മരണത്തിലേക്കുള്ള ദൂരം കുറയുന്നു, നിന്റെ സമയം തീരാറാവുന്നു എന്ന് ആരോ ഓർമപ്പെടുത്തുന്ന പോലെ; മോഹൻലാൽ..!!

മെയ് 21ന് ആയിരുന്നു നടന വിസ്മയം മോഹൻലാൽ തന്റെ മറ്റൊരു ജന്മദിനം കൂടി ആഘോഷിച്ചിരിക്കുന്നു. എല്ലാം മാസവും 21ന് ആണ് മോഹൻലാലിന്റെ ബ്ലോഗ് എത്തുന്നത്. എന്നാൽ തിരക്കുകൾക്ക് ഇടയിൽ മോഹൻലാൽ പലപ്പൊഴും ബ്ലോഗുകൾ എഴുതാറില്ല. എന്നാൽ, തന്റെ ജന്മദിനത്തിൽ വ്യത്യസ്തമായ ബ്ലോഗുമായി ആണ് മോഹൻലാൽ എത്തിയിരിക്കുന്നത്.

പിറന്നാൾ ദിനം എത്തുന്നതിന് മുന്നേ തന്നെ നിരവധി ആശംസകൾ എത്തി തുടങ്ങി എന്നും, എല്ലാവരുടെയും പ്രാർത്ഥന തന്നെയാണ് തന്റെ വിജയങ്ങൾക്ക് പിന്നിൽ എന്നും മോഹൻലാൽ പറയുന്നു.

ബ്ലോഗിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

വീണ്ടും ഒരു പിറന്നാൾ ദിനം, ദിവസങ്ങൾക്ക് മുമ്പേ ആശംസകൾ പ്രവഹിച്ചു തുടങ്ങിയിരുന്നു. അതിപ്പോഴും തുടരുന്നു, ദീർഘായുസ്സ് നേർന്നു കൊണ്ട്, നല്ല തുടർജീവിതം ആശംസിച്ചു കൊണ്ട്, ആരോഗ്യത്തിനായി പ്രാർഥിച്ചു കൊണ്ട്. അറിയുന്നവരും അറിയാത്തവരുമായി ഒരുപാട് പേർ, ഈ സ്നേഹവും പ്രാർഥനയുമാണ് എന്നെ ഞാനാക്കിയത്, ഇന്നും ഇടറാതെ നിലനിൽത്തുന്നത്. ഭാവിയിലേക്ക് സഞ്ചരിക്കാൻ പ്രചോദിപ്പിക്കുന്നത്.. എല്ലാവർക്കും നന്ദി. എന്റെയും എന്റെ കുടുംബത്തിന്റെയും സ്നേഹം. അടുത്ത ദിവസമാകുമ്പോഴേക്കും ആശംസകളുടെ ഈ പെരുമഴ തോരും, ആഘോഷങ്ങൾ തീരും എല്ലാവരും പിരിയും. വേദിയിൽ ഞാൻ മാത്രമാകും. അത്തരം സന്ദർഭങ്ങളില്‍ ഞാൻ എന്നിലേക്ക് തന്നെ തിരിഞ്ഞു നോക്കും. ഞാൻ നടന്ന ദൂരങ്ങൾ, എന്റെ കർമങ്ങൾ എല്ലാം എന്റെ ഉള്ളിൽ തെളിഞ്ഞു മായും. fade in fade out ദൃശ്യങ്ങൾ പോലെ. അത് കഴിയുമ്പോൾ ഒരുപാട് തിരിച്ചറിവുകൾ, ബോധ്യങ്ങൾ എന്നിവയെല്ലാം എന്നിലേക്ക് വന്നു നിറയും, ഞാൻ പിന്നെയും യാത്ര തുടരും.

ഇങ്ങനെയാണ് എന്റെ ഓരോ പിറന്നാളുകളും പെയ്തു തീരാറുള്ളത്. യഥാർഥത്തില്‍ പിറന്നാളുകൾ ആഘോഷിക്കാനുള്ളതാണോ എന്ന് ജീവിതത്തെകുറിച്ച് ആഴത്തിൽ ചിന്തിച്ച പലരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ആ സംശയത്തില്‍ കാര്യവുമുണ്ട്. ഓരോ പിറന്നാളും മരണത്തിലേക്കുള്ള നമ്മുടെ ദൂരം കുറയ്ക്കുകയാണ് ചെയ്യുന്നത് നിന്റെ സമയം തീരാറാവുന്നു എന്ന് ആരോ ഓർമപ്പെടുത്തുന്നു. ശേഷിച്ച സമയത്തിന്റെ വില മനസ്സിലാക്കിത്തരുന്നു. ആ മനസിലാക്കലിൽ നിന്നാവണം നാം ഭാവി ജീവിതത്തിന് രൂപം നൽകാൻ. കുറച്ചു ഓവറുകൾ മാത്രമേയുള്ളൂ, ജയിക്കണമെങ്കിൽ ഷോട്ടുകൾ കൃത്യമായി തിരഞ്ഞെടുത്തു കളിക്കണം. ആ അവസ്ഥയിലെ ബാറ്റ്‌സ്മാന്റെ മാനസിക നിലയിലാണ് ഓരോ പിറന്നാളുകളും കഴിയുമ്പോഴും ചിന്തിക്കുന്ന മനുഷ്യരും പങ്കുവയ്ക്കുന്നത് എനിക്ക് തോന്നുന്നു. തിരിഞ്ഞ് നോക്കുമ്പോൾ, കേരളത്തിലെ ഒരു മദ്യവർഗ്ഗ കുടുംബത്തിൽ പിറന്ന ഞാൻ. ഞാൻ പോലും പ്രതീക്ഷിക്കാത്ത ഒരു മേഖലയിൽ എത്തിപ്പെട്ടു. അതിൽപ്പെട്ട് ഒഴുകി. അഭിനയമാണ് എന്റെ അന്നം എന്ന് തിരിച്ചറിഞ്ഞത് കുറേക്കൂടി കഴിഞ്ഞതിന് ശേഷമാണ്. അന്ന് മുതല്‍ ആത്മാർഥമായി എന്നെ അർപ്പിക്കുകയായിരുന്നു.

വിജയങ്ങൾ ഉണ്ടായി വീഴ്ചകളും. ഒരുപാട് സ്നേഹിക്കപ്പെട്ടു, കുറെയൊക്കെ കല്ലെറിയപ്പെടുകയും ചെയ്തു, ആദരിക്കപ്പെട്ടു, അധിക്ഷേപിക്കപ്പെടുകയും ചെയ്തു. രണ്ടിനെയും ബാലൻസ് ചെയ്യാൻ ആദ്യമൊക്കെ ഞാനേറെ ബുദ്ധിമുട്ടി. പിന്നെ പിന്നെ രണ്ടിനെയും സമചിത്തതയോടെ നേരിടാൻ പഠിച്ചു. ദ്വന്ദ്വ സഹനം താപഃ എന്നാണല്ലോ. ചൂടിനെയും തണുപ്പിനെയും ഉയർച്ചയെയും വീഴ്ചയെയും ഒരുപോലെ കാണുന്നതാണ് തപസ്സ്. ഇത്തരം കാര്യങ്ങളിൽ ഞാനിപ്പോൾ നിർമ്മനാണ്. മനുഷ്യർക്ക് തെറ്റ് പറ്റും. മനുഷ്യർക്കേ തെറ്റ് പറ്റൂ. ലോകയാത്രയിൽ ഒരുപാട് മാലിന്യം യാത്രികന്റെ ശരീരത്തിൽ പെടും. അത് യാത്രികന്റെ വിധിയാണ് എന്നാൽ ആ മാലിന്യം ആത്മാവിലേക്ക് പ്രവേശിക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി എന്നെനിക്ക് തോന്നുന്നു. മനസ്സ് എന്ന സാളഗ്രാമത്തെ ചളിയോ പൊടിയോ പുരളാത്ത കാത്ത് സൂക്ഷിക്കുക. ആത്മാവിന്റെ ചൈതന്യത്തെ നിരന്തരം വർധിപ്പിക്കുക ആസക്തികൾ സ്വയം കൊഴിഞ്ഞുപോകുന്നത് സാക്ഷിയെപ്പോലെ കണ്ടിരിക്കുക. വാർധക്യം പതുക്കെ പ്പതുക്കെ നടന്ന് വന്ന് നമ്മളിൽ പടരുന്നത് കണ്ണടച്ചിരുന്നത് അനുഭവിക്കുക. അതൊരു സുഖമാണ്. ഓരോ പിറന്നാൾ ദിനത്തിലും അതിന് തൊട്ടുള്ള ദിനങ്ങളിലും ഞാനിത് അനുഭവിക്കുന്നു. നിഷ്‌കളങ്കരായി പിറന്ന മനുഷ്യൻ ലോകത്തിന്റെ വാണിഭങ്ങളിലൂടെ കടന്നുപോയി ആരൊക്കെയോ ആയി മാറുന്നു. ഒടുവിൽ അവന് വീണ്ടും നിഷ്‌കളങ്കനാവേണ്ടതുണ്ട്. എല്ലാ ദർപ്പങ്ങളുടെയും പടം പൊഴിക്കേണ്ടതുണ്ട്.

അപ്പോൾ യാത്രയിൽ എവിടെയോ വെച്ച് പിരിഞ്ഞ്‌പോയ ആ കുട്ടിയുടെ മുഖം തെളിഞ്ഞ് തെളിഞ്ഞ് വരുന്നതായി കാണാം. അവൻ അവിടെയുണ്ടായിരുന്നു. ലോകത്തിന്റെ മാലിന്യത്തിനിടയിൽ കാണാതായതാണ്. ഒരിക്കൽക്കൂടി അവനായി മാറിക്കഴിഞ്ഞാൽ നാം തയ്യാറായിക്കഴിഞ്ഞു. പിന്നെ എപ്പോൾ വേണമെങ്കിലും പോകാം. ആ കുട്ടിയെ ഞാൻ കണ്ടെത്തിക്കഴിഞ്ഞു. അവനാവാനുള്ള പരിശ്രമത്തിലാണിപ്പോൾ. ഒരു പഴുത്ത ഇല ഞെട്ടറ്റ് പോകുന്നതുപോലെയാണ് പ്രാണൻ പറന്ന് പോവുന്നത് എന്നെവിടെയോ വായിച്ചിട്ടുണ്ട്. അല്ലെങ്കിൽ ഒരു തിരമാല കടലിൽ വീണടിയുന്നത് പോലെ ഒരു മൻകുടം ഉടഞ്ഞ് വീണ്ടും മണ്ണായി മാറുന്നത് പോലെ. അമ്മ മരിച്ചപ്പോൾ രമണ മഹർഷി ‘absorbed’ എന്ന വാക്കാണ് ഉപയോഗിച്ചത് എന്ന് കേട്ടിട്ടുണ്ട്. അങ്ങിനെ ലയിക്കണമെങ്കിൽ വാനസകളെല്ലാം ഒടുങ്ങണം.

ഒരു മുളന്തുണ്ട് പോലെ മനുഷ്യൻ ശൂന്യനാവണം. അതിനാണ് ശ്രമം. ഏറ്റവും മനോഹരമായ മരണമേത് എന്ന് എന്നോട് ചോദിച്ചാൽ ശങ്കരാചാര്യയുടേത് എന്നാണ് ഉത്തരം. കാലം കഴിഞ്ഞപ്പോൾ, കർമങ്ങൾ തീർന്നപ്പോൾ കേദാർനാഥും കഴിഞ്ഞ് ഹിമാലയത്തിന്റെ മഞ്ഞു മലകൾക്കപ്പുറത്തേക്ക് അദ്ദേഹം നടന്നു പോയി. അതുപോലെ മാഞ്ഞു പോവുക ഒരു സ്വപ്നമാണ് ഓരോ പിറന്നാൾ ദിനത്തിലും ഞാൻ ആ സ്വപ്നം കാണാറുണ്ട്. അത് ഒരിക്കലും യാഥാര്‍ഥ്യമാവില്ലെങ്കിലും.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago