അവൾക്ക് അസഹനീയമായ വേദന, പ്രസവത്തിന് മുമ്പ് തലകറക്കവും ഛർദ്ദിയും, ഇപ്പോൾ ഇതും; മനസിൽ തട്ടിയ കുറിപ്പ്‌..!!

90

മോള്‍ക്ക് അമ്മയോടാകുമോ അച്ഛനോടാകുമോ കൂടുതല്‍ സ്നേഹം?

കുഞ്ഞിനെ കുളിപ്പിച്ചോണ്ടിരുന്ന ഭാര്യയോട് ചോദിച്ച ചോദ്യമാണ്.

ഉടനടി അവള്‍ ഉത്തരം നല്കി.

അതിപെന്ത ഇത്ര സംശയം അമ്മയോട് തന്നെ, നിങ്ങള്‍ക്കും അങ്ങനെ തന്നെയല്ലെ
ശരിയായിരിക്കും ഞാനും അങ്ങനെ തന്നെയാണെല്ലോ.

അവള്‍ ഏഴാം മാസം ഗര്‍ഭിണിയായിരിക്കുന്ന രാത്രിയില്‍ എന്നെ ഉറക്കത്തില്‍ നിന്നും തട്ടിയുണര്‍ത്തി.

“ചേട്ടാ ദേ കുഞ്ഞു ചവിട്ടുന്നു, നന്നായി ചവിട്ടുന്നു”

ഞാന്‍ ചാടി എണീറ്റു.

“ദേ തൊട്ടു നോക്കൂ”

ഞാന്‍ അവളുടെ വയറ്റില്‍ മെല്ലെ തൊട്ടു, ശരിയാണ് കുഞ്ഞു ചവിട്ടുന്നത് നന്നായി അറിയാം. രണ്ടാള്‍ടേയും മുഖത്ത് സന്തോഷം ആളികത്തി. അവളെ ഞാന്‍ ചേര്‍ത്തുപിടിച്ചു, പുലരുവോളം ഒരേ സ്വപ്നത്തിലേക്ക്.

ഒരു ദിവസം കുളി കഴിഞ്ഞ് ഇറങ്ങവെ പടിക്കല്‍ ഞാന്‍ കാല്‍ വഴുതി വീണു. അസഹനീയമായ വേദനയില്‍ ഒച്ച വെച്ചു, നടുവിനു കൈതാങ്ങി അവള്‍ വേഗം വന്നു. അവള്‍ എന്നെ എഴുന്നേല്‍പിക്കാന്‍ ശ്രമിച്ചു. ഞാന്‍ കൈ തട്ടിമാറ്റി, വേണ്ട ഞാന്‍ തനിയെ എണീറ്റോളാം.

അവള്‍ എന്റെ തോളില്‍ കൈ താങ്ങി എന്നെ എഴുന്നേല്‍പ്പിച്ചു. അവള്‍ പല്ലു മുറുകെ കടിച്ചു പിടിക്കുന്നുണ്ടായിരുന്നു.

ഏഴാം മാസം കഴിഞ്ഞ് അവളെ വീട്ടുകാര്‍ അവളുടെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. കുടിലില്‍ ഞാന്‍ തനിച്ചായി. അവളെ ഒരു നിമിഷം പോലും പിരിയാനൊക്കാതെ മനസ്സ് അസ്വസ്ത്ഥമായി. അങ്ങനെ ദിവസേന പണി കഴിഞ്ഞു പതിനഞ്ചു കിലോമീറ്റര്‍ അകലെയുള്ള അവളുടെ വീട്ടിലേക്ക് സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങി. ചവിട്ടി ചവിട്ടി കാലിനു വേദനയായി. അതു കാര്യാക്കീല.

നിനക്കു വേറെ പണിയില്ലെ, പ്രസവിക്കുന്നത് അവളല്ലെ, നീയല്ലല്ലോ

കുടുംബത്തു നിന്നു സൈക്കിളിനു പിന്നാലെ വന്ന എന്റെ അമ്മയുടെ കമന്റാണ്. നേരന്തിയോളം അവളുടെ അടുക്കല്‍ പോയി ഇരിക്കും.
ഇവിടല്ലാരും ഉണ്ട്, ചേട്ടനെന്തിനാ പേടിക്കുന്നെന്നു അവള്‍ പറയും.

കുടിലെത്തിയാലും എനിക്കു ഇരിപ്പുറയ്ക്കില്ല, തൊടിയില്‍ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തും, അതിനിടയില്‍ കുടിലിലെ ചെറ്റ മൊത്തം മാറ്റി പുത്തന്‍ കയറ്റി, ഇനി മഴയത്തുള്ള പാത്രത്തിലെ ഒച്ച പാടിലെല്ലോ. ലോണ്‍ എടുത്തിട്ടായാലും പയ്യെ ഒരു വാര്‍ത്തവീടു പണിയണം.

അങ്ങനൊരു ദിവസം പണിക്കു നില്‍ക്കുമ്പോള്‍ ആളുവന്നു വിവരം പറഞ്ഞ്. നിന്ന നില്പ്പില്‍ തന്നെ ടാക്സി വിളിച്ച് അവളുടെ വീട്ടില്‍ എത്തി,അവള്‍ക്ക് വേദനകൂടി. നേരെ ആശുപത്രിയിലെത്തി. വേദന കൂടിയതുകൊണ്ടു മാത്രം അല്ല, കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ കൊടി ചുറ്റിയേക്കുവാണ്, വേഗം എല്ലാം നടക്കണമെന്ന് ഡോക്ടര്‍ പറഞ്ഞു.

പച്ചതുണിയിട്ട് അവളെ ഓപ്പറേക്ഷന്‍ തീയറ്ററിലേക്ക് കയറ്റി. കയറും വരെ അവള്‍ വേദനമുറുക്കി എന്റെ വിരലില്‍ അഴിയാതെ പിടിച്ചിരുന്നു.
എല്ലാരും നിശബ്ദമായി വരാന്തയില്‍ നിന്നു. ചുമരിലെ ഉണങ്ങിയ
കുമ്മായം നഖം കൊണ്ട് അടര്‍ത്തി ആതിപെട്ട് ഞാന്‍ നിന്നു, എന്റെ അടുത്തു അളിയന്‍ ഒരു കവറുമിഠായിയുമായി നില്‍പ്പുണ്ട്. നേഴ്സ് പുറത്തേക്ക് വന്നു.

“പെണ്‍കുട്ടിയാണ്”

മിഠായി കവറിന്റെ കലപില ശബ്ദം ഉയര്‍ന്നു.

പ്രസവ ശുശ്രൂഷയ്ക്കായി അവളുടെ വീട്ടിലേയ്ക്ക് ഡിസ്ചാര്‍ജ് ആയി പോയി. ഇനി പഴയപോലെ എന്നും സൈക്കിള്‍ ചവിട്ടേണ്ട,
നാല്‍പത്തിയഞ്ചു കഴിഞ്ഞു അവളേയും കുട്ടിയേയും കൂട്ടി കൊണ്ട് പോകു എന്ന് അവിടിന്നു പറഞ്ഞു.

എന്റെ ഭാര്യയും കുട്ടിയും അല്ലെ, ഞാന്‍ നിത്യേന വീണ്ടും സൈക്കിള്‍ ചവിട്ടി
കുഞ്ഞിനെ ഞാന്‍ മടിയില്‍ വെച്ചു കളിപ്പിക്കുമ്പോഴാണ് അവള്‍ എന്റെ വിരല്‍ വായിലോട്ട് പിടിച്ച് നുണയാന്‍ ശ്രമിച്ചത്. ഇതു കണ്ട ഞാന്‍ ഭാര്യയോട് പറഞ്ഞു,

കണ്ടോടി അവള്‍ക്ക് അച്ഛനോടുള്ള സ്നേഹം

അതു സ്നേഹമൊന്നുമല്ല

പിന്നെ

പിന്നെയൊന്നുമില്ല, ഇങ്ങനൊരു പൊട്ടന്‍

അപ്പോഴാണ് ബാത്ത്റൂമിലേക്ക് വെട്ടി തിളയ്ക്കുന്ന വെള്ളം വെച്ച് അവളെ കുളിപ്പിക്കുന്ന ഇവിടടുത്തുള്ള സ്ത്രീ വന്നത്, വെള്ളത്തില്‍ നിന്നും ആവി പറക്കുന്നു,
അരിഷ്ടവും കഷായവുമൊക്കെ കുടിക്കുമ്പോള്‍ അവള്‍ ദയനീയമായി എന്നെ നോക്കി.

“ഈ പാവയ്ക്കായും പപ്പടവും കൂട്ടി മടുത്തൂ
ചേട്ടാ”

പാവം അവൾ, പ്രിയപ്പെട്ട ഭക്ഷണമെല്ലാം വിലക്കി പഥ്യമാണത്രെ പഥ്യം. അവള്‍ക്കൊന്നു ഇരിക്കാന്‍ പോലും സാധിക്കുന്നില്ല. അസഹനീയമായ പുറം വേദനയും നടുവേദനയും പിന്നെ അടിവയിറ്റില്‍ ചൊറിച്ചിലും, പ്രസവത്തിനു മുന്‍പ് തലകറക്കവും ചര്‍ദ്ദിയും, ഇപ്പോള്‍ ഇതും.

അവളുടെ വിഷമം കണ്ട് സമീദിക്കാന്റെ കടയില്‍ നിന്നും നല്ല ചൂടുള്ള പൊറാട്ടായും ചിക്കന്‍ഫ്രൈയും വാങ്ങി കൊണ്ടുവന്നു ആരും കാണാതെ അവള്‍ക്ക് കൊടുക്കാന്‍. അവളുടെ അമ്മ തൊണ്ടിയോടുകൂടി എന്നെ അറസ്റ്റ് ചെയ്ത് ചിക്കന്‍ കാലു കടിച്ചുപറിച്ചു അകത്താക്കി.

കാത്തിരിപ്പിനൊടുവില്‍ കുടിലിന്റെ നിലവിളക്ക് തെളിഞ്ഞു. അവളും കുട്ടിയും കുടിലിലെത്തി. കുടിലിന്റെ നടുവില്‍ തൊട്ടില്‍ കെട്ടി. കട്ടില്‍ അതിനോട് അരകൈദൂരം അടുപ്പിച്ചു. പണി കഴിഞ്ഞ് ഞാന്‍ എത്തുമ്പോള്‍ അവള്‍ മെല്ലെ പുറത്തേക്ക് വന്നു എന്റെ വായ തപ്പും. മോളുറങ്ങുവാണ്. കള്ളന്‍മാരെപോലെ പതുങ്ങി പതുങ്ങി ഞങ്ങള്‍ അകത്തേക്ക് കയറും. രാത്രി സമയങ്ങളില്‍ കുഞ്ഞ് നല്ല കരച്ചിലാണ്. എന്നെ ഉണര്‍ത്താതെ മെല്ലെ എണീറ്റ് അവള്‍ കുഞ്ഞിനു പാല്‍ കൊടുക്കും.

ഇതു ഞങ്ങളുടെ സ്വര്‍ഗ്ഗമാണ്.

കളിയും ചിരിയും ഇണക്കവും പിണക്കവും പരിഭവവും എല്ലാം കൊണ്ട് മേഞ്ഞ ഞങ്ങളുടെ സ്വര്‍ഗ്ഗം.

“എട്യേ കുഞ്ഞു എന്റെ ഷര്‍ട്ടില്‍ മുള്ളീ.”

“ഷര്‍ട്ടിലല്ല നിങ്ങടെ വായിലാണ് മുള്ളേണ്ടെ. മിണ്ടാണ്ടിരുന്നോ, ഈ പച്ചകറി ഒന്നു മുറിച്ചുതാ എന്നു പറഞ്ഞപ്പോള്‍ തൊട്ടിലില്‍ കിടന്ന കുഞ്ഞിനെയെടുത്ത് തോളിലിട്ടതല്ലെ, കണക്കായി പോയി.”

അവള്‍ വീണ്ടും മുള്ളീ.
മുള്ളികൊണ്ടേയിരുന്നു.ചിരിയും കളിയും പകര്‍ന്ന്. പകര്‍ന്ന്.

രചന -ഷിബു.കൊല്ലം

You might also like