ചരിത്രമെഴുതി നീരജ് ചോപ്ര; ജാവലിനിൽ ഇന്ത്യക്ക്‌ ഒളിമ്പിക്സ് സ്വർണ്ണം..!!

179

വെങ്കലവും വെള്ളിയും കിട്ടുമ്പോൾ വരെ ആഘോഷത്തിന്റെ കൊടുമുടിയിൽ എത്തുന്ന ഇന്ത്യക്ക് ഇന്ന് ആവേശത്തിന്റ അഭിമാനത്തിന്റെ ദിനം കൂടിയാണ്. ഇന്ത്യക്കു വേണ്ടി ഇരുപത്തിമൂന്നുകാരൻ ടോക്യോയിൽ ഒരു സ്വർണ്ണം നേടിക്കഴിഞ്ഞിരിക്കുന്നു.

പുരുഷന്മാരുടെ ജാവലിൻ ത്രോയിലാണ് നീരജ് ചോപ്ര സ്വർണ്ണം നേടിയത്. നീരജ് തന്റെ ആദ്യ ശ്രമത്തിൽ തന്നെ 87.03 മീറ്റർ പിന്നിട്ടിരുന്നു. തുടർന്ന് രണ്ടാം വട്ടം എറിഞ്ഞപ്പോൾ 87.58 മീറ്റർ നേടി. ഈ നേട്ടമാണ് സ്വർണ്ണത്തിലേക്ക് എത്തിച്ചത്. ചെക്ക് റിപ്പബ്ലിക്ക് താരങ്ങൾ ആയ ജക്കൂബ് വാദ് ലേഷ് 86.67 മീറ്റർ എറിഞ്ഞു വെള്ളി നേടിയപ്പോൾ വെസ്ലി വെറ്റസ് ലാവ് 85.44 ദൂരത്തിൽ എറിഞ്ഞു വെങ്കലവും നേടി.

യോഗ്യതാ റൗണ്ടിൽ ഒന്നാം സ്ഥാനത്തോടെ ഫൈനലിന് യോഗ്യത നേടാൻ പിന്നിട്ട ദൂരത്തേക്കാൾ മികച്ച ദൂരം കണ്ടെത്തിയാണ് ഫൈനലിൽ നീരജ് പോരാട്ടം ആരംഭിച്ചത്. ആദ്യ ശ്രമത്തിൽ പിന്നിട്ടത് 87.03 മീറ്റർ. ആദ്യ റൗണ്ടിൽ മറ്റുള്ളവർക്കാർക്കും 86 മീറ്റർ കടക്കാനായിരുന്നില്ല. 85.30 മീറ്റർ കണ്ടെത്തിയ ജർമനിയുടെ ജൂലിയൻ വെബ്ബറായിരുന്നു രണ്ടാമത്.

അടുത്ത ശ്രമത്തിൽ നീരജ് ആദ്യ ത്രോയ്ക്കും മുന്നിൽ കടന്നു. ഇത്തവണ കുറിച്ചത് 87.58 മീറ്റർ ദൂരം. രണ്ടാം ശ്രമത്തിലും മറ്റാർക്കും 86 മീറ്റർ ദൂരം പിന്നിടാനായില്ല. മൂന്നാം ശ്രമത്തിൽ നീരജ് 76.79 മീറ്ററുമായി നിരാശപ്പെടുത്തിയെങ്കിലും രണ്ടാം ത്രോയിലെ 87.58 മീറ്റർ ദൂരം താരത്തിന് സ്വർണ മെഡൽ സമ്മാനിച്ചു.