ഓടി അകത്ത് കയറി നോക്കിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുകയാണ് പതിനെഴുകാരൻ; ഷിംന അസീസിന്റെ കരൾ ഭേദിക്കുന്ന കുറിപ്പ്..!!

27

വാഹനങ്ങൾ, അതിൽ നിന്നുള്ള അപകടങ്ങൾ ചിലപ്പോഴൊക്കെ അത് തീരാ വേദനയായി മാറും, ആരോടും പരിതപിക്കാൻ പോലും കഴിയാത്ത വേദങ്ങൾ, ഉറ്റവർ അല്ലെങ്കിൽ ആരും അല്ലാത്തവർ ആണെങ്കിൽ പോലും അവരെ രക്ഷിക്കാൻ കഴിയാത്ത ഓരോ ആശുപത്രി ജീവനക്കാരന്റെയും വേദന നിങ്ങൾ ഒരിക്കൽ എങ്കിലും തീർച്ചറിഞ്ഞിട്ടുണ്ടോ, രോഗിക്ക് എന്തെങ്കിലും സംഭവിച്ചാൽ, ഡോക്ടറെയും ജീവനക്കാരെയും തല്ലുകയും തെറിവിളിക്കുകയും ഒക്കെ മാത്രം, പക്ഷെ ഒരിക്കൽ എങ്കിലും നിങ്ങൾ അവരുടെ വേദന കണ്ടിട്ടുണ്ടോ, ഡോക്ടർ ഷിംന അസീസിന്റെ കരൾ ഭേദിക്കുന്ന കുറിപ്പ് വായിക്കാം

തുടക്കംതൊട്ടേ പിഴച്ച ഒരു ദിവസമായിരുന്നു. വൈകിയുണർന്നു. ആകെ തിരക്ക്‌ കൂട്ടി, തുള്ളിപ്പിടച്ച്‌.

ഓപിയിൽ എത്തിയപ്പോഴാണ്‌ കണ്ണട എടുക്കാൻ മറന്നതോർത്തത്‌. ഫോൺ ചാർജ്‌ ചെയ്യാനും വിട്ട്‌ പോയിരുന്നു. ഓട്ടോയിൽ അഞ്ച് മിനിറ്റ്‌ കൊണ്ട്‌ പോയിട്ട്‌ വരാനുള്ള ദൂരമേയുള്ളൂ വീട്ടിലേക്ക്‌. ടീ ബ്രേക്കിൽ ഓടിപ്പോയി കണ്ണടയും ചാർജറും എടുത്തിട്ട്‌ വരാമെന്ന്‌ കരുതി കാഷ്വാലിറ്റിക്കടുത്തുള്ള ഓട്ടോസ്‌റ്റാൻഡ്‌ ലക്ഷ്യമാക്കി നടന്നു.

നടക്കുന്നതിനിടയിൽ സെക്കന്റ്‌ കസിൻ മുന്നിലേക്ക്‌ കടന്നു വന്നു. ആളുടെ ഭാര്യാബന്ധു ബൈക്ക്‌ ആക്‌സിഡന്റായി അകത്ത്‌ കിടപ്പുണ്ടെന്ന്‌ പറഞ്ഞു. വേറെ എങ്ങോട്ടേലും കൊണ്ട്‌ പോകണോ എന്ന്‌ നോക്കി പറയാമോ എന്ന്‌ വല്ലാത്ത വേവലാതിയോടെ ചോദിച്ചു. ഓടി അകത്ത്‌ കയറി നോക്കിയപ്പോൾ രക്‌തത്തിൽ കുളിച്ച്‌ കിടക്കുകയാണ്‌ പതിനേഴുകാരൻ. ദേഹമാസകലം കുഴലുകളുമായി അവനെ രക്ഷിക്കാൻ ഡോക്‌ടർമാരും സ്‌റ്റാഫും കിണഞ്ഞ്‌ പരിശ്രമിക്കുന്നുണ്ട്‌. കാഷ്വാലിറ്റി ഡ്യൂട്ടിയുള്ള സുഹൃത്തായ ഡോക്‌ടർ മുഖത്തേക്ക്‌ തിരിഞ്ഞ്‌ നോക്കി ‘expired’ എന്ന്‌ മാത്രം പറഞ്ഞു. എന്റെ പിറകിലെ അടഞ്ഞ വാതിലിനപ്പുറത്ത്‌ വിവരമറിയാൻ എന്നെ കാത്ത്‌ ആരൊക്കെയോ !

നീണ്ടൊരു വര മാത്രമെഴുതിയ ചലനമറ്റ ഇസിജി രേഖയുമായി അവർക്ക്‌ മുന്നിലേക്ക്‌ വിവരം പറയാനിറങ്ങി. രാവിലെ സ്‌കൂളിലേക്ക്‌ ഇറങ്ങിയ മോനാണ്‌. ബന്ധുക്കൾ ഒന്നടങ്കം കരയുകയാണ്‌. രണ്ട്‌ പേരെ വിളിച്ച്‌ നെഞ്ചിനുള്ളിലെ സംഘർഷം മറച്ച്‌ വെച്ച്‌ വിവരം പറഞ്ഞു. പരസ്‌പരം കെട്ടിപ്പിടിച്ചു കരയുന്നവരെ കണ്ട്‌ പല തവണ കണ്ണ്‌ നിറഞ്ഞത്‌ എങ്ങനെയോ മറച്ചു പിടിച്ചു. ഡോക്‌ടർമാരും നേഴ്‌സുമാരുമെല്ലാം അങ്ങോട്ടുമിങ്ങോട്ടും നോക്കി നെടുവീർപ്പിടുന്നുണ്ട്.

തിരിച്ച്‌ മുറിക്കകത്ത്‌ കേറി. ഡ്രസിംഗ്‌ റൂമിലെ ചേട്ടൻമാര്‌ അവന്റെ ദേഹം വൃത്തിയാക്കുന്നു. അവരുടെയെല്ലാം മുഖം മ്ലാനമാണ്‌. നിറയേ ഒടിവുകളുള്ള ശരീരം വല്ലാതെ ബ്ലീഡ്‌ ചെയ്യുന്നുണ്ടായിരുന്നു. വാരിയെല്ലുകൾ പൊട്ടിയ നെഞ്ചകവും കവിളും ചുണ്ടും മൂക്കും ചോരയൊലിക്കുന്നത്‌ തുടച്ച്‌ പഞ്ഞി വെച്ച്‌ കെട്ടുന്നതിനിടക്ക്‌ എന്റെ വസ്‌ത്രവും അങ്ങിങ്ങ്‌ ചുവക്കുന്നുണ്ടായിരുന്നു. ജീവനോടെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആ പ്ലസ്‌ടുക്കാരനെ അവസാനയാത്ര അയക്കാനായിരുന്നോ സാധാരണ പോകാറുള്ള ആശുപത്രി കവാടത്തിനടുത്തെ ഓട്ടോ സ്‌റ്റാൻഡിൽ പോകാതെ ഞാൻ മറുപുറത്തൂടെ ഇറങ്ങിയത്‌? കാഷ്വാലിറ്റി ഡ്യൂട്ടി ഇല്ലാത്ത ആളായിട്ടും. നിയോഗങ്ങൾ !

മുക്കാൽ മണിക്കൂറോളം അവനോടൊപ്പം ചിലവഴിച്ച്‌ മോർച്ചറിയിലേക്ക്‌ യാത്രയാക്കി. മനസ്സ്‌ മരവിച്ച്‌ ഇറങ്ങുമ്പോൾ അവന്റെ മാഷമ്മാരും യൂണിഫോമിട്ട സഹപാഠികളും ആധി പിടിച്ച്‌ ഓടിവരുന്നത്‌ കണ്ടു. അവർ ചോദിച്ചപ്പോൾ ഒന്നും മിണ്ടാനാകാതെ മോർച്ചറിക്ക്‌ നേരെ വിരൽ ചൂണ്ടി റോഡ്‌ മുറിച്ച്‌ കടന്ന്‌ ഓട്ടോയിൽ കയറി. എങ്ങനെയോ വീട്ടിലെത്തി, മുഖം കഴുകി, കൈ കഴുകി, ചുരിദാറിന്റെ ടോപ്പ്‌ മാറി വേറെയിട്ടു. തിരിച്ച്‌ പോന്നു.

മറ്റൊരാളുടെ കൂടെ ബൈക്കിനു പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്നു അവൻ. എതിരെ വന്ന വാഹനത്തിലോ മറ്റോ വസ്ത്രം കുടുങ്ങിയെന്നും, അതല്ല വളവിൽ കാണാതെ മറ്റൊരു വാഹനം ഇടിച്ചതാണെന്നും കേട്ടു, കൂടുതലറിയാൻ നിന്നില്ല. തിരിച്ച്‌ കാഷ്വാലിറ്റി വഴി കയറിയതുമില്ല. ആരെയും കാണാൻ വയ്യ. എന്നെന്നേക്കുമായി അവനുറങ്ങിയല്ലോ.

തുടക്കംതൊട്ടേ പിഴച്ച ഒരു ദിവസമായിരുന്നു. വൈകിയുണർന്നു. ആകെ തിരക്ക്‌ കൂട്ടി, തുള്ളിപ്പിടച്ച്‌…ഓപിയിൽ എത്തിയപ്പോഴാണ്‌…

Posted by Shimna Azeez on Tuesday, 22 January 2019