ആ വാഹനങ്ങളുടെ ഒന്നും ഉടമ ഞങ്ങളല്ല, കാണുമ്പോൾ വിഷമമുണ്ട്; മണിയുടെ അനിയന്റെ കുറിപ്പ്..!!

46

കലാഭവൻ മണി എന്ന മണി കിലുക്കം നിലച്ചിട്ട് മൂന്ന് വർഷം പിന്നിടുന്ന വേളയിൽ ആണ് ഒരു ആരാധിക, കലാഭവൻ മണിയുടെ വാഹനങ്ങൾ നശിച്ചു പോകുന്നത് കണ്ട് വിഷമം ഉണ്ടെന്നും ആർക്കും ആവശ്യം ഇല്ല എങ്കിൽ ലേലത്തിന് വെച്ചാൽ അദ്ദേഹത്തിന്റെ ആരാധകർ അത് വാങ്ങി പൊന്നുപോലെ സൂക്ഷിക്കും എന്നുള്ള വൈറൽ കുറിപ്പ് എത്തിയത്. അതിന് മറുപടി കുറിപ്പുമായി ഇപ്പോൾ ആർ എൽ വി രാമകൃഷ്ണൻ എത്തിയിരിക്കുകയാണ്.

കുറിപ്പ് ഇങ്ങനെ,

പ്രിയ സ്നേഹിതരെ, കുറച്ച് നാളായി സോഷ്യൽ മീഡിയയിലൂടെ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാകാതെ പാഡിയെ കുറിച്ചും മണി ചേട്ടന്റെ വണ്ടികളെ കുറിച്ചും ഉള്ള പരാമർശങ്ങൾ കാണാനിടയായി. പാഡിയുടെ കാര്യത്തിലും വണ്ടികളുടെ കാര്യത്തിലും മണി ചേട്ടന്റെ സ്മൃതി കൂടാരം തുറന്നിട്ടാത്ത കാര്യത്തിലും എന്നെയും കൂടി കുറ്റപെടുത്തുന്ന രീതിയിലുള്ള ഫേയ്സ്ബുക്ക് പോസ്റ്റുകൾ കണ്ടിരുന്നു. ഈ കാര്യത്തിൽ ഞാൻ നിസ്സാഹായനാണ്. കാരണം ഇതിന്റെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് തീർച്ചയായും അതിന്റെ ഉടമസ്ഥാവകാശം ഉള്ളവരാണ്. അതല്ലാതെ എനിക്ക് അതിന് കഴിയുകയില്ല. ഇതിന്റെയെല്ലാം ഉടമസ്ഥവകാശം എന്നിലാണെന്ന് തെറ്റായി ധരിച്ചിരിക്കുന്ന ഒരു പാട് ആളുകൾ ഉണ്ട്. സത്യം തുറന്നു പറയട്ടെ ഞങ്ങളുടെ മാതാപിതാക്കൾ വിയർപ്പൊഴുക്കി ഉണ്ടാക്കിയ 5 സെന്റ് സ്ഥലത്തിലാണ് ( തറവാട് ) ഞാൻ താമസിക്കുന്നത്. മറ്റൊരു സ്വത്തും ഞാനല്ല കൈകാര്യം ചെയ്യുന്നത്; അത് അതിന് അർഹതപ്പെട്ട അവകാശികളിൽ തന്നെയാണ് ഉടമസ്ഥവകാശം ഉള്ളത്. സോഷ്യൽ മീഡിയയിലൂടെ കുപ്രചരണങ്ങൾ ഏറുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ എഴുതേണ്ടി വന്നത്. മണി ചേട്ടൻ മരിച്ച നാൾ മുതൽ തുടങ്ങിയതാണ് ഇത്തരം കുപ്രചരണങ്ങൾ.

പാഡിയിൽ സ്മാരകം വേണമെന്നും, മണി ചേട്ടന്റെ സ്മൃതി കുടീരം ജനങ്ങൾക്കായി തുറന്നിടണമെന്നു തന്നെയാണ് കുന്നിശ്ശേരി തറവാട്ടിലെ ഞങ്ങളുടെയെല്ലാം ആഗ്രഹം. അത് ബന്ധപ്പെട്ട അവകാശികളോട് ആവശ്യപെട്ടിട്ടുണ്ട്. വണ്ടികളുടെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഞാനല്ല. ഓട്ടോറിക്ഷയുടെ കാര്യമാണ് ഈ അടുത്ത് സോഷ്യൽ മീഡിയയിൽ ഏറെ കുപ്രചരണങ്ങൾ ഏറിയത്. ഈ ഓട്ടോറിക്ഷ മണി ചേട്ടൻ ഞങ്ങളുടെ മൂത്ത സഹോദരന്റെ മകന് വാങ്ങി കൊടുത്തതാണ്.

ഇത് മണി ചേട്ടൻ ഉപയോഗിച്ചിരുന്ന വണ്ടിയല്ല. ഒരു മ്യൂസിക്ക് ആൽബത്തിൽ ഇത് മണി ചേട്ടൻ ഉപയോഗിച്ചിട്ടുണ്ട്. മണി ചേട്ടൻ ഉപയോഗിച്ച വണ്ടികൾ പണ്ടത്തെ ലാബർട്ട വണ്ടിയാണ്. മണി ചേട്ടന് സ്വന്തമായി ഓട്ടോ ഉണ്ടായിരുന്നില്ല. മറ്റുള്ളവരുടെ വണ്ടിയാണ് മണി ചേട്ടൻ ഓടിച്ചിരുന്നത്. സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച ഓട്ടോറിക്ഷ മണി ചേട്ടൻ സഹോദരന്റെ മകന് വാങ്ങി കൊടുത്ത ഓട്ടോറിക്ഷ നേരത്തെ തന്നെ ഓടിപ്പിക്കാൻ കഴിയാതെ കിടക്കുകയായിരുന്നു. അതിനിടയിലാണ് പ്രളയം ആ വീടിനെയടക്കം മുക്കി കളഞ്ഞത്. പ്രളയത്തിൽ മൂത്ത സഹോദരന്റെ വീട് മുങ്ങുകയും വീട് ഒട്ടും തന്നെ താമസ യോഗമല്ലാതാവുകയും അവർ ക്യാമ്പിലേക്ക് താമസം മാറ്റുകയും ചെയ്തു. ആ വീടിന്റെ മുൻപിലാണ് ഈ ഓട്ടോ കിടന്നിരുന്നത്. എന്നാൽ ആ വീടിന്റെ അവസ്ഥയോ, വീട്ടുകാരെയോ കുറിച്ച് ആരും അന്വേഷിച്ചില്ല. ഇന്നും ആ വീട് പുതുക്കി പണിയാൻ സാധിച്ചിട്ടില്ല. മൂത്ത സഹോദരന്റെ കുടുംബം ഇപ്പോൾ മണി ചേട്ടൻ പണിയിച്ച കലാഗൃഹത്തിലാണ് താമസം. അതിനിടയിലാണ് ഈ കുപ്രചരണങ്ങൾ സോഷ്യൽ മീഡിയ വഴിനടത്തുന്നത്. ഒരു കാര്യം തുറന്നു പറയട്ടെ ഞങ്ങൾ സാമ്പത്തികമായി ഏറെ പുറകിൽ നിൽക്കുന്നവരാണ്. മണി ചേട്ടൻ മാത്രമായിരുന്നു ഞങ്ങളുടെ ആശ്വാസം. മണി ചേട്ടന്റെ തണലിൽ ആണ് ഞങ്ങൾ ജീവിച്ചത്. കാര്യങ്ങൾ അറിഞ്ഞ് മാത്രം കുപ്രചരണങ്ങൾ നടത്തുക. ചാലക്കുടിയിൽ വന്ന് ഒരു ഫോട്ടോ എടുത്ത് ആളാവാൻ വേണ്ടി അവനവന് തോന്നുന്ന രീതിയിൽ പ്രചാരണം നടത്താതിരിക്കുക. സത്യം വദ, ധർമ്മം ചര.

പ്രിയ സ്നേഹിതരെ, കുറച്ച് നാളായി സോഷ്യൽ മീഡിയയിലൂടെ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാകാതെ പാഡിയെ കുറിച്ചും മണി ചേട്ടന്റെ…

Posted by Rlv Ramakrishnan Ramakrishnan on Monday, 11 March 2019

You might also like