സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്താനും വ്യക്തി ഹത്യ ചെയ്യാനും ശ്രമിക്കുന്നു എന്ന് മഞ്ജു വാര്യർ നൽകിയ പരാതിയിൽ മഞ്ജുവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. തൃശൂര്‍ ജില്ലാ സ്‌പെഷല്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ശ്രീനിവാസിന്റെ നേതൃത്വത്തിലാണ് മഞ്ജു വാര്യരുടെ മൊഴിയെടുത്തത്.

തൃശൂര്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. അവിടെ എത്തിയാണ് മഞ്ജു ശ്രീകുമാർ മേനോന് എതിരെ മൊഴി നൽകിയത്. ശ്രീകുമാര്‍ മേനോന്‍ സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി.

ശ്രീകുമാര്‍ മേനോന്റെ പുഷ് എന്ന പരസ്യകമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഈ കരാറില്‍ നിന്നും പിന്മാറിയതോടെയാണ് തനിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയത്. തന്റെ വ്യക്തി ജീവിതത്തെയും അതിനൊപ്പം അഭിനയ ജീവിതത്തെയും ശ്രീകുമാർ മേനോൻ തകർക്കാൻ ശ്രമിച്ചു എന്നും മഞ്ജു അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥർക്ക് എതിരെ ആവർത്തിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് മഞ്ജുവിന്റെ പരാതിയിൽ പോലീസ് കേസ് എടുത്തത്. സ്ത്രീയുടെ അന്തസ്സിന് ഭംഗം വരുത്തല്‍ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കല്‍ എന്നീ വകുപ്പുകളാണ് സംവിധായകനെതിരെ ചുമത്തിയിരിക്കുന്നത്.

ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ പരാതി തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. ഈ ആഴ്ച തന്നെ പോലീസ് ശ്രീകുമാർ മേനോനെ ചോദ്യം ചെയ്യും.