കുഞ്ഞുകൾ പിറക്കാതെ ഒരു ജീവിതം സാധ്യമാകുമോ; യുവതി എഴുതിയ കുറിപ്പ് ഇങ്ങനെ..!!

87

വിവാഹം കഴിഞ്ഞാൽ ആറു മാസം പോലും കഴിയുന്നതിന് മുന്നേ തന്നെ നവ ദമ്പതികൾ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ ചോദ്യങ്ങളിൽ ഒന്നാണ്, ഇതുവരെ വിശേഷം ഒന്നും ആയില്ലേ, കുട്ടികൾക്കായി ഒന്നും നോക്കുന്നില്ല എന്ന്.

എന്നാൽ, ഇൻഫർട്ടലിറ്റി ക്ലിനിക്കുകളും ഐവിഎഫ് സെന്ററുകളിൽ ഒക്കെയും ദമ്പതികൾ കയറി ഇറങ്ങുമ്പോൾ കുഞ്ഞുങ്ങൾ ഇല്ലാതെയും ജീവിക്കാൻ കഴിയണം എന്നു ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം വൈദ്യശാസ്ത്രത്തിന് ഉണ്ട്.

ഇതിനെ കുറിച്ച് ശരണ്യ രാജ് എന്ന യുവതി എഴുതിയ കുറിപ്പ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്, കുറിപ്പ് ഇങ്ങനെ,

ഇൻഫർട്ടിലിറ്റി ക്ലിനിക്കുകളിലേക്കും എെ വി എഫ് സെന്ററുകളിലേക്കും ദമ്പതികളെ റഫർ ചെയ്ത് വിടുമ്പോൾ കുഞ്ഞുങ്ങളില്ലാതെയും ഒരു ജീവിതം സാധ്യമാകുമെന്ന് അവരെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം വൈദ്യ സമൂഹത്തിന് ഉണ്ട്.. ഇരുപത്തേഴാം വയസിൽ നീണ്ട ആറേഴുകൊല്ലത്തെ ഇൻഫർട്ടിലിറ്റി ട്രീറ്റ്‌മെന്റിന് ശേഷം സ്തനാർബുദം വന്ന് മാസ്ടെക്ടമി ചെയ്യേണ്ടിവന്ന ഒരു സുഹൃത്തിനോട് ഇത്രയെങ്കിലും കമ്യൂണിക്കേറ്റ് ചെയ്യണ്ട ഉത്തരവാദിത്വം എനിക്കുമുണ്ടായിരുന്നു. എന്തുകൊണ്ടോ സാധിച്ചില്ല.

ദാമ്പത്യത്തിന്റെ പൂർണത ,
സ്ത്രീത്വത്തിന്റെ അവസാനവാക്ക് എന്നിങ്ങനെ പരമ്പരാഗതമായി അടിച്ചേൽപ്പിക്കപ്പെട്ട ഭാരവും പേറിയാണ് ഓരോ ദമ്പതികളും ഇൻഫെർട്ടിലിറ്റി ക്ലിനിക്കുകളിൽ ദീർഘകാലം കയറിയിറങ്ങുന്നത്. അമ്മയാകുന്നതിലൂടെ സ്ത്രീ പൂർണമാകുന്നു എന്ന അബദ്ധധാരണ ഒരു വിഷംപോലെ സമൂഹം ഓരോ കൗമാരക്കാരിയിലേക്കും കുത്തിവെയ്ക്കുന്നു. വിവാഹം കഴിക്കുന്നത് തന്നെ കുഞ്ഞുണ്ടാവാൻ വേണ്ടി മാത്രമാണെന്ന മിഥ്യാ ബോധം പേറുന്ന അനേകം പെണ്കുട്ടികൾ നമുക്കിടയിൽ ഇപ്പോളും ജീവിയ്ക്കുന്നു. desired child ന് പകരം demanded childകൾ ആണ് മിക്കയിടത്തും ജനിക്കുന്നത്. വീട്ടുകാരുടെ, ചുറ്റുമുള്ളവരുടെ, സമൂഹത്തിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ഒരു കുഞ്ഞുണ്ടാവാതെ മുന്നോട്ട് പോവാൻ കഴിയാത്ത മാനസിക സമ്മർദ്ദത്തിലേക്ക് രണ്ടുപേർ എത്തിച്ചേരുന്നു. പിന്നീടുള്ള ഓട്ടത്തില്‍ അവനവന്റെ ആരോഗ്യം പ്രായം കോംപ്ലിക്കേഷൻസ് ഇതെല്ലാം മറന്ന് കൊണ്ട് മരുന്നും സർജറികളുമായി ആശുപത്രികളിൽ സ്ഥിരതാമസക്കാരാവുന്നു

കുഞ്ഞുങ്ങൾ വേണ്ടെന്ന തീരുമാനത്തിൽ പത്തിരുപത് കൊല്ലമായി സന്തോഷമായി ജീവിതം നയിക്കുന്ന രണ്ടുപേരെ നേരിട്ടറിയാം. അവരുടെ ലോകത്തില്‍ മറ്റൊരാൾ (കുഞ്ഞുപോലും) വേണ്ട എന്നുള്ളത് ആ ദമ്പതികൾ രണ്ടുപേരും ചേർന്നെടുത്ത തീരുമാനം ആണ്. അതിനുള്ള
അവസരം അവർ സമൂഹത്തിനോ കുടുംബക്കാർക്കോ വിട്ട് കൊടുത്തില്ല എന്നയിടത്താണ് അവർ മാതൃകാദമ്പതികൾ ആവുന്നത്. അകവും പുറവുമറിഞ്ഞ് ഒരാളെ സ്നേഹിക്കാൻ ഒരു ജന്മം തന്നെ തികയില്ലെന്ന അഭിപ്രായമുള്ളവർക്കിടയിൽ ഒരു കുഞ്ഞ് പോലും അധികപ്പറ്റായിപ്പോകുന്ന അവസരങ്ങളുണ്ട്. അങ്ങനെയൊരിടത്ത് അത്തരം ക്ലേശങ്ങളെ ഒഴിവാക്കുന്നത് തന്നെയാണ് ഔചിത്യം .

ഈ ലോകത്തിന് വേണ്ടത് രണ്ടുപേരുടെ ശാരീരിക ശമനത്തിന്റെ ബൈ പ്രൊഡക്ടുകളോ മാനസിക സമ്മർദ്ദത്തിന്റെ ടെസ്റ്റ്ട്യൂബ് ശിശുക്കളോ അല്ല. പൂർണ ശാരീരിക മാനസിക വളർച്ചയിൽ ഒരു ജനനവും ജീവിതവും സാധ്യമാവേണ്ടത് ഒാരോ കുട്ടിയുടെയും അവകാശമാണ്. desired child എന്ന ആശയത്തിന്റെ പ്രസക്തി എത്രയാണെന്ന് ഇന്നത്തെ antisocial ആളുകളിൽ നിന്ന് തന്നെ മനസിലാക്കാവുന്നതാണ്. ദാമ്പത്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നവരും സമൂഹത്തിന്റെ ചോദ്യങ്ങള്‍ക്ക് മുന്നിൽ കുഞ്ഞിന് വേണ്ടി നെട്ടോട്ടമോടുന്നവരും നാളെയൊരുപക്ഷേ കുഞ്ഞുങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നില്‍ പകച്ച് പോയേക്കാം ? എന്തിന് എന്നെ ജനിപ്പിച്ചു എന്ന പേരിൽ ഈയിടെ പുറംരാജ്യത്തെവിടെയോ ഒരു കുട്ടി അച്ഛനമ്മമാർക്കെതിരെ കേസ് കൊടുത്ത ലോകമാണിത്. കുഞ്ഞുങ്ങളുടെ ആന്തരികവും ബാഹ്യവുമായ സ്വാസ്ഥ്യം ഉറപ്പുവരുത്താതെ അങ്ങനെയൊരു ബാധ്യത ഏറ്റെടുക്കേണ്ടതില്ലെന്ന് തന്നെയാണ് വ്യക്തിപരമായ അഭിപ്രായം, പാരന്റിങ്‌ എന്നത് മറ്റ് കാര്യങ്ങൾ പോലെ പിന്നീടൊരിക്കലേക്ക് മാറ്റിവെച്ചോ മറ്റൊരാളെക്കൊണ്ടോ ചെയ്യിക്കാവുന്ന ഒന്നല്ല.

അത് സമൂഹത്തിന് ഉപകാരപ്പെടുന്ന ഒരു വ്യക്തിയെ ഉണ്ടാക്കിയെടുക്കുന്ന ബൃഹത്തായ ചുമതലാബോധം ആണ്. അതിനെ ഏറ്റവും കൃത്യമായും കണിശമായും കൈകാര്യം ചെയ്യേണ്ടത് നാളെയുടെ കൂടെ ആവശ്യമാണ്.
ആയിരമായിരം desired child കൾ ഈ ഭൂമിയിൽ പിറന്നുവീഴട്ടെ.
പഴിപറയാതെ പരസ്പരം കുറ്റപ്പെടുത്താതെ കുഞ്ഞുങ്ങളില്ലാത്ത ദാമ്പത്യങ്ങളും
മുന്നോട്ട് പോകട്ടെ. ഈ ലോകം നമുക്കെല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്

You might also like