മലപ്പുറം കോട്ടക്കലിൽ സർക്കാർ പ്രീ പ്രൈമറി സ്‌കൂളിൽ ആണ് അധ്യാപികക്ക് ദുരനുഭവം ഉണ്ടായത്, വിവാഹം കഴിഞ്ഞു നാലാം മാസം പ്രസവിച്ചു എന്നുള്ള കാരണം കൊണ്ടാണ് അധ്യാപികയെ സ്‌കൂളിൽ നിന്നും മറ്റ് അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പുറത്താക്കിയത്.

ഡിഡിഇയുടെ ആവശ്യപ്രകാരം തിരികെ പ്രവേശിക്കാൻ അനുമതി ലഭിച്ചു എങ്കിൽ കൂടിയും ഇതെല്ലാം പാടെ അവഗണിച്ചാണ് അധ്യാപികയെ പുറത്താക്കിയത്. തുടർന്ന്, അധ്യാപികയെ മോശം വാക്കുകൾ ഉപയോഗിച്ച് പരസ്യമായി അപമാനിച്ചതായും അധ്യാപിക പറയുന്നു.

കഴിഞ്ഞ അഞ്ച് വർഷമായി സേവനം അനുഷ്ഠിക്കുന്ന സ്‌കൂളിൽ നിന്നുമാണ് പ്രസാവധി കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ പുറത്താക്കി എന്ന വിവരം അധ്യാപിക അറിയുന്നത്. തന്റെ വ്യക്തിപരമായ കാര്യങ്ങളിൽ സ്‌കൂൾ അധികൃതർ അന്വേഷിക്കേണ്ട ആവശ്യം ഇല്ല എന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

ഡിഡിഇ എന്താണ് വിശദീകരണം നൽകിയത് എന്ന് അറിയണം എന്ന് പിടിഎ മീറ്റിങ്ങിൽ പറഞ്ഞ അധ്യാപികയെ മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപങ്ങളും മറ്റും നടത്തി എന്നും പരാതിയിൽ പറയുന്നു.