Street fashion

ബോറോസിൽ മോഹൻലാൽ എത്തുന്നത് ഭൂതമായി; മനോഹരകഥയിൽ ആണ് ചിത്രം ഒരുങ്ങുന്നത് എന്ന് രഘുനാഥ്‌ പലേരി..!!

മോഹൻലാൽ എന്ന നടൻ മലയാള സിനിമയെ വിസ്മയപ്പിക്കാൻ തുടങ്ങിയിട്ട് നാപ്പത്തിലേറെ വർഷങ്ങൾ ആയി, ഇപ്പോഴിതാ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എത്തുകയാണ്. 3ഡിയിൽ എത്തുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് രഘുനാഥ്‌ പലേരി.

ബറോസ് എന്ന പാവം ഭൂതത്തിന്റെ കാത്തിരിപ്പിന്റെ കഥയാണ് ചിത്രം പറയുന്നത് എന്നും മോഹൻലാൽ ആണ് ഭൂതമായി എത്തുന്നത് എന്നും സംവിധായകനും തിരക്കഥാകൃത്തുമായ രഘുനാഥ്‌, മോഹൻലാൽ ചെയ്യുന്ന വിസ്മയ കഥാപാത്രങ്ങളിൽ ഒന്നായിരിക്കും എന്നും ജിജോ തന്നോട് നേരത്തെ ചിത്രത്തിന്റെ കഥ പറഞ്ഞിട്ടുണ്ട് എന്നും രഘുനാഥ്‌ പലേരി പറയുന്നു.

ഗോവയിലും പോർച്ചുഗലിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ ഛായാഗ്രാഹകൻ കെ യു മോഹനൻ ആണ്. സിനിമയുടെ രചനയിലും ക്രിയേറ്റീവ് ഡയറക്ടറായും ജിജോയുടെ പങ്കാളിത്തമുണ്ടെന്നാണ് അറിയുന്നത്. ബിഗ് ബഡ്ജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത്.

രഘുനാഥ്‌ പലേരി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ,

ജിജോ എന്റെ ചങ്ങാതിയാണ്. എന്റെ സിനിമയും ജീവിതവും എനിക്ക് തന്ന ചങ്ങാതി.
ഒരു കുറിയ ജിജോ. ഞാൻ കാണുമ്പോൾ തലയിൽ ചപ്പാത്തി വലുപ്പമുള്ളൊരു പുതപ്പ് തൊപ്പിപോലെ ധരിച്ചാണ് സഞ്ചാരം. നല്ല ദൈവ വിചാരം. കൂടപ്പിറപ്പുകളോടും ചുറ്റുമുള്ളവരോടും നിറഞ്ഞ സ്‌നേഹം. ചെടികളും മരങ്ങളും പൂക്കളും കൊച്ചു തടാകങ്ങളും കളിസ്ഥലങ്ങളും പലതരം ഊഞ്ഞാലുകളും എല്ലാമുള്ളൊരു പൂങ്കാവനം സ്വപ്നം കാണുന്ന മനസ്സ്. അധികം ചങ്ങാത്തക്കൂട്ടമില്ലാത്ത ലോകം. ധാരാളം വായിക്കും. ചിന്തിക്കും. പിറക്കുമ്പോൾ കിട്ടിയ തല ഇലക്‌ട്രോണിക്ക് തലയാണ്. സയൻസാണ് ഇഷ്ട വിഷയം. വായിക്കുന്ന സകല ചപ്പും ചവറും ഓർമ്മയിൽ നിൽക്കും. 1980 ൽ ആദ്യമായി എന്നിൽ നിന്നും കിട്ടിയ ഒരു കത്ത് വായിച്ചു മാറ്റി വെച്ചത് പെട്ടെന്ന് ഓർത്തെടുത്ത് മറുപടി അയച്ചത് രണ്ടു വർഷം കഴിഞ്ഞ് 1982ൽ ആണ്.
അത്രക്കും മൂർച്ചയുള്ള ഓർമ്മ ശക്തി.
ആദ്യം എനിക്ക് കിട്ടിയ എഴുത്തിലെ ഭാഷ മനോഹരം. നർമ്മം ആസ്വദിക്കുന്ന മനസ്സും
പ്രകൃതവും. പപ്പയുടെ മൂത്ത മകൻ. അനിയനും അനിയത്തിമാരും കീഴെ ജനിച്ചതുകൊണ്ടുമാത്രം മൂത്തവനായിപ്പോയ ഒരു മകൻ. മൂത്തവന്റെ ഉത്തരവാദിത്വവും ശ്രദ്ധയും അഛനമ്മ കൂടപ്പിറപ്പുകളെ ഓർത്തുള്ള കരുതലും കാരണം എന്നും പപ്പയോട് ഒട്ടി നിന്ന മകൻ. ആ നിൽപ്പാണ് ജീജോയുടെ ഔന്നത്യം.

എനിക്ക് ജിജോ ഒരു ത്രീ ഡൈമെൻഷൻ സിനിമയാണ്. എത്ര ചിത്രീകരിച്ചാലും തീരാത്തൊരു ത്രീഡി സിനിമ.

സിനിമാ ക്യാമറയിലേക്ക് ജനിച്ചു വീണവൻ എന്നാണ് ജിജോയെ ഞാൻ വിശേഷിപ്പിക്കുക. ജിജോ പിറക്കുമ്പോൾ പപ്പയുടെ സഹോദരൻ ശ്രീ കുഞ്ചാക്കോയുടെ സ്വന്തം സിനിമാസ്റ്റൂഡിയോ ആയിരുന്നു ഉദയ. സിനിമ രുചിച്ചാണ് ജിജോ വളർന്നതും പഠിച്ചതും. കുട്ടിത്ത മുഖവുമായി ജിജോ അക്കാലത്തെ പല ഉദയാ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അക്കാല നടന്മാരും സംവിധായകരും ഗായകരും എഴുത്തുകാരും കവികളും സംഗീതജ്ഞന്മാരും കലാപ്രതിഭകളും ഛായാഗ്രാഹകരും എല്ലാം ഉദയായിലെ നിത്യ സന്ദർശകർ. വർഷത്തിൽ മൂന്നോ നാലോ സിനിമകൾ നിർമ്മിക്കുന്നൊരു സിനിമാ കമ്പനിയിൽ ജീവിതം രുചിച്ചു വളർന്ന ജിജോക്ക് സിനിമയോട് ആഭിമുഖ്യം തോന്നുക സ്വാഭാവികം. പക്ഷെ ഉദയായിൽ നിന്നും വേർപെട്ട് ജിജോയും കുടുംബവും സ്വന്തമായൊരു സിനിമാ കമ്പനിയുടെ ഉദയം പ്രവചിച്ചപ്പോൾ അത് ആരംഭത്തിൽ തന്നെ മലയാളത്തിലെ ഏറ്റവും പ്രമുഖ സിനിമാ കമ്പനിയായ ”നവോദയ” ആയി മാറി എന്നതാണ് സത്യം. എന്തുകൊണ്ട് ”ഏറ്റവും പ്രമുഖ” എന്നു കൽപ്പിക്കുന്നതെന്ന് ചോദിച്ചാൽ, വർഷങ്ങൾക്കു മുൻപ് പെട്ടെന്നൊരു ദിവസം നവോദയ മലയാളത്തെ മാത്രമല്ല ദക്ഷിണേന്ത്യൻ സിനിമാ വ്യവസായ ശീലത്തെ മൊത്തം എടുത്തങ്ങ് കുലുക്കി കളഞ്ഞതുകൊണ്ട്. അതുവരെ ഇത്തിരിപ്പോന്ന തീപ്പെട്ടി പിക്ച്ചർ വലുപ്പത്തിൽ തീയേറ്ററുകളിൽ കണ്ടിരുന്ന സിനിമയെന്ന അത്ഭുതം ”നവോദയ” നൽകിയ പ്രൊജക്ടർ ലെൻസിലൂടെ അവർ വിരിച്ച വലിയ സ്‌ക്രീനിൽ കടലുപോലെ കണ്ടു തുടങ്ങി. മലയാളത്തിലെ ആദ്യത്തെ സിനിമാ സ്‌ക്കോപ്പ് സിനിമ ”തച്ചോളി അമ്പു” തിയേറ്ററുകളിൽ എത്തിയപ്പോൾ പല തിയേറ്ററുകളിലും കാണികളുടെ കാഴ്ച്ച മറച്ചുകൊണ്ടിരുന്ന മിക്ക തൂണുകളും പിൻവാങ്ങി. കൊട്ടകയുടെ ഒരു വശത്തെ ചുമരിന്നരികിൽ നിന്നും മറുവശത്തെ ചുമരരുകുവരെ വിലിച്ചു നീട്ടിയ തിരശ്ശീലയിൽ പ്രേംനസീർ കുതിരപ്പുറത്ത് കയറി ഇപ്പുറത്ത് നിന്നും അപ്പുറത്തേക്ക് പറന്നു. ഇടതു വശത്തു നിന്നും വലതു വശത്തേക്ക് ഓടി അകന്ന നായകനേം കുതിരയേം കാണാൻ ആളുകൾ ഇരുവശങ്ങളിലേക്കും അത്ഭുതത്തോടെ മുഖം തിരിച്ച് ഇരിപ്പിടങ്ങളിൽ കയ്യടിച്ചാർത്ത് ഇരുന്നു.

ജിജോയുടെ ഇലക്‌ട്രോണിക് തലയിൽ ഉദിച്ചൊരു വെള്ളി വെളിച്ചമായിരുന്നു ആ സിനിമാസ്‌ക്കോപ്പ് അത്ഭുതം. വിദേശങ്ങളിൽ മുൻപെ വന്നിട്ടുണ്ടെങ്കിലും, ഹിന്ദിയിൽ ചിലർ തുടങ്ങിയെങ്കിലും, നമ്മുടെ നാട്ടിലേക്ക് അതിനെ കൊണ്ടുവന്ന് ജനകീയമാക്കി മാറ്റാനുള്ള സാദ്ധ്യത അക്കാലത്ത് വളരെ കുറവായിരുന്നു. ആ കുറവ് പരിഹരിക്കാനുള്ള സാങ്കേതിക വൈഭവവും ഉൾക്കരുത്തും കാണിച്ചത് ജിജോ ആയിരുന്നു. പ്രഗൽഭരും പ്രതിഭാധനന്മാരുമായ സാങ്കേതിക വിദഗ്ധരെ കൂടെ നിർത്തി അതുവരെ കണ്ടിരുന്ന സിനിമാ കാഴ്ച്ചയെ പെട്ടെന്ന് വിശാലമായൊരു ദൃശ്യതലത്തിലേക്ക് ജിജോ മാറ്റിയതോടെ തുടർന്നങ്ങോട്ട് അത്തരം സിനിമകളുടെ ഗംഗാപ്രവാഹം തുടങ്ങി.

ദക്ഷിണേന്ത്യയിലെ തിയേറ്ററുകളിൽ അതിനനുസരിച്ചുള്ള മാറ്റങ്ങൾ പെട്ടെന്നാണ് വന്നത്. സിനിമാ പരസ്യങ്ങളിൽ സിനിമയുടെ പേരുകൾക്ക് താഴെ ”സിനിമാസ്‌ക്കോപ്പ്” എന്ന് പ്രത്യേകം എഴുതാൻ തുടങ്ങി. സിനിമകൾക്ക് ആളുകൾ കൂടി. സാങ്കേതിക രംഗത്ത് ചർച്ചകൾ നടന്നു. പലരും ദൃശ്യവിസ്മയങ്ങൾ തീർക്കാൻ അതുവരെ കാണിക്കാത്ത ഉത്സാഹം കാണിച്ചു തുടങ്ങി. മാറ്റങ്ങളുടെ ആരംഭം ചില നേരം കതിന പൊട്ടുംപോലെയാണ്. ഒരു പൊട്ടലങ്ങ് പൊട്ടും. അതോടെ അതുവരെയുള്ളതെല്ലാം ചിതറിത്തെറിക്കും. തെറിച്ച ധൂളികളെല്ലാം പതിയെ ഒത്തു ചേർന്ന് പുതിയ വിസ്മയങ്ങളായി രൂപാന്തരപ്പെടും. ജിജോ പൊട്ടിച്ചത് അത്തരം ഒരു കതിന. ആദ്യത്തെ സിനിമാസ്‌ക്കോപ്പ് കതിന. പിൽക്കാലത്ത് മലയാള തമിഴ് തെലുങ്ക് കന്നട സിനിമകളുടെ വ്യാപാര സാങ്കേതിക സാദ്ധ്യതകൾ മാറ്റി മറച്ച അത്ഭുത കതിന. കേൾക്കുമ്പോൾ നിസ്സാരമാണെന്ന് തോന്നാം. ”അതുവരെ ഉപയോഗിച്ചിരുന്ന ലെൻസുകൾക്ക് പകരം ക്യാമറയിൽ സിനിമാസ്‌ക്കോപ്പ് ലെൻസ് വെച്ചങ്ങ് ചിത്രീകരിച്ചാൽപോരേ. എന്നിട്ടത് സിനിമയാക്കി പ്രോജക്ടറിൽ മാറ്റം വരുത്തി അങ്ങ് കാണിച്ചാൽ പോരേ. വിശാലമായ വെട്ടം വീഴുന്നതിന്നനു സരിച്ചുള്ള തിരശ്ശീല വേണമെന്നല്ലേ ഉള്ളൂ.”

”അത്രേ ഉള്ളൂ, പക്ഷെ അതിന്നു പിറകിൽ ജിജോ നടത്തിയതുപോലുള്ള ഒരു ഗവേഷണം മലയാള സിനിമയിൽ ഒരു സാങ്കേതിക വിദഗ്ധനോ നിർമ്മാതാവോ അതുവരെ ചിന്തിച്ചിരുന്നില്ല. നടത്തുക മാത്രമല്ല തുടർന്നുള്ള കാലഘട്ടം അതെത്രമാത്രം മാറ്റം ഇൻഡ്യൻ സിനിമയിൽ വരുത്തുമെന്നും ജിജോ അക്കാലത്ത് കുറിച്ചിട്ട തുണ്ടു കടലാസുകളിൽ പോലും വ്യക്തമായിരുന്നു.

ജിജോയുടെ കതിനകൾ അവിടം കൊണ്ടും നിന്നില്ല. സിനിമാസ്‌ക്കോപ്പിൽ നിന്നും കുറെക്കൂടി വലിയ ദൃശ്യവിസ്മയം നൽകിയും അതിനൊപ്പം തന്നെ ആറ് കൈവഴികളായി കേൾവിക്കു ചുറ്റും പകർന്നാടുന്ന മനോഹര ശബ്ദ വിന്യാസം നൽകിയും, കാണികളെ വിസ്മയിപ്പിക്കുന്ന ഒരു സെല്ലുലോയിഡ് ഫോർമാറ്റ് ആയിരുന്നു 70 MM. അത്തരം സിനിമകൾ കാണാൻ മലയാള പ്രേക്ഷകർക്കും നെഞ്ചു തുടിക്കുന്ന കാലം. ജിജോയുടെ നേതൃത്വത്തിൽ നവോദയ മലയാളത്തിലും ഒരു 70 MM സിനിമാ കതിത നിർമ്മിച്ചു.

പടയോട്ടം

പ്രേംനസീർ നായകാനായി വലിയൊരു താരനിരയുടെ പിൻബലത്തോടെ തിയേറ്ററിൽ വന്ന പടയോട്ടം അസാധാരണ ദൃശ്യശബ്ദ അനുഭവമായിരുന്നു. പ്രേംനസീറിന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് പടയോട്ടത്തിൽ അജയ്യതയോടെ നിലകൊണ്ടു. അതോടെ കേരളക്കരയിൽ അങ്ങോളമിങ്ങോളം പല തിയേറ്ററുകളും 70 MM എന്ന് പുറത്ത് തിയേറ്ററിന്റെ പേരിനോടൊപ്പം ചേർത്തെഴുതി. 70 MM സിനിമകൾ അതിന്റെ യഥാർത്ഥ രൂപത്തിൽ ചിത്രീകരിക്കാൻ അതേ നെഗറ്റീവും ക്യാമറയും വേണം. അതിന്റെ ചിലവ് മലയാളത്തിനെന്നല്ല അക്കാലത്ത് ഹിന്ദിക്കു പോലും താങ്ങാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് ജിജോ പടയോട്ടം സിനിമാസ്‌ക്കോപ്പിൽ ചിത്രീകരിച്ച് 70 MM ലേക്ക് വലുതാക്കുകയായിരുന്നു.

ഒരാൾക്കൂട്ടത്തിൽ നിന്നും ഒരാൾ സാങ്കേതികമായി മുന്നേറാനുള്ള മനഃക്കരുത്തും ദൃഢനിശ്ചയവും കാണിക്കുമ്പോൾ, ലക്ഷ്യം പൂർത്തീകരിക്കാനായി അയാൾക്കൊപ്പം ചേരുന്ന സമാന ചിന്താഗതിക്കാരും അയാളോടൊപ്പം വളരും എന്നുള്ളത് സത്യം. ജീജോയെ ഞാൻ നേരിട്ട് കാണുമ്പോഴേക്കും ഈ കടലുകളെല്ലാം ജിജോ കടന്നു കഴിഞ്ഞിരുന്നു. അതേ സമയം മറ്റൊരു മഹാസമുദ്രത്തിന്റെ കരയിലായിരുന്നു ജിജോ. അതാണ് പിന്നീട് ഇൻഡ്യൻ സിനിമയിൽ അട്ടിമറിയായി മാറിയ ത്രിമാന ചലചിത്രം മൈഡിയർ കുട്ടിച്ചാത്തൻ.

ത്രിമാന ആഗ്രഹം ജിജോ പറയുമ്പോഴും അതിനെക്കുറിച്ച് തനിയെ ഇരുന്ന് ചർച്ച ചെയ്യുമ്പോഴും അതെങ്ങിനെ പൂർത്തീകരിക്കും എന്നതിനെക്കുറിച്ച് എനിക്കൊരു ധാരണയും ഉണ്ടായിരുന്നില്ല. പഠിച്ചത് പകരാൻ സന്മനസ്സുള്ള ജിജോക്ക് മനസ്സിൽ ഒരുക്കൂട്ടുന്ന ചിന്തകൾ പ്രാവർത്തികമാക്കാൻ ആരോടും എത്രകാലം സംസാരിക്കാനും മടിയുമില്ല. ജിജോയെ കണ്ടുമുട്ടി വർഷങ്ങൾക്ക് ശേഷമാണ് മൈഡിയർ കുട്ടിച്ചാത്തന് ഞാൻ തിരക്കഥ എഴുതുന്നത്. ആ കാലയളവിന്നുള്ളിൽ ജിജോ ഊതിയിട്ട ഉള്ളിലെ തീ എന്നിൽ ഒരുപാട് ജ്വലിച്ചിരുന്നു. ജിജോ ആഗ്രഹിച്ച വിധം ഒരു കുട്ടിച്ചാത്തനെ തിരക്കഥയിൽ ഒരുക്കാൻ എനിക്ക് സാധിച്ചത് ജിജോയുടെ കഠിനാദ്ധ്വാനം എന്നിൽ ഉണർത്തിവിട്ട ആദരവ് തന്നെയായിരുന്നു.

കുട്ടിച്ചാത്തന്റെ കഥാഗതിയിൽ ജിജോ ആഗ്രഹിക്കുന്ന ചില കാര്യങ്ങളെക്കുറിച്ചുള്ള അറിവ് മാത്രമേ എന്നിൽ ഉണ്ടായിരുന്നുള്ളു. പക്ഷെ തിരക്കഥ എഴുതാം എന്ന തീരുമാനം എടുത്ത ദിവസം സന്ധ്യക്കു മുൻപെ സിനിമയുടെ ഒരു പൂർണ്ണ രൂപം എനിക്ക് പറയാൻ സാധിച്ചു. കേട്ടതും ജിജോ ചിത്രീകരണ സമയം നിശ്ചയിച്ചു. ജിജോക്ക് എല്ലാം പെട്ടെന്ന് വേണം. ജിജോയുടെ പപ്പക്കും എല്ലാം ധൃതിയാണ്. എന്തെങ്കിലും കാര്യം ഏൽപ്പിച്ചാൽ അദ്ദേഹം ഇടക്കിടെ പറയുമായിരുന്നു. ആ, പെട്ടെന്ന് വേണം

ഒരു കാര്യവും പെട്ടെന്ന് ഉണ്ടാകില്ല എന്ന് അദ്ദേഹത്തിനും അറിയാം. എന്നാലും പറയും.
ആ, പെട്ടെന്ന് വേണം

ജിജോയും ഇടക്കിടെ കാണിക്കുന്ന പെട്ടെന്ന് വേണം ഭാവം എനിക്കൊരു കൗതുകമാണ്. മനസ്സും ശരീരവും അഴിച്ചു വെച്ച് മറ്റേതോ ലോകത്തിൽ മേശയും കസേരയും ഇട്ട് എഴുതിക്കൊണ്ടിരിക്കേ ഇടക്കിടെ വന്ന് ജിജോ ചോദിക്കും. ആ സീൻ തീർന്നോ, വായിക്കാമോ

കത്തിച്ചു വിട്ട റോക്കറ്റ് ഭ്രമണ പഥത്തിൽ എത്തിയോ എന്ന് ചോദിക്കുന്നതുപോലെയാണ് അത്. കത്തിച്ചു വിട്ടിട്ടേ ഉണ്ടാവൂ. വിട്ട ആൾ റോക്കറ്റിനൊപ്പം സഞ്ചരിക്കുകയാണ് . നാനാവിധ ഘട്ടങ്ങൾ കടന്നിട്ടു വേണം എത്തേണ്ടിടത്ത് എത്താൻ. തിരക്കഥാ രചനയും അങ്ങിനെയാണ്. തിരക്കഥ പലതരം ഘട്ടങ്ങളുള്ള റോക്കറ്റാണ്. മനസ്സിൽ നിന്നും വേർപെട്ട് മറ്റെവിടേക്കോ അത്
പറക്കുകയാണ് ചെയ്യുക. ഇടക്കൊന്ന് പിടിച്ചു നിർത്താനോ, എവിടംവരെ എത്തിയെന്ന്
നോക്കാനോ, എപ്പോൾ എത്തുമെന്ന് പറയാനോ ആവില്ല. എത്തിയാൽ എത്തി. എന്നാൽ ആ റോക്കറ്റിന്റെ സഞ്ചാരം എഴുതുന്നവന് ഒരു പരമാനന്ദ സുഖം നൽകും. ചിലനേരം അസഹ്യമായ വേദനയും നൽകും. എന്നാലും ജിജോ ഇടക്കിടെ ചോദിക്കും.
തീർന്നോ, വായിക്കാമോ..?

കേൾക്കാനുള്ള ആവേശംകൊണ്ടാണ് ആ ചോദ്യം. വിശക്കുന്ന കഞ്ഞിക്കലത്തിനു മുന്നിലെ കുട്ടിയെപോലെ ആ ചോദ്യം ജിജോയിൽ നിന്നും വീണുകൊണ്ടേയിരിക്കും. കുട്ടിച്ചാത്തൻ
എഴുതവേ ആ ചോദ്യത്തിൽ നിന്നും രക്ഷപ്പെടാനായി ഒരിക്കൽ ജിജോയോട് പറയാതെ എറണാകുളത്ത് നിന്നും ഞാനങ്ങ് നേരെ തളിപ്പറമ്പിൽ പോയി ഒരു മുറിയെടുത്തങ്ങ് താമസിച്ചു. എന്നിട്ട് കുട്ടിച്ചാത്തനോട് വാതിലടക്കാനും പറഞ്ഞു. ആരു വന്നാലും തുറക്കണ്ട. പക്ഷെ രണ്ടാം ദിവസം ജിജോ വന്നു. ഒപ്പം ഞങ്ങളുടെ പ്രിയപ്പെട്ട ശേഖറും ഉണ്ടായിരുന്നു. ശേഖറാണ് കുട്ടിച്ചാത്തന്റെ കലാസംവിധായകൻ. ശ്വാസത്തേക്കാൾ കൂടുതൽ ചിരിക്കുന്ന മനുഷ്യൻ. അവിടെ എത്തിയിട്ടും ജിജോ ആദ്യം ചോദിച്ചത് തീർന്നോ, വായിക്കാമോ എന്നാണ്.
ജിജോ ശ്രദ്ധാപൂർവ്വം മെനഞ്ഞെടുത്തൊരു ത്രിമാന കാവ്യമാണ് മൈഡിയർ കുട്ടിച്ചാത്തൻ. അങ്ങിനൊരു അനുഭവം അതുവരെ ഇൻഡ്യൻ സിനിമയിൽ ഉണ്ടായിട്ടില്ല. എത്രയോ പേരുടെ മനസ്സിലെ സൃഷ്ടിയുടെ ചക്രവാളം അവർപോലും അറിയാതെ വികസിച്ചങ്ങനെ പോവുകയായിരുന്നു ആ ചാത്തൻ കാരണം. ആ സൃഷ്ടിക്ക് ജിജോ നൽകിയ ആത്മാർപ്പണത്തോട് തുല്ല്യമെന്ന് പറയാവുന്നത് ജിജോക്ക് ഒപ്പം നിന്ന പപ്പയുടെയും സഹോദരന്റെയും നവോദയ എന്ന ആൾക്കൂട്ടത്തിന്റെയും അത്യദ്ധ്വാനം മാത്രം.

ഞാനെന്തിന് ഇപ്പോൾ ജീജോയെക്കുറിച്ച് ഇത്രമാത്രം പറയുന്നു. കാരണമുണ്ട്. ജിജോ പുതിയൊരു ത്രിമാന സിനിമയുടെ തലതൊട്ടപ്പനായി മാറുകയാണ് ഇനിയുള്ള ദിവസങ്ങളിൽ. അത് സംവിധാനം ചെയ്യുന്നത് മോഹൻലാൽ ആണ്. ജിജോ സാങ്കേതിക കാര്യങ്ങൾ നോക്കി ഒപ്പം ഉണ്ടാവും. എനിക്ക് വളരെ സന്തോഷം തരുന്ന കാഴ്ച്ചയാണ് അത്. ജിജോയിൽ നിന്നും ആ കഥ നേരത്തെ ഞാൻ കേട്ടതാണ്. ബറോസ്സ എന്ന പാവം ഭൂതത്തിന്റെ കാത്തിരിപ്പിന്റെ കഥ. മനോഹരമാണ് ആ കഥ. മോഹൻലാൽ ഭൂതമായി ആ ത്രിമാനത്തിൽ പ്രത്യക്ഷപ്പെടുന്നത് കാത്തിരിക്കയാണ് ഞാൻ. ഭൂതമായി മാത്രമല്ല, ജിജോ ഡൈമെൻഷനിലൂടെ നടന വൈഭവമായ മോഹൻലാൽ
സംവിധായകനായും മാറുകയാണ്.

(കടപ്പാട് : കുടുംബം മാസിക :പുതിയ ലക്കം.

വര. ഷെറീഫ്‌.)

News Desk

Recent Posts

അലറിവിളിച്ച് ജാസ്മിൻ, പൊട്ടിക്കരഞ്ഞ് ഗബ്രി; മാനസിക സമ്മർദം താങ്ങാൻ കഴിയാതെ ഇരുവരും ഔട്ട് ആകുന്നു..!!

മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…

2 weeks ago

42 ആം വയസിൽ രണ്ടാം വിവാഹം കഴിച്ചതിന്റെ സന്തോഷത്തിൽ നടി ലെന; പ്രണയമല്ല ഞങ്ങളെ ഒന്നിപ്പിച്ചതെന്നും താരം..!!

മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…

2 months ago

തട്ടിപ്പിൽ കേസിൽ പോലീസ് പിടിയിലായ രവീന്ദറിനെ കൈവിടാതെ മഹാലക്ഷ്‍മി; ജാമ്യത്തിലറിങ്ങിയ ഭർത്താവിനെ കുറിച്ച് മഹാലക്ഷ്മി പറഞ്ഞത് ഇങ്ങനെ..!!

നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…

7 months ago

മാസ്സ് കാട്ടാൻ മോഹൻലാൽ ഓടി നടന്നപ്പോൾ തുടർച്ചയായി 7 വർഷങ്ങൾ ബോക്സ് ഓഫീസ് വിജയങ്ങൾ നേടി മമ്മൂട്ടി..!!

മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…

7 months ago

സ്തനങ്ങളുടെ വലുപ്പം പറയുമ്പോൾ 34 അല്ലെങ്കിൽ 36 എന്ന് പറയുന്നത് നിങ്ങൾക്ക് നിങ്ങളുടെ കപ്പ് സൈസ് പറയാൻ അറിയുമോ; എങ്ങനെ കണ്ടെത്താം നിങ്ങളുടെ കപ്പ് സൈസ്..!!

സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…

8 months ago

നൊന്ത് പ്രസവിച്ച രണ്ട് പെണ്മക്കളെ മറന്നുകൊണ്ട് അപർണ്ണ നായർ ജീവനൊടുക്കി എങ്കിൽ ജീവിതത്തിൽ എത്രത്തോളം വേദന അനുഭവിച്ചു കാണും..!!

മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…

8 months ago