ഞാൻ ഒരു അമ്മയാണ്, അതിലുപരി ഞാൻ ഒരു നേഴ്സും..!!

148

ഡോക്ടറെ കണ്ട അവൾ മൊബൈൽ വേഗം ഒളിപ്പിച്ചു.

“ഇങ്ങനെ കറങ്ങി നടക്കാതെ ഏഴാം വാർഡിലെ പതിമൂന്നാം നമ്പർ ബഡ്ഡിലെ രോഗിയുടെ മലം വാങ്ങി ലാബിൽ കൊടുക്കാൻ നോക്ക്.

ഡോക്ടറുടെ ശകാരം കേട്ട് അവൾ വേഗത്തിൽ നടന്നു. വീട്ടിൽ സുഖമില്ലാതെ കിടക്കുന്ന കുട്ടിയുടെ മുഖം ആയിരുന്നു അവളുടെ മനസ്സിൽ.

രോഗിയായ വൃദ്ധനെ തോളിൽ കയ്യ്താങ്ങി എണീൽപിച്ചു അവൾ ബാത്റൂമിലേക്കു നടത്തി. കയ്യിൽ മലം ശേഖരിക്കാൻ ചെപ്പ് കൊടുത്തു അയാളെ അകത്തു കയറ്റിയിട്ടിട്ടു അവൾ പുറത്ത് നിന്നു. കണ്ണുകൊണ്ട് എല്ലായിടവും പരുതി, ചുമരിനോട് മറഞ്ഞു അവൾ ഫോൺ എടുത്ത് വീട്ടിലേക്കു വിളിച്ചു.

അമ്മേ, മോന് എങ്ങനെ ഉണ്ടിപ്പോ ?

നീ വിഷമിക്കാതെ, അവനിപ്പോൾ കഞ്ഞികൊടുത്തു മരുന്ന് കഴിപ്പിച്ചു ഞാൻ ഉറക്കി, ഞാൻ അവന്റെ അടുത്ത് തന്നെ ഉണ്ട്

ബാത്റൂമിന്റെ വാതിൽ മെല്ലെ തുറന്നു, അവൾ ഫോൺ കട്ട്‌ ചെയ്തു. രോഗിയുടെ കയ്യിൽ നിന്നും മലം നിറച്ച ചെപ്പ് വാങ്ങി അവൾ സൈഡ് ട്രേയിൽ വെച്ചു. അയാളെ മെല്ലെ കിടക്കയിലേക്ക് നടത്തി, അയാൾ അവളുടെ ചന്തിയിൽ മെല്ലെ കയ്യ് വെച്ചു, അവൾ അയാളുടെ കയ്യ് തട്ടിമാറ്റി അയാളെ വേഗം കിടക്കയിലേക്ക് കിടത്തി, അവളുടെ ഹൃദയമിടുപ്പ് നന്നായി ഉയർന്നിരുന്നു.

അവൾ അവിടെ നിന്നും മറ്റൊരു വൃദ്ധനായ രോഗിയുടെ കാലിലെ വൃണം പസ് ടെസ്റ്റ്‌ ചെയ്യാൻ അത് കുത്തി എടുക്കാനായി ചെന്നു. നീഡിൽ കൊണ്ട് അയാളുടെ കാലിലെ പഴുപ്പ് അവൾ മെല്ലെ കുത്തിയെടുക്കുവാൻ തുടങ്ങി, അയാൾ നല്ല രീതിയിൽ ചുമക്കുന്നുണ്ട്, ചുമച്ചു ചുമച്ചു അയാൾ അവളുടെ ദേഹത്തേക്ക് കാർക്കിച്ചു തുപ്പി, അവൾ തന്റെ ജോലി തുടർന്ന് കൊണ്ടേയിരുന്നു.

അവൾ ബാത്റൂമിലേക്ക് നടന്നു. തുപ്പൽ വീണ ഭാഗം വെള്ളവും ഡെക്റ്റോളും ഒഴിച്ച് അമർത്തി കഴുകി, കയ്യ് തുടച്ചിട്ട് അവൾ ഫോൺ എടുത്ത് വീട്ടിലേക്ക് വിളിച്ചു

അമ്മേ, അച്ചുവിന് എങ്ങനുണ്ട്, അവൻ എണീറ്റോ ?

മോളെ അവൻ കണ്ണ് തുറന്ന് കിടപ്പുണ്ട്, നേരിയ ചൂടുണ്ട് കുഞ്ഞിനു, മോൾ പറ്റുമെങ്കിൽ ഉച്ചയ്ക്ക് ലീവ് എടുത്ത്‌ വാ

ശരി അമ്മേ, അവനെ നോക്കിക്കോണേ

അവൾ ഫോൺ കട്ട്‌ ചെയ്തു. അവളുടെ ഹൃദയം നല്ലതുപോലെ ഇടിക്കുന്നുണ്ട്. അവൾ വാർഡിലെ രോഗിയായ റോസമ്മ ടീച്ചറിന്റെ അടുക്കൽ പോയി അൽപ്പ നേരം ഇരുന്നു. ടീച്ചറിന്റെ നെറ്റിയിൽ അവൾ മെല്ലെ തടവി. അവർ സ്നേഹ ചിരിയോടെ അവളെ തന്നെ നോക്കി കിടന്നു. അവൾ പാത്രത്തിൽ നിന്നും തുണിയിൽ വെള്ളം നനച്ചു അവരുടെ ശരീരം മെല്ലെ തുടച്ചു.

അവൾ നഴ്സിംഗ് റൂമിലേക്ക്‌ എത്തി. കൂടെ ഉണ്ടായിരുന്ന നേഴ്സ് അവളോട്‌ ചോദിച്ചു.

ഡി, കുഞ്ഞിനു എങ്ങനുണ്ട്, ഇന്നലെ ഡിസ്ചാർജ് ആയി പോയത്‌ കഴിഞ്ഞു അവനു കുഴപ്പം ഒന്നും ഇല്ലെല്ലോ

അമ്മ വിളിച്ചിരുന്നു, കുട്ടിക്ക് നല്ല ചൂടുണ്ട് പറഞ്ഞു, ഞാൻ എന്തായാലും ഉച്ചയ്ക്ക് ശേഷം ലീവ് എടുക്കുവാണ്. പിന്നെ, നിന്റെ കയ്യിൽ ക്യാഷ് വെല്ലതും കാണുമോ ഒരു രണ്ടായിരം എടുക്കാൻ, മോന്റെ ചികിത്സയ്ക്ക് കുറേ ആയി, നിനക്കറിയാലോ ഒരു മാസത്തെ കണക്കുക്കൂട്ടലിൽ എവിടേലും ഒന്ന് തെറ്റിയാൽ പിന്നെ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന്, ഇവിടുന്നു കിട്ടുന്നതിനു പുറമേ കടവും വാങ്ങിയാണ് എല്ലാമാസവും പലചരക്കു കടയിലേയും കുഞ്ഞിന്റെ കാര്യങ്ങൾക്കും

ശരി ഡി, വൈകിട്ടത്തേക്ക് അല്ലേ, ഞാൻ നോക്കാം

അവൾ സംസാരിച്ചു നിന്നു കൊണ്ട് ട്രേയിൽ മരുന്നുകൾ എടുത്ത് സ്റ്റെപ് കേറി മേലേക്ക് നടന്നു.

പാതി തുറന്നു കിടന്ന മുറിയിലേക്ക് വശം തിരിഞ്ഞ് അവൾ കയറി. രോഗിയായ വൃദ്ധയുടെ ബന്ധുക്കൾ നിറഞ്ഞു നിൽപ്പുണ്ട്.

സമയത്തൊക്കെ വന്നു മരുന്നു കൊടുത്തൂടെ

കൂട്ടത്തിൽ നിന്ന ബന്ധുവിന്റെ കമന്റ്‌ ആണ്.

അവൾ സിറിഞ്ചിൽ മരുന്നു കയറ്റി, വൃദ്ധയുടെ ചുളുങ്ങി തുടങ്ങാറായ കയ്യിൽ തടവി മെല്ലെ കുത്തി. ആ വൃദ്ധ അവളുടെ കവിളത്ത് കയ്യ്കൊണ്ടു കുത്തി ഒച്ച വെച്ചു,

നോവിക്കുന്നോടി പിഴച്ചവളെ, അറിയാൻ മേലെങ്കിൽ ഇട്ടേച്ചു പൊക്കോണം, കുലുക്കി പിടിച്ചു വന്നേക്കുവാ

ഇത് കേട്ട് ബന്ധുക്കളുടെ കൂട്ടത്തിലെ ഒരു സ്ത്രീ അവളെ നോക്കി പറഞ്ഞു,

കുറേ അവളുമാര് നഴ്സിംഗ് കഴിഞ്ഞു ഇറങ്ങിക്കോളും പണിയറിയാതെ, കള്ളികൾ

അവൾ തല കുനിച്ചു പഞ്ഞി കൊണ്ട് അവരുടെ കയ്യിൽ തിരുമി, അവർ കയ്യ് തട്ടി മാറ്റി.

അവൾ മെല്ലെ മുറിയിൽ നിന്നും വെളിയിലേക്ക് ഇറങ്ങി, ബന്ധുക്കൾ മുറുമുറുക്കുന്നു. അവളുടെ കണ്ണുകൾ നനയുന്നുണ്ടായിരുന്നു, ചെയ്യാത്തൊരു തെറ്റിന് ഇത്രമേൽ, വെള്ള കോട്ടിനുള്ളിലൂടെ അവൾ അകത്തെ ചുരിദാർ ടോപ്പിൽ കയ്യ് വെച്ചു, മരിക്കുന്നതിന് മുൻപ് ഭർത്താവ് വാങ്ങി തന്ന വസ്ത്രം. അതിനു ശേഷം, കഴിഞ്ഞ ഒരു വർഷമായി അവൾ വസ്ത്രം ഒന്നും വാങ്ങിയിട്ടില്ല. കയ്യ് കുഞ്ഞുമായി ജീവിത ഭാരം തലയിലേറ്റി മുന്നിലേക്ക്‌ പകച്ച്‌ നിന്ന നിമിഷങ്ങൾ, എവിടെ നിന്നോ കിട്ടിയ അല്പം ധൈര്യത്തിന്റെ മേലെ മുന്നോട്ടു പോകുന്നു, ഒറ്റപെട്ട നിമിഷങ്ങളിൽ കരഞ്ഞു തീർത്തു മൌനമായി ഒഴുകുന്ന അവൾ മാത്രം അറിയുന്ന അവളുടെ ധൈര്യം

അവൾ താഴേക്കു വേഗത്തിൽ നടന്നു, നഴ്സിംഗ് റൂമിലേക്ക്‌ എത്തി, മറ്റൊരു നേഴ്സ് വേഗത്തിൽ വന്നു പറഞ്ഞു

നീ വേഗം 368ആം നമ്പർ മുറിയിലേക്ക് പോയിക്കോ, ഡോക്ടർ വിളിച്ചിട്ടുണ്ട്, അർജെന്റ്

വെപ്രാളപ്പെട്ട് പെട്ടു അവർ ആ മുറിയിൽ ഉള്ള രോഗിയെ പരിചരിച്ചു, പരിചരിക്കുന്നതിനിടയിൽ അവളുടെ മൊബൈൽ വൈബ്രേഷൻ വന്നു കൊണ്ടിരുന്നു.

അവൾ അവിടുത്തെ ജോലി കഴിഞ്ഞു വേഗത്തിൽ സൂപ്രണ്ടിന്‍െറ മുറിയിലേക്ക് ഓടി, അവൾ അവരോടു കുട്ടിയുടെ അസുഖ വിവരങ്ങൾ പറഞ്ഞു. ലീവ് ചോദിച്ചു, ദേഷ്യപ്പെട്ടു അവർ അവളോട്‌ പറഞ്ഞു

ലീവ് ഒന്നും ഇല്ല, നിനക്ക് 6 മണി വരെ അല്ലേ ഡ്യൂട്ടി ഇന്ന്‌ 9 മണി വരെ ചെയ്യണം, രണ്ട് പേർ വന്നിട്ടില്ല. 6 മണി കഴിഞ്ഞു കാഷ്വലിറ്റിയിലേക്ക് പോയിക്കോ.

അങ്ങനെ അല്ല മേഡം, എനിക്ക് ഉച്ചയ്ക്ക് പോയെ തീരൂ.

നീ ഇനി ഇതും പറഞ്ഞു ഇവിടെ നിൽക്കണ്ട, കുറേ വർഷം ആയില്ലേ, ഇവിടുത്തെ കാര്യങ്ങൾ അറിയാലോ, പോയി പണിയെടുക്കാൻ നോക്ക്, നോക്കി നിൽക്കാതെ

അവൾ മുറിയിൽ നിന്നും മെല്ലെ ഇറങ്ങി, അവളുടെ കണ്ണുകൾ നനഞ്ഞു കൊണ്ടിരുന്നു. അവൾ ഫോൺ എടുത്ത് വീട്ടിലേക്കു വിളിച്ചു.

അമ്മേ, എനിക്ക് ലീവ് കിട്ടിയില്ല, ശ്രീധരൻ അമ്മാവനെയും കൂട്ടി ഒരു ഓട്ടോ പിടിച്ചു നിങ്ങൾ വേഗം ഇങ്ങോട്ട് പോന്നോളൂ

മോളെ വിഷമിക്കേണ്ട, അവനിപ്പോൾ നല്ല സുഖം ഉണ്ട്, ദേ എന്റെടുത്ത് കിടന്നു കളിക്കുന്നുണ്ട്, നീ പണി കഴിഞ്ഞിട്ട് വന്നാൽ മതി

അവൾ ഫോൺ കട്ട്‌ ആക്കി നഴ്സിംഗ് റൂമിലേക്ക്‌ വരാന്തയിലൂടെ നടന്നു, ഒരു കൊച്ചു കുട്ടി ഓടി വന്നു അവളുടെ കയ്യുകളിൽ പിടിച്ചു, അവൾ തിരിഞ്ഞ് നോക്കി, കുട്ടിയുടെ അമ്മ പിന്നാലെ ഓടി വന്നിരുന്നു,

ഇച്ചീച്ചി, ആ കയ്യിലൊന്നും പിടിക്കാതെ

അവർ ആ കുട്ടിയെ വലിച്ചെടുത്ത് നടന്നു. അവൾ അവളുടെ കയ്യുകളിലേക്ക് നോക്കി. രോഗികളിൽ നിന്നും എത്രയോ സ്നേഹ സ്പർശം ഏറ്റു വാങ്ങിയ കയ്യ്, എത്രയോ അച്ഛനമ്മമാരെയും മക്കളേയും പരിചരിച്ച കയ്യ്, ഇതെങ്ങനെ ഇച്ചീച്ചി ആകും

അവൾ നഴ്സിംഗ് റൂമിലേക്ക്‌ കയറി. വേഗത്തിൽ ഓടി നടന്നു ഭക്ഷണം കഴിക്കുന്ന നേഴ്സ് അവളോട്‌ പറഞ്ഞു

ഡി, എനിക്ക് ഓപ്പറേഷൻ തീയേറ്ററിയിലേക്ക് പോണം, സമയം ഇല്ല. മുഴുവൻ കഴിക്കുന്നില്ല, നീ ഞാൻ വന്നിട്ടേ പോകാവൂ, ആ ഫയൽ ഒന്ന് എടുത്ത് സെൽഫിലേക്ക്‌ വെച്ചേക്കണേ

അവൾ നഴ്സിംഗ് മുറിയുടെ ജനാല ഭാഗത്തേക്ക്‌ നീങ്ങി നിന്നു. മഴ തിമർത്തു പെയ്യുകയാണ്, നിറഞ്ഞു നിന്ന അവളുടെ ചോന്നു തുടങ്ങുന്ന കണ്ണിൽ നിന്നും ഇരുട്ടു മഴനൂലുകൾ ഭേദിച്ച് കടന്നു പോകുന്നു. അവൾ ജാലകകമ്പിയിൽ മുറുകെ പിടിച്ചു നിന്നു.

ബാഗിൽ മടങ്ങി ഇരുന്ന അവസാനത്തെ 50 രൂപാ നോട്ട് അവൾ അതിലുണ്ടോ എന്ന് ഉറപ്പു വരുത്തി. രാത്രി ഓട്ടോ പിടിച്ചു വേണം പോവാൻ, ബസ്‌ കിട്ടില്ല.

സമയം കടന്നു പോയികൊണ്ടിരുന്നു. 9 മണിയെ കാത്തിരുന്നിട്ടാവണം, 9മണിക്ക് 9 ദിവസത്തെ ദൂരം തോന്നിക്കുന്നത്. എട്ടു മണി കഴിഞ്ഞപ്പോളാണ് കാഷ്വലിറ്റിയിലേക്ക് അപകടത്തിൽപെട്ട ഒരു കുട്ടിയെ കൊണ്ടുവന്നത്.
അവർ ആ കുട്ടിയെ പരിചരിച്ചു, അവന്റെ മുറിവുകളിൽ മരുന്നു പുരട്ടി കെട്ടി. സമയം 10 കഴിഞ്ഞു. കൂടെ ഉണ്ടായിരുന്ന നേഴ്സ് അവളോട്‌ പറഞ്ഞു,

നിനക്ക് പോവാൻ ഉള്ള സമയം കഴിഞ്ഞില്ലേ, പോയിക്കോ ഇത് ബാക്കി ഞാൻ ചെയ്തോളാം

അവൾ മറുപടി പറഞ്ഞു

സാരമില്ല, ഇത് മുഴുവൻ കഴിഞ്ഞിട്ട് ഞാൻ പോവാം, സമയം ഇനി നോക്കേണ്ടാ

മഴയുടെ ആർത്തലിച്ച ശബ്‍ദം കൂടി കൂടി വന്നുകൊണ്ടിരുന്നു വെളിയിലെ ആസ്ബസ്റ്റോസിൽ തട്ടി. കുട്ടിയുടെ കാലിലെ മുറിവിൽ മരുന്നു പുരട്ടുമ്പോൾ അവൾ മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു. ആ ചിന്ത അവൾക്കു ധൈര്യം ഏകി, അവളുടെ കണ്ണുനീരിൽ തണുപ്പ് വർഷിച്ചു

“ഞാൻ ഒരു അമ്മയാണ്, അതിലുപരി ഞാൻ ഒരു നേഴ്സും”

– ഷിബു കൊല്ലം