ഭീകരതക്കും രാഷ്ട്രീയ കൊലപാതകങ്ങൾക്കും ഒരേ മുഖം; മോഹൻലാലിന്റെ ബ്ലോഗ്..!!

പുൽവാമ ഭീകരാക്രമണം കൊണ്ടും കേരളത്തിലെ രാഷ്ട്രീയ കൊലപാതക വാർത്ത കണ്ടും നമ്മൾ വിറങ്ങലിച്ചു നിൽക്കുമ്പോൾ രണ്ടും ഭീകരതയുടെ ഭാഗമാണ് എന്നാണ് മോഹൻലാൽ തന്റെ ബ്ലോഗിലൂടെ കുറിക്കുന്നത്.

തന്റെ അഭിപ്രായങ്ങൾ ബ്ലോഗിലൂടെ എന്നും തുറന്ന് പറഞ്ഞിരുന്ന മോഹൻലാൽ, നീണ്ട ഇടവേളക്ക് ശേഷമാണ് വീണ്ടും ബ്ലോഗ് എഴുതുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ21ന് ആയിരുന്നു മോഹൻലാലിന്റെ അവസാന ബ്ലോഗ്, ഇപ്പോഴിതാ ഇന്ത്യ മുഴുവൻ ഭീകരതയുടെ ക്രൂരതയിൽ വിറങ്ങലിച്ച് നിൽക്കുമ്പോൾ നമ്മൾ ലജ്ജിച്ചു തല താഴ്ത്തുക ആണെന്നും മോഹൻലാൽ പറയുന്നു.

ബ്ലോഗ് പോസ്റ്റിന്‍റെ പൂർണരൂപം;

അവർ മരിച്ചുകൊണ്ടേയിരിക്കുന്നു,നാം ജീവിക്കുന്നു.

കുറച്ച് കാലമായി എഴുതിയിട്ട്, പറയാനും എഴുതാനും ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷെ, എന്തിന്. ആരോട് പറയാൻ!!! ആര് കേൾക്കാൻ. ഇപ്പോൾ എഴുതണം എന്ന് തോന്നി. അതിനാൽ ഒരു കുറിപ്പ്.

വടക്ക് നിന്നും വീണ്ടും മൃതേദഹ പേടകങ്ങൾ വിറങ്ങലിച്ച് നിൽക്കുന്ന വീട്ടുമുറ്റങ്ങളിലെത്തി. പ്രിയപ്പെട്ടവന്റെ ചിതറിയ ശരീരം ആ പേടകങ്ങളിൽ വെള്ള പുതുച്ചുകിടന്നു. തീഗോളമായി ചിതറും മുമ്പ് അവർ ആരോടൊക്കെയോ സംസാരിച്ചിരുന്നു; അമ്മയോട്, അച്ഛനോട്, ഭാര്യയോട്, പൊന്നുമക്കളോട്.

ആരോടൊക്കെയോ അവർ വിശേഷങ്ങൾ പങ്കുവച്ചു. വേഗം വരാം എന്ന് ആശ്വസിപ്പിച്ചു. ‘ഒന്നും സംഭവിക്കില്ല’ എന്ന് പ്രതീക്ഷിച്ചു. കശ്മീരിന്റെ തണുപ്പിനെ നേരിടാൻ അവർക്ക്, ആ ജവാന്മാർക്ക് പ്രിയപ്പെട്ടവരുടെയും, കാത്തിരിക്കുന്നവരുടെയും, സ്നേഹച്ചൂട് മതിയായിരുന്നു.

ആ ചൂടിൽ, അവർ ചിറകൊതുക്കവെ മരണം അവന്റെ രൂപത്തിൽ വന്നു. സ്വയം ചിതറി, മറ്റുള്ളവരെ കൊല്ലുന്ന നാണമില്ലാത്ത, ഭീരുവിന്റെ രൂപത്തിൽ. തണുത്ത നിലങ്ങളിൽ അവർ ചിതറി. ഭൂമി വിറച്ചു, പർവതങ്ങൾ ഉലഞ്ഞു. തടാകങ്ങൾ നിശ്ചലമായി. ദേവദാരുക്കൾ പോലും കണ്ണടച്ച് കൈകൂപ്പി. പിന്നീടവർ മൃതദേഹ പേടകങ്ങളിലേറി വീടുകളിലേക്ക് പോയി. എല്ലാ പ്രതീക്ഷകളും ഒരു വലിയ വിലാപത്തിൽ മുങ്ങി. ആ വിടുകളിൽ സൂര്യൻ അസ്തമിച്ചു. ഇനിയൊരു ഉദയമില്ലാതെ,

ആ വീരജവാന്മാർ പോയ വഴികളിലൂടെ ഒന്നിലധികം തവണ ഞാൻ കടന്നുപോയിട്ടുണ്ട്. നടനായിട്ടാണെങ്കിലും അവർ നിന്നയിടങ്ങളിൽ നിന്ന്, ആ ചങ്കിടുപ്പുകളെ സ്വാംശീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അവരുടെ വേദനകൾ, സങ്കടങ്ങൾ, പരാതികൾ കേട്ടിട്ടുണ്ട്. അവർ പകർന്ന കരുതലിന്റെ സുരക്ഷിതത്വം അനുഭവിച്ചിട്ടുണ്ട്. ഓരോ നിമിഷവും, അവരുടെ പാദങ്ങളിൽ പ്രണമിക്കാൻ തോന്നിയിട്ടുണ്ട്.

ശമ്പളത്തിന് മാത്രമല്ല നമ്മുടെ ധീരജവാന്മാർ ജോലി ചെയ്യുന്നത്, മരണം മുന്നിൽ വന്ന് നിൽക്കുമ്പോൾ അവർ അതിനെക്കുറിച്ച് ഓർക്കാറേയില്ല. ശത്രുക്കൾ പതുങ്ങുന്ന അതിർത്തിയിലേക്ക് കണ്ണുനട്ടിരിക്കുമ്പോൾ തനിക്ക് പിറകിൽ ഒരു മഹാരാജ്യമാണ് പരന്നുകിടക്കുന്നത് എന്ന കാര്യം അവനറിയാം. താൻ മരിച്ചാലും രാജ്യം ജീവിക്കണം, സുരക്ഷിതമാകണം, സുഖമായുറങ്ങണം, ഉണരണം, ഉയരങ്ങളിലേക്ക് വളരണം.

ഓരോ ജവാനും ഓരോ നിമിഷവും ഇതുപറയുന്നു. അതാണ് നമ്മെ ജീവിപ്പിക്കുന്നത്. ആ ജന്മകടത്തിന് മുന്നിൽ സാഷ്ടാംഗ പ്രണാമം. ഞങ്ങൾക്കറിയാം, നിങ്ങൾ മരിച്ചുകൊണ്ടേയിരിക്കുന്നു. ഞങ്ങൾ ജീവിക്കുന്നു. നിസാര കാര്യങ്ങൾക്ക് കലഹിച്ചുകൊണ്ട്, നിരർത്ഥ‌ക മോഹങ്ങളിൽ മുഴുകിക്കൊണ്ട്,

രാജ്യത്തിന്റെ വടക്ക് ഭാഗത്ത് ജവാന്മാർ കൊല്ലപ്പെടുമ്പോൾ, നമ്മുടെ നാട്ടിലും കൊലപാതകങ്ങൾ നടക്കുന്നു. രണ്ടും ഭീകരത തന്നെ. ജവാന്മാർ രാജ്യത്തിന്റെ കാവൽക്കാരാണെങ്കിൽ ഇവിടെ കൊല്ലപ്പെടുന്നവർ കുടുംബത്തിന്റെ കാവൽക്കാരായിരുന്നു.

അതിർത്തിക്കപ്പുറത്തുള്ള ഭീകരത ഇല്ലാതാക്കാം. നമുക്കിടയിലുള്ള ഭീകരരെ എന്തു ചെയ്യും. അവരെ ഒറ്റപ്പെടുത്തു. തള്ളിക്കളയുക. ആരായിരുന്നാലും ശരി, സഹായിക്കാതിരിക്കുക. മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേവുന്ന വേദന ഇനിയും കാണാൻ ഇടവരാതിരിക്കട്ടെ.

അവരുടെ കരച്ചിലും കാത്തിരിപ്പും നമ്മുടെ പേടിസ്വപ്നങ്ങളിൽ നിറയാതിരിക്കട്ടെ. അതെ, അവർ മരിച്ചുകൊണ്ടേരിയിക്കുന്നു. നാം ജീവിക്കുന്നു. ജീവിച്ചിരിക്കുന്ന, ഹൃദയമുള്ള മനുഷ്യർക്ക് വേണ്ടി ഞാൻ ചോദിക്കുന്നു, മാപ്പ് മാപ്പ്. ലജ്ജയോടെ, തകർന്ന ഹൃദയത്തോടെ, ഞങ്ങൾ ജീവിതം തുടരട്ടെ.

സ്നേഹപൂർവം, മോഹൻലാൽ

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago