മാതാപിതാക്കളുടെ ജീവിത ലക്‌ഷ്യം തന്നെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകി അവരെ നല്ല നിലയിൽ എത്തിക്കുക എന്നുള്ളതാണ്. അത് പെണ്മക്കൾ ആയാൽ വരുടെ വിവാഹം. എന്നാൽ ഇന്നത്തെ തലമുറ മാതാപിതാക്കൾക്ക് വില നൽകാത്ത ഒരു വിഭാഗം ഉരുത്തിരിഞ്ഞു വന്നു കഴിഞ്ഞു. 18 വയസ്സ് പൂർത്തിയായാൽ അവർക്ക് അവരുടെ ലോകം അച്ഛനും അമ്മയ്ക്കും സ്ഥാനം ഇല്ലാത്ത അവസ്ഥയാണ് ഇന്നത്തെ ഒരു വിഭാഗം മാറിയിരിക്കുന്നത്. ഇപ്പോഴിതാ കൗൺസിലിംഗ് സെന്ററിൽ എത്തിയ ഒരമ്മയുടെ കുറിപ്പാണ് കല മോഹൻ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ,

മകളുടെ കാമുകന് വയസ്സ് 32 തൊഴിൽ ഗുണ്ട.
വിദ്യാഭ്യാസം ഇല്ല..! മകൾക്കു വയസ്സ് 19, എഞ്ചിനീറിങ് വിദ്യാർത്ഥിനി. പോലീസ് ഓഫീസർ റെഫർ ചെയ്ത കേസ് ആണ്. നിങ്ങളുടെ മകളുടെ പുറകെ ഞാൻ നടക്കുന്നില്ല. അവളെ പറഞ്ഞു മാറ്റാമെങ്കിൽ ചെയ്യൂ..! വിശാലമനസ്കനായ ”ഗുണ്ടയുടെ” ഔദാര്യം പാവം അച്ഛനും അമ്മയ്ക്കും..

കൗൺസലിംഗ് നു കൊണ്ട് വരാനായി വിളിച്ചു സംസാരിച്ചപ്പോഴേ ആ അച്ഛനോട് ഞാൻ പറഞ്ഞു, എനിക്ക് ഉറപ്പ് പറയാൻ പറ്റില്ല..
സംസാരിച്ചു നോക്കാം. എന്റെ മനസ്സിൽ ഒരു പഴയ നീറുന്ന ഓർമ്മ ഉണ്ട്. കൊല്ലം നഗരത്തെ മുഴുവൻ നടുക്കിയ ഒരു സംഭവം. രണ്ടു പെൺമക്കളെയും ഭാര്യയെയും കൊന്നിട്ട് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത കേസ്. ആ പെൺകുട്ടികളിൽ ഇളയ കുട്ടി ഞാൻ മുൻപ് ജോലി ചെയ്തിരുന്ന പ്ലസ് ടു സ്കൂളിലെ വിദ്യാർത്ഥിനി ആയിരുന്നു.

നന്നായി അറിയാമായിരുന്ന ഒരു കുട്ടി. പാവം !
അവളുടെ ചേച്ചിയും ഇതേ പോലെ ഒരു ഗുണ്ടയുടെ കാമുകി ആയിരുന്നു. പരമാവധി ശ്രമിച്ചിട്ടും പിന്മാറാതെ വന്നപ്പോ ആ അച്ഛൻ, അവസാനം അത് ചെയ്തു. എല്ലാവരെയും കൊന്നിട്ട് അദ്ദേഹം തൂങ്ങിമരിച്ചു. എത്രയോ ദിവസം ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റിട്ടുണ്ട്,.!

അച്ഛൻ മരിച്ച മകളെയും കൊണ്ട് ഒരു ‘അമ്മ ഇതേ അവസ്ഥയിൽ മുന്നിലിരുന്നു ഹൃദയം പൊട്ടി കരഞ്ഞിട്ടുണ്ട്. അതും ഒരു കൊട്ടേഷൻ ക്രിമിനൽ. പക്ഷെ അവളെ തിരുത്തി കൊണ്ട് വരാൻ പറ്റി.

മെഡിക്കൽ വിദ്യാർഥിനി ആയ അവളെ വിട്ടു കിട്ടണം എന്നാവശ്യപ്പെട്ടു അവനും കൂട്ടരും കോടതി വരെ എത്തി.. habeas corpus ഫയൽ ചെയ്തു. പെൺകുട്ടി കോടതിയിൽ വീട്ടുകാർക്കൊപ്പം പോയാൽ മതിയെന്നു പറഞ്ഞു.

അടുത്ത കേസ്, ഗുണ്ടയായ കാമുകന് പണം കൊടുക്കാൻ വ്യഭിചാരിക്കാൻ തയ്യാറായ ഒരു പെൺകുട്ടിയുടെ ആയിരുന്നു. പോലീസ് സംവിധാനത്തിന്റെ, മികവ് കൊണ്ട് മാത്രം രക്ഷിക്കാൻ പറ്റിയ ഒരു പെൺകുട്ടിയുടെ ജീവിതം.

വീണ്ടും ഒരു അച്ഛൻ കൂടി എന്റെ മുന്നിൽ..
ദേഷ്യവും സങ്കടവും അപമാനവും ഒക്കെ കലർന്ന മുഖത്തോടെ ഇരിക്കുന്ന അദ്ദേഹത്തിന്റെ മുഖം. ആകെ തകർന്നു കുനിഞ്ഞു ഇരുന്നു കരയുന്ന അമ്മയുടെ മുഖം. ഒരു ശത്രുവിനെ പോലെ നോക്കി ഇരിക്കുന്ന മകളുടെ മുഖം.

കള്ളുകുടിയ്ക്കും. അതിപ്പോ ആരാ കുടിക്കാതെ..? സ്ത്രീവിഷയം ഉണ്ട്. അത് പ്രശ്നമില്ല.?? അദ്ദേഹത്തിനെ ഒരുപാട് സ്ത്രീകൾക്ക് ഇഷ്‌ടമാണ്‌. ചങ്കൂറ്റം ഉള്ള ആണന്നു. പക്ഷെ അവരെ ഒക്കെ വെട്ടി ഞാൻ നേടും.

നിന്നോട് സ്നേഹമുണ്ടോ..? അതിനു ഉത്തരം ഇതാണ്. എനിക്കുണ്ട്..! എനിക്ക് അദ്ദേഹത്തിനെ മതി..! unconditional love!

ചേട്ടന്റെ ജാതി ഞങ്ങളുടേതിൽ കുറഞ്ഞതാണോ ഇത്രയും വലിയ പ്രശ്നം?

എന്നെയും ശത്രുവായി തന്നെ അവൾ കാണുകയും കാര്യങ്ങൾ മറ്റൊരു വഴിക്കു നീക്കുകയും ചെയ്യുന്നു. പൊള്ളുന്ന പ്രശ്നങ്ങൾ കുരുട്ടു ബുദ്ധിയിൽ ഒഴിവാക്കി, മറ്റൊരു രീതിയിൽ കാര്യം മാറ്റിമറിക്കും. മർമ്മഭാഗത്താണ് ഇപ്പോൾ അവൾ ചവിട്ടിയിരിക്കുന്നത്.

ജാതിയും മതവുമില്ല, അവന്റെ രീതികളാണ് നോക്കേണ്ടത്, വെട്ടും കുത്തും പോലീസ് കേസുമായി നടക്കുന്ന ഒരാളെ മതിയോ? വെറുതെ പറഞ്ഞു നോക്കി. മതി. അവളുടെ ഉറച്ച ശബ്ദം. വെറുതെ സംസാരിച്ചിട്ട് കാര്യമില്ല.

അച്ഛനും അമ്മയും ഇറങ്ങി. കൂടെ
മകൾ ജയിച്ച ഭാവത്തോടെയും. എനിക്കാ അച്ഛന്റെ മുഖഭാവം കണ്ടിട്ട് പേടി തോന്നി..

നാളെ, മറ്റൊരു ദുരന്തം, എന്റെ പ്രിയപ്പെട്ട വിദ്യാർഥിനിയുടെ കുടുംബത്തിന് വന്ന പോലെ ഇവൾക്ക് വരാതിരിക്കട്ടെ. എന്ത് നിയമനടപടികൾ ഇങ്ങനെ ഉള്ള പ്രശ്നങ്ങളിൽ സഹായകം ആകാൻ പറ്റുമെന്ന് നിരവധി അച്ഛനമ്മമാർ ചോദിക്കുന്നു..

എന്ത് ചെയ്യാനാകും..?

ഗുണ്ടകളോളം പിടിപാട് സമൂഹത്തിൽ മറ്റൊരു വകുപ്പിനും ഇല്ലല്ലോ. ഇത്രയധികം ലോകകാര്യങ്ങൾ വിരൽ തുമ്പിൽ അറിയാൻ പറ്റുന്ന ഈ കാലത്ത് എന്ത്‌ ബോധമില്ലായ്മ ആണ് പെൺകുട്ടികളെ ഇങ്ങനെ ഒരു ചിന്തയിൽ പിടിച്ചു നിർത്തുന്നത്? മനഃശാസ്ത്രപരമായ വിശകലനം ഉണ്ടാകാം. ഓരോ വ്യക്തിയെയും എടുത്താൽ. എന്നിരുന്നാലും, ഉൾകൊള്ളാൻ വയ്യ.