ഓണം ബമ്പർ ഇട്ടിമാണിക്ക് തന്നെ ഇതൊരു സമ്പൂർണ്ണ മോഹൻലാൽ ചിത്രം; എം എ നിഷാദ്..!!

44

മലയാള സിനിമ കാത്തിരുന്ന ചിത്രമായി മോഹൻലാൽ നായകനായ ഇട്ടിമാണി മെയിഡ് ഇൻ ചൈന തീയറ്ററുകളിൽ എത്തി. എങ്ങും മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സംവിധായകൻ എം എ നിഷാദ്. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ

ഈ ഓണത്തിന് ബംമ്പറടിച്ചത് ഇട്ടിമാണിക്ക്.
പൂർണ്ണമായും ഒരു മോഹൻലാൽ സിനിമ. പലപ്പോഴും പാളി പോകാവുന്ന ഇടങ്ങളിലൊക്കെ മോഹൻലാൽ എന്ന നടന്റെ സാന്നിധ്യം കുറച്ചൊന്നുമല്ല ഈ സിനിമയേ രക്ഷിച്ചത്. അത് കൊണ്ട് തന്നെയാണ് ഇത് നൂറ് ശതമാനം ലാൽ ചിത്രമാകുന്നത്. അദ്ദേഹത്തിന്റെ ടൈമിംഗും, പരിചയസമ്പത്തും, അവതരണവും അത് തന്നെയാണ് ഹൈലൈറ്റ്.

പരസ്യ വാചകത്തിൽ പറയുന്ന മാസ്സിനേക്കാളും ഇഷ്ടമായത് മനസ്സാണ്. അവസാനത്തെ പതിനഞ്ച് മിനിറ്റ് പടം പ്രേക്ഷകരെ പിടിച്ചിരുത്തും. ഒരു വലിയ സന്ദേശം പൊതു സമൂഹത്തിന് നൽകാനും, ചിന്തിപ്പിക്കാനും പുതുമുഖ സംവിധായകർക്ക് കഴിഞ്ഞു എന്നതിൽ അവർക്കഭിമാനിക്കാം.
പലപ്പോഴും തൃശ്ശൂർ സ്ലാംഗ് കൈവിട്ട് പോകുന്നത് ഒരു കല്ല് കടിയാണെങ്കിലും, അതൊന്നും പടത്തിന്റെ കളക്ഷനെ ബാധിക്കില്ല. ഒരുപാട് നാളുകൾക്ക് ശേഷം KPAC ലളിത ചേച്ചിയുടെ നല്ല പ്രകടനം കാണാൻ സാധിച്ചു. രാധികയും, സിദ്ദീക്കും നന്നായി. കൈലാസ് അഭിനയത്തിൽ ഒരുപാട് മുന്നേറി. കുടുംബ പ്രേക്ഷകർക്ക് വേണ്ടിയാണ് ഈ സിനിമ. ഒന്നുറപ്പാണ്. ഓണം ബംബർ അടിച്ചിരിക്കുന്നത് ഇട്ടിമാണിക്ക് തന്നെ.