോടെ എന്തോ പിറുപിറുത്തു കിടക്കയിലേക്കവനെ കിടത്തിയ ശേഷം എന്റെ അടുത്തേക്കവൾ ചേർന്ന് കിടന്നു…..

രാവിലെ മുതൽ രാത്രി വരെ അവന്റെ കാര്യവും വീട്ടികാര്യവും നോക്കി ഓടി നടക്കണ കൊണ്ടാവണം ക്ഷീണം കാരണം അവൾ പെട്ടെന്ന് തന്നെ ഉറങ്ങി പോയി….

ഞാൻ അവളുടെ മുടിയിൽ പതിയെ തലോടി…എന്റെ ഓർമ്മകൾ പിറകിലേക്ക് സൈക്കിൾ ചവിട്ടി ..രണ്ട് വർഷം മുൻപ് ഒരനാഥാലയത്തിൽ വച്ചാണ് അവളെ ഞാൻ ആദ്യമായി കാണുന്നത്…അവിടത്തെ കിണറ്റിൽ ഒരു മോട്ടോർ പിടിപ്പിക്കാൻ ചെന്നതായിരുന്നു ഞാൻ….കല പില കൂടി അവിടത്തെ കുട്ടികളുമായി കളിച്ചു നടന്ന അവളോട് മനസ്സിൽ എന്തോ ഒരിഷ്ടം തോന്നി …..മൂന്നു ദിവസം നീണ്ട പണി കഴിഞ്ഞു പോരാൻ നേരം അവളെ എനിക്ക് കെട്ടിച്ചു തരാമോ എന്നു അവിടത്തെ ഫാദറിനോട് ചോദിക്കുമ്പോൾ എന്നെ അറിയാവുന്ന ഫാദർ എതിരൊന്നും പറഞ്ഞില്ല…

അങ്ങനെ വലിയ ആർഭാടങ്ങൾ ഒന്നും ഇല്ലാതെ പത്തൊൻപതുകാരിയായ അന്നക്കുട്ടി എന്റെ മണവാട്ടിയായി… ഇന്ന് വരെ എന്നോട് ഒരു പരാതിയും പറഞ്ഞിട്ടില്ല..ഉള്ളത് കൊണ്ട് തൃപ്തി പെടുന്ന ഒരു ഭാര്യയെ ആണല്ലോ കർത്താവ്‌ തന്നതെന്നോർത്തപ്പോൾ തന്നെ മനസ്സിനൊരു സുഖം തോന്നി.

അങ്ങനെ ഓരോന്നോർത്തു ആ മുഖത്തേക്ക് നോക്കി കിടന്നെപ്പഴോ ഞാൻ ഉറങ്ങിപ്പോയി…..

അടുക്കളയിൽ പാത്രം വീഴുന്ന ശബ്ദം കേട്ടാണ് പിന്നീട് ഞാൻ കണ്ണ് തുറക്കുന്നത്..സൈഡിലേക്ക് നോക്കുമ്പോൾ അടുത്ത് തന്നെ മോൻ കിടന്നുറങ്ങുന്നുണ്ട്…അലഷ്യമായി കിടന്ന പുതപ്പെടുത്തവനെ പുതപ്പിച്ച ശേഷം ഞാൻ അടുക്കളയിലേക്കു പോയി…

ഞാൻ ചെന്ന് നോക്കുമ്പോൾ അവൾ അരിവാർക്കുകയായിരുന്നു…

ആഹാ അച്ചായൻ എണീറ്റോ കുറച്ചൂടെ കിടക്കായിരുന്നില്ലേ മണി എട്ടല്ലേ അയത്തൊള്ളൂ …ദേ അവിടെ ചായ വെച്ചിട്ടുണ്ട് എടുത്തു കുടിച്ചോട്ടോ ..

ഞാൻ പിറകിലൂടെ ചെന്നു കെട്ടിപ്പിടിച്ചവളുടെ കഴുത്തിൽ ഉമ്മ വെച്ചു …

അയ്യേ!! ഒന്നുവിടച്ചായ രാവിലെ തന്നാ ഒരു കിന്നാരം..ദേ ചൂട് കഞ്ഞി വെള്ളമാ മുന്നിൽ ഇരിക്കുന്നത്…

നിനക്ക് എന്നോട് ദേഷ്യോണ്ടോടി കൊച്ചേ …ഞാൻ അവളുടെ പിടിവിടാതെ തന്നെ ചോദിച്ചു…

ദേഷ്യോ?എന്നാത്തിന്‌ …അരിക്കലം മുട്ടിട്ടു കഴിഞ്ഞവൾ എന്റെ നേരെ തിരിഞ്ഞു നിന്നു…

അല്ല..ഞാൻ നിന്നെ കെട്യോണ്ട് പ്രസവശേഷം നിനക്ക് ഒരു സഹായത്തിനു പോലും ആരും ഇല്ലാതായില്ലെ ..മോൻ ഉണ്ടായി കഴിഞ്ഞു പതിനൊന്നാം ദിവസം തുടങ്ങിയ പണിയല്ലേ ഇത് ? നേരാം വണ്ണം ഒരു റസ്റ്റ്‌ പോലും കിട്ടിട്ടില്ല നിനക്ക്…

‘എന്റെ അമ്മച്ചി ജീവനോടെ ഉണ്ടായിരുന്നെങ്കിൽ’ എന്ന് വെറുതെ ആശിക്കുവാ ഞാൻ…

നീ ഇനി രാവിലെ എണീറ്റു ഇമ്മാതിരി പണിയൊന്നും ചെയ്യണ്ട…ഫുഡ്‌ ഞാൻ പുറത്തുന്നു കഴിച്ചോളാം….

അയ്യടാ പുറത്തുന്നു കഴിക്കാനോ അതിനീ അന്നക്കുട്ടി മരിച്ചു സ്വർഗത്തിൽ പോണം…പിന്നെ അച്ചായൻ എന്നെ കെട്ടിയ കൊണ്ട് സ്വപ്‌നങ്ങൾ ഒന്നും ഇല്ലാണ്ടിരുന്ന എനിക്ക് ഒടയ തമ്പുരാൻ ഒരു ജീവിതം തന്നു…

ഇനി മേലിൽ ഇമ്മാതിരി ചങ്കിൽ കൊള്ളണ വർത്താനം പറയരുത് …. അച്ചായൻ മാറിക്കെ അവൾ എന്നെ തള്ളി മാറ്റിക്കൊണ്ട് കറിക്കരിയാൻ പോയി…

ഒരുമാതിരി പെണ്ണ് തന്നപ്പോ…ഞാൻ അറിയാതെ പറഞ്ഞു പോയി…

ജീവിതത്തിന്റെ ഓരോ നല്ല നിമിഷങ്ങളും ബെല്ലും ബ്രേക്കുമില്ലാതെ പാഞ്ഞു പോയി… മോനു പത്തുമാസം പ്രായമായി എന്നത്തേയും പോലെ കുഞ്ഞിന് പാല് കൊടുത്തു കൊണ്ടിരിക്കുന്ന അവളുടെ കണ്ണുകൾ പതിവില്ലാത്ത വണ്ണം നിറഞ്ഞൊഴുകുന്നതു കണ്ടു…..

എന്ത് പറ്റി മോൻ കടിക്കുന്നുണ്ടോ? ഞാൻ ചോദിച്ചു …

അറിയില്ലിച്ചായ നെഞ്ചിൽ ഭയങ്കര വേദന മോൻ പാൽ കുടിക്കുമ്പോൾ സഹിക്കാൻ പറ്റണില്ല.തൊടുമ്പോ കല്ല് പോലെ തോന്നാ എനിക്കാണേൽ ഇപ്പൊ നല്ലോണം പാലുണ്ട് …ഇനി പാല് കെട്ടികിടന്നിട്ടാവോ വേദന ?

അറിയില്ല ….നല്ല വേദന ഉണ്ടേൽ നമുക്ക് നാളെ ഒരു ഡോക്ടറെ കാണിക്കാം…ഞാൻ പറഞ്ഞു…

പിറ്റേ ദിവസം അവളുമായി അടുത്തുള്ള ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോയി ..

സ്കാനിംഗ്,ടെസ്റ്റ്‌ ഇവ കഴിഞ്ഞ ശേഷം എന്നോട് മാത്രമായി ഡോക്ടർ അകത്തേക്ക് ചെല്ലാൻ പറഞ്ഞു…മനസ്സിൽ എന്തൊക്കെയോ വല്ലായ്ക എനിക്ക് തോന്നിയിരുന്നു …

ജോണി അല്ലെ …ഇരിക്കു….ഡോക്ടർ റിപ്പോർട്ട്‌ നോക്കി ഇരിക്കുവായിരുന്നു…

എന്താ ഡോക്ടർ ….എന്തേലും കുഴപ്പം ഉണ്ടോ?ഞാൻ വിക്കി വിക്കി ചോദിച്ചു..

കുഴപ്പം ഇല്ല എന്ന് ഞാൻ പറയുന്നില്ല.. കുഴപ്പം ഉണ്ട് …എനിക്ക് പറഞ്ഞെ പറ്റു ഇതെന്റ ജോലിയാണ്…നിങ്ങളുടെ ഭാര്യക്ക് സ്തനാർബുദമാണ്..നിർഭാഗ്യവശാൽ ഇത് അവരുടെ രണ്ട് സ്‌തനങ്ങളെയും ബാധിച്ചിട്ടുണ്ട്…

നോക്കു ജോണി അന്നക്കുട്ടി കുഞ്ഞിന് ഫീഡ് ചെയ്യുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് അത് നിർത്തണം കഴിയുമെങ്കിൽ ഇന്ന് തന്നെ…കാരണം കുഞ്ഞിനു അതു ദോഷം ചെയ്യും…Dont feel very bad.you know i am a doctor എനിക്ക് പറയാതിരിക്കാൻ വയ്യ…

‘ നിങ്ങളുടെ ഭാര്യയുടെ സ്‌തനങ്ങൾ ചിലപ്പോൾ മുറിച്ചു കളയേണ്ടി വരും’ രോഗം അത്രയ്ക്ക് മൂർച്ഛിച്ചിരിക്കുന്നു…നമുക്കിതല്ലാതെ വേറെ പോംവഴിയില്ല…

കർത്താവെ എന്ന് ഞാൻ വിളിച്ചു പോയി ….എന്റെ ശരീരം മൊത്തം തളർന്നു പോകുന്നത് പോലെ തോന്നി എനിക്ക്…

വിഷമിക്കാതിരിക്കു വേറെ ഒന്നും സംഭവിച്ചില്ലല്ലോ എന്ന് കരുതു…നിങ്ങൾ ഭാര്യയോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക…

അവളോട്‌ ഇതെങ്ങനെ പറയും എന്ന് എനിക്കൊരു രൂപവും ഇല്ലായിരുന്നു…വീട്ടിൽ എത്തുന്ന വരെ ഞാൻ അവളുടെ നേരെ നോക്കിയില്ല…

ഉറങ്ങുന്ന കുഞ്ഞിനെ കൊണ്ട് കിടത്തി അവൾ എന്റെ അരികിൽ വന്നു നിന്നു. എന്താ അച്ചായാ ഡോക്ടർ എന്താ പറഞ്ഞത് കഴിക്കാൻ മരുന്ന് വല്ലതും തന്നോ…അത് ഞാൻ കഴിക്കണ കൊണ്ട് മോനു വല്ല കുഴപ്പവുമുണ്ടോ?

പാലിന്റെ രുചി മാറിയ അവനറിയാട്ടാ പോരാത്തത്തിനു നല്ല കടിയും തരും… ഈയിടെയായി കുറുമ്പ് ഇത്തിരി കൂടുതലാ …

എനിക്കെന്നെ നിയന്ത്രിക്കാനായില്ല കൊച്ചു കുട്ടികളെ പോലെ ഞാൻ കരഞ്ഞു… അവളെ കെട്ടിപ്പിടിച്ചു ഉള്ള സത്യമെല്ലാം തുറന്നു പറഞ്ഞു…

എന്റെ കൈക്കുള്ളിലൂടെ ഊർന്നവൾ താഴേക്കിരുന്നു…
മോളെ എന്ന് വിളിച്ചു ഞാൻ അവളെ കോരിയെടുത്തു…

അവളെ ആശ്വസിപ്പിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.

അവൾ എന്നെ കെട്ടിപിടിച്ചുറക്കെ കരഞ്ഞു…അതു കേട്ടുകൊണ്ട് മോൻ ഞെട്ടിയുണർന്നു….

അവന്റെ കരച്ചിൽ കേട്ടവൾ അകത്തേക്കോടി… കട്ടിലിൽ കിടന്നു കരയുന്ന കുഞ്ഞിനെ വാരിയെടുത്തവൾ മടിയിൽ വെച്ചു…

കുടിക്കെടാ മോനെ പറ്റുന്നത്ര കുടിക്കു’ നാളെ നിനക്ക് കടിക്കാൻ അമ്മച്ചിയുടെ അമ്മിഞ്ഞ കാണില്ലെടാ മുത്തേ’…അവൾ ആവേശത്തോടെ അവനു പാൽ കൊടുത്തുകൊണ്ടിരുന്നു…

മുറിയിലേക്ക് ചെന്നപ്പോൾ കണ്ട ആ കാഴ്ച എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു…

ഞാൻ അവളുടെ അടുത്തേക്ക് ചെന്നു …. വേണ്ട അന്നക്കുട്ടി ആ പാല് മോനു കൊടുക്കണ്ട …കൊടുക്കരുതെന്ന ഡോക്ടർ പറഞ്ഞത് കൊടുത്താൽ കുഞ്ഞിന് ദോഷമാണ്…

ഞെട്ടി വിറച്ചവൾ കുഞ്ഞിന്റെ വായിൽ നിന്നും മുലകൾ വലിച്ചെടുത്തു ..അവളുടെ മുലയിൽ നിന്നും പാലൊഴുകി വന്നു അത് കുടിക്കാൻ വേണ്ടി അലറി കരഞ്ഞു കൊണ്ട് വാ പൊളിക്കുന്ന മോന്റെ മുഖം കാണാനാകാതെ ഞാൻ കണ്ണ് പൊത്തി….

കർത്താവെ എന്തൊരു പരീക്ഷണമാണിത്….

ദുർഘടം പിടിച്ച ദിവസങ്ങളിലൂടെയാണ് ഞങ്ങൾ കടന്നു പോയതു . മോനെ പശുവിന്റെ പാൽ കുടിപ്പിക്കാൻ വേണ്ടി ഒരുപാട് പാടുപെട്ടു..നിറയെ പാലുണ്ടായിട്ടും കുഞ്ഞിന് കൊടുക്കാൻ കഴിയാതെ അത് പിഴിഞ്ഞ് കളയുമ്പോൾ വേദന സഹിക്കാൻ കഴിയാതെ അവൾ ഉറക്കെ കരയുമായിരുന്നു…എന്ത് തെറ്റ് ചെയ്തിട്ടാണ് ഇതൊക്കെ അനുഭവിക്കേണ്ടി വരുന്നത് എന്ന് പലപ്പഴും ഞാൻ ചിന്തിച്ചു… ആ ചിന്തകൾ എന്നെ പ്രാന്ത് പിടിപ്പിച്ചു…

ഡോക്ടർ ഓപ്പറേഷൻ തീയതി കുറിച്ച് തന്നു…മനസ്സില്ലെങ്കിലും അവൾ അതിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു ….

കുഞ്ഞിനേം മാറോടു ചേർത്ത് തനിച്ചു നിൽക്കുന്ന അവസ്ഥയിൽ സഹായത്തിനു പോലും ആരും ഇല്ലല്ലോ കർത്താവെ എന്ന് വേവലാതിപ്പെട്ടിരുന്ന എന്റെ അടുക്കലേക്കു ഫാദറിന്റെ നിർദ്ദേശപ്രകാരം അനാഥാലയത്തിൽ പണിക്കു നിന്ന മറിയ ചേട്ടത്തി മാലാഖയെ പോലെ അവതരിച്ചു …മോനെ അവർ പൊന്നു പോലെ നോക്കുന്നതെനിക്ക് വലിയൊരു ആശ്വാസമിയിരുന്നു …

പറഞ്ഞ ദിവസം തന്നെ അവളുടെ ഓപ്പറേഷൻ കഴിഞ്ഞു ……അവളുടെ ആ കിടപ്പു കണ്ടെന്റെ ചങ്കു പിടഞ്ഞു…

ഡിസ്ചാർജ് ചെയ്തു വീട്ടിൽ വന്നു കണ്ണാടിയിൽ നോക്കി ഏങ്ങലടിച്ചവൾ കരഞ്ഞു…കുഞ്ഞിനെ കട്ടിലിൽ കിടത്തി ഞാൻ അവളുടെ അടുത്തേക്ക് ചെന്നു…അച്ചായാ എന്നുറക്കെ വിളിച്ചവൾ എന്നെ കെട്ടിപ്പിച്ചു….

കരഞ്ഞോടി …. മതിയാവുന്ന അത്രേം കരഞ്ഞോ പക്ഷെ അതിന്നു തീരണം …..

നിന്റെ മനസ്സ് പതിവില്ലാത്ത വിധം പലവഴിയിലൂടെയും സഞ്ചരിക്കുന്നുണ്ടെന്നെനിക്കറിയാം.ഒന്നോർത്തു നോക്കിക്കേ കുറച്ച് നാളാണെങ്കിലും നമ്മടെ മോന് പാല് കൊടുക്കുവാനുള്ള ഭാഗ്യം നിനക്ക് കിട്ടിയില്ലേ മോളെ ……

പിന്നെ അച്ചായൻ വേറൊരു കാര്യം കൂടി പറയട്ടെ മുലകൾ നഷ്ടപ്പെട്ടതോടെ നിന്റെ സൗന്ദര്യം പോയി അതുകൊണ്ട് ഇനി നിന്നോടുള്ള എന്റെ സ്നേഹം കുറഞ്ഞുപോകും നിന്നെ ഞാൻ വെറുക്കും എന്നൊക്കെ വല്ല ദുർചിന്തയും മനസ്സിലുണ്ടേൽ അതും അങ്ങ് ഉപേക്ഷിച്ചേക്കണേടി മോളെ .

ഒക്കെ ശരിയാണ് നീ ചെറുപ്പമാണ് നിനക്ക് നിന്റെ ശരീരത്തിലെ സുന്ദരമായ അവയവങ്ങളാണു നഷ്ടമായത്..

അന്നമ്മേ ഞാൻ കേവലം നിന്റെ ശരീരത്തിന്റെ ഒരു ഭാഗത്തുള്ള ആ അവയവങ്ങളെയല്ല മറിച്ചു നിന്നെയാണ് സ്നേഹിക്കുന്നത്… കർത്താവ് വേറെ ആപത്തൊന്നും വരുത്താതെ നിന്നെ എനിക്കും മോനും തിരിച്ചു തന്നല്ലോ അത് തന്നെ ഭാഗ്യം എന്ന് കരുതുന്നവൻ ആണ് ഞാൻ…

‘ആ കണ്ണുകൾ തുടയ്ക്കു ഇനിയത് നിറയാൻ ഞാൻ സമ്മതിക്കത്തില്ല’….

അവൾ കണ്ണുനീർ തുടച്ചെന്റെ മുഖത്തേക്ക് നോക്കി പതിയെ ചിരിച്ചു …ആ ചിരിക്കപ്പോൾ മുൻപില്ലാത്തത്ര ഭംഗിയായിരുന്നു….

NB:ജീവിതത്തിൽ വലിയ പ്രതിസന്ധികൾ ഉണ്ടാകും ഭായ് ….എന്നാൽ പ്രതിസന്ധികളിൽ തളരാൻ വിടാതെ അതനുഭവിക്കുന്നവരുടെ നേരെ നീട്ടുന്ന പ്രിയപ്പെട്ടവരുടെ കരങ്ങൾ അവർക്കു നൽകുന്നത് ജീവിക്കാനുള്ള പുതിയ പ്രതീക്ഷകളായിരിക്കും….

ശുഭം

You might also like