ഇതാണ് ഒരു നല്ല കള്ളന്റെ ലക്ഷണം; നന്ദി പറഞ്ഞ് യുവാവിന്റെ പോസ്റ്റ്..!!

135

മോഷണം ഒരു കലയാണ് എന്നൊക്കെയാണ് വെപ്പ്. പല രീതിയിൽ ഉള്ള മോഷണ വാർത്തകൾ നമ്മൾ ദിനംപ്രതി കാണുന്നുണ്ട്. എന്നാൽ ഇത്രേം നല്ലവനായ ഒരു കള്ളൻ ഉണ്ടാകുമോ, സഞ്ചാരിയായ നൗഫൽ കാരാട്ടിന്റെ പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

കള്ളനാണെങ്കിലും അവൻ നല്ലവനാ

നിങ്ങളുടെ പേഴ്‌സ് എപ്പോയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ ? , ഉണ്ടെങ്കിൽ അന്നേരം നമ്മൾ എല്ലാവരും പ്രാർത്ഥിക്കുന്ന ഒരു കാര്യമുണ്ട്.

“ദൈവമേ പൈസ തിരിച്ച് കിട്ടിയില്ലെങ്കിലും അതിനുള്ളിലെ ഡോക്യൂമെന്റ്‌സ് എങ്കിലും തിരിച്ച് കിട്ടണേ”

പൈസ നമുക്ക് വീണ്ടും പെട്ടെന്ന് ഉണ്ടാക്കാമെങ്കിലും ലൈസൻസ് , ATM , ആധാർ തുടങ്ങിയ ഡോക്യൂമെന്റ്‌സ് നഷ്ടപ്പെട്ടാൽ പിന്നെ അതുണ്ടാക്കാൻ നമ്മൾ ഒരുപാട് ഓടേണ്ടി വരും. അതിന് സമയ നഷ്ടവും ധന നഷ്ടവും വേറെ. ഇതൊക്കെ ഓർത്തിട്ടാണ് പൈസ കിട്ടിയില്ലെങ്കിലും ഐഡന്റിറ്റി രേഖകൾ തിരിച്ചുകിട്ടാൻ നമ്മൾ പ്രാർത്ഥിക്കാറുള്ളത്.

പറയാൻ പോകുന്നത് ഈ അടുത്തായി എനിക്കും സുഹൃത്തിനും ഉണ്ടായ ഒരു അനുഭവം ആണ്.

എറണാകുളത്ത് നിന്നും ബൈക്കിൽ പുലർച്ചെ തുടങ്ങിയ യാത്ര കോട്ടയം, ഇടുക്കി ജില്ലകൾ പിന്നിട്ട് രാത്രി തിരിച്ച് എറണാകുളം വരുമ്പോൾ കോതമംഗലം കഴിഞ്ഞുകാണും. ഉറക്കം ചെറുതായി വന്നതിനാൽ അവിടെ കണ്ട ഒരു ബസ് സ്റ്റോപ്പിൽ ഒന്ന് വിശ്രമിക്കാൻ വേണ്ടി ഇറങ്ങി.

സമയം 11.30 ആയിട്ടുണ്ട് അവിടെ ഇറങ്ങുമ്പോൾ. ക്ഷീണം കാരണം രണ്ടാളും പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി.

സമയം 1 മണി ആയപ്പോൾ ദീപു വന്ന് വിളിച്ചപ്പോയാണ് ഞാൻ ഉണർന്നത്. നിന്റെ പേഴ്‌സ് എവിടെ എന്ന ചോദ്യത്തിന് ഒരു പരുങ്ങലോടെ തപ്പിനോക്കിയപ്പോയാണ് ആ കാര്യം ഞാൻ അറിഞ്ഞത്. ബാക്ക് പോക്കറ്റ് കീറി പേഴ്‌സ് മോഷ്ടിച്ചിരിക്കുന്നു. വിളറിയ മുഖത്തോടെ ഇരിക്കുന്ന എന്റെ നേരെ ദീപു പേഴ്‌സ് നീട്ടിയപ്പോൾ ചാടി എണീറ്റ് പേഴ്‌സ് വാങ്ങി തുറന്ന് നോക്കി. ക്യാഷ് ഒഴികെ മറ്റെല്ലാം അതിൽ ഉണ്ട്. ക്യാഷ് ഇട്ടിരുന്നതിനോടൊപ്പം അതിൽ ഉണ്ടായിരുന്ന കുറച്ച് പേപ്പറുകൾ നിലത്ത് നിന്ന് പെറുക്കിയെടുക്കുമ്പോൾ മനസ്സിൽ ചെറിയൊരു ആശ്വാസം ഉണ്ടായിരുന്നു. ക്യാഷ് മാത്രം അല്ലെ പോയിട്ടുള്ളൂ. ഫോൺ നോക്ക് എന്ന് അവൻ പറഞ്ഞപ്പോൾ ആ കീശയും തപ്പി നോക്കി. ഫോൺ കീശയിൽ ഉണ്ടെങ്കിലും ആ കീശയും കീറിയിരിക്കുന്നു. ഫോൺ ആണ് എന്നറിഞ്ഞത് കൊണ്ടാകാം ക്യഷിന് മാത്രം ആവശ്യമുള്ള ആ പാവം കള്ളൻ ഫോൺ എടുക്കാതെ പോയത്.

ദീപുവിന്റെ കാര്യവും ഇതേ സ്ഥിതി തന്നെ, പോക്കറ്റ് കീറി പേഴ്‌സ് എടുത്ത് ക്യാഷ് മാത്രം കയ്യിലാക്കി പേഴ്‌സ് താഴെ ഉപേക്ഷിച്ച് ആ പാവം കള്ളൻ കടന്നുകളഞ്ഞിരിക്കുന്നു.

പരിസരം ഒന്നുകൂടി സൂക്ഷ്മമായി നോക്കിയപ്പോൾ ബ്ലേഡ് ന്റെ ഒരു കഷ്ണം താഴെ നിന്ന് കിട്ടി, ഒരു ബ്ലേഡ് കഷ്ണം വെച്ച് രണ്ടാളും അറിയാതെ രണ്ടാളുടെയും പോക്കറ്റ് അടിച്ച കള്ളൻ ഏതായാലും സമർത്ഥൻ തന്നെ.

നന്ദിയുണ്ട് സഹോദരാ, പേഴ്‌സിലെ ഡോക്യൂമെന്റ്‌സും മറ്റേ കീശയിലെ ഫോണും ബാഗിലെ ക്യാമറയും ഒന്നും എടുക്കാതെ പൈസ മാത്രം എടുത്തതിന്. മാത്രമല്ല മറ്റുകള്ളന്മാർ ഇത് കാണുന്നുണ്ടെങ്കിൽ മോഷ്ടിക്കുമ്പോൾ ഇങ്ങനെ മോഷ്ടിക്കണം എന്നും അഭ്യർത്ഥിക്കുന്നു.

ആ സന്മനസ്സായ കള്ളൻ ഇത് കാണണമെന്നുള്ള ആഗ്രഹത്തോടെയും കാണുമെന്നുള്ള പ്രതീക്ഷയോടെയും അന്നത്തെ അവന്റെ രണ്ട് ഇരകൾ.

#കള്ളനാണെങ്കിലും_അവൻ_നല്ലവനാനിങ്ങളുടെ പേഴ്‌സ് എപ്പോയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ ? , ഉണ്ടെങ്കിൽ അന്നേരം നമ്മൾ…

Posted by Noufal Karat on Thursday, 17 January 2019

You might also like