ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

5

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിലാണ് വില വർദ്ധിപ്പിക്കാനുള്ള നിർണ്ണായക തീരുമാനം കൈക്കൊണ്ടത്. പുതുക്കിയ പാൽ വില ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. പാൽ വില വർദ്ധിക്കുമെന്ന സൂചനകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നെങ്കിലും ഇന്നത്തെ യോഗത്തോടെ ഇതിൽ ഔദ്യോഗിക തീരുമാനമാവുകയായിരുന്നു.

ലിറ്ററിന് നാല് മുതൽ ആറ് രൂപ വരെ കൂട്ടണമെന്നായിരുന്നു മിൽമ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. കാലിത്തീറ്റ വിലയും മറ്റ് പരിചരണ ചെലവുകളും വർദ്ധിച്ച സാഹചര്യത്തിൽ പാൽവില കൂട്ടി കർഷകരെ സഹായിക്കണമെന്ന് മേഖലാ യൂണിയനുകൾ നിരന്തരം ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും രാഷ്ട്രീയ സാഹചര്യങ്ങളും നിലനിന്നിരുന്നതിനാൽ വില വർദ്ധനയ്ക്ക് സർക്കാർ മുൻപ് അനുമതി നൽകിയിരുന്നില്ല.

തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായ പശ്ചാത്തലത്തിൽ, ക്ഷീരകർഷകരുടെ ഭാഗത്തുനിന്നുള്ള നിരന്തര ആവശ്യം കൂടി പരിഗണിച്ചാണ് പാൽവില കൂട്ടാനുള്ള അനുമതി സർക്കാർ ഒടുവിൽ നൽകിയത്. വില വർദ്ധനവിലൂടെ ലഭിക്കുന്ന തുകയുടെ വലിയൊരു പങ്ക് കർഷകർക്ക് നേരിട്ട് പ്രയോജനപ്പെടുമെന്ന് മിൽമ അറിയിക്കുന്നുണ്ടെങ്കിലും, സാധാരണക്കാരായ ഉപഭോക്താക്കളുടെ കുടുംബ ബഡ്ജറ്റിനെ ഈ തീരുമാനം കാര്യമായി ബാധിക്കും.

Price Hike: Milma has announced a price hike for milk in Kerala, increasing it by ₹4 per liter.