പ്രാർത്ഥനയും രക്ഷാപ്രവർത്തനവും വിഫലം; കുഴൽ കിണറിൽ വീണ കുഞ്ഞു മരിച്ചു..!!

60

ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയും കണ്ണീരും വിഫലം. വെള്ളിയാഴ്ച കുഴൽ കിണറ്റിൽ വീണ കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. കുട്ടിയുടെ മൃതദേഹം കുഴൽ കിണറിൽ കൂടി തന്നെയാണ് ഇന്ന് പുലർച്ചെ പുറത്തെടുത്തത്.

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസ്സുകാരൻ മരിച്ചതായി സ്ഥിരീകരിച്ചു. കുട്ടിയെ രക്ഷിക്കാനായി നടത്തിയ ശ്രമങ്ങൾ വിഫലമായി. കുഴൽകിണറിൽ നിന്ന് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് മരിച്ചതായി കണ്ടെത്തിയത്.

കുട്ടിയുടെ മൃതദേഹം അഴുകി തുടങ്ങിയ നിലയിലാണെന്നാണ് വിവരം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ബ്രിട്ടോ – കലൈമേരി ദമ്പതിമാരുടെ ഇളയമകനായ സുജിത് 600 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് വീണത്.

ആദ്യം 25 അടി താഴ്ചയിലായിരുന്ന കുട്ടി ഘട്ടംഘട്ടമായാണ് 90 അടി താഴ്ചയിലെത്തിയത്. തുടർന്ന് മൂന്നുദിവസമായി കൂട്ടിയെ ജീവനോടെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു. ഇപ്പോൾ കുഞ്ഞിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്.