ലാൽസാറിന്റെ നടുവേദനയുമായി ബന്ധപ്പെട്ട് മദ്രാസിലെ കാളിയപ്പ നഴ്സിങ് ഹോമിൽ അഡ്മിറ്റ് ആയിരിക്കുന്ന സമയം.
വളരെ കര്‍ക്കശമായ ചികിത്സാരീതികളാണ് അവിടെ ഉണ്ടായിരുന്നത്. അതൊക്കെ ഗൗരവമായി കാണുകയും എടുക്കുകയും ചെയ്യുന്നവരെ മാത്രമേ അവിടെ അഡ്മിഷൻ കിട്ടുകയുള്ളൂ.

പഥ്യമായ ചികിത്സക്കൊപ്പം വിശ്രമവും ഏറെ ആവശ്യമുണ്ട്. കട്ടിലില്‍ നിന്ന് അനങ്ങരുത് എന്നാണ്‌ പ്രധാന ഡോക്ടറുടെ കല്പന. അവിടെ ലാൽ സാറിന് കൂട്ടായി ഞാൻ മാത്രം. ഇടക്കൊക്കെ സുചിത്ര ചേച്ചിയും അവരുടെ കുടുംബാംഗങ്ങളും വരും. അധിക സമയം അവരെ മുറിയില്‍ നിര്‍ത്താറില്ല.

ഈ സമയങ്ങളില്‍ ലാൽ സാറിനെ കാണാന്‍ സംവിധായകന്‍ തമ്പി കണ്ണന്താനം സാർ എത്തുമായിരുന്നു. അദ്ദേഹം വരുന്നത് മറ്റൊരു പ്രധാനപെട്ട കാര്യത്തിനാണ്. അതിന്റെ ഗൗരവം ലാൽ സാറിനും എനിക്കും നന്നായിട്ടറിയാം. തമ്പി സാർ സംവിധാനം ചെയ്യുന്ന ഇന്ദ്രജാലം എന്ന ആക്ഷൻ സിനിമയിൽ ലാൽ സാറിന്റെ ഒരു ഷോട്ട് ബാക്കിയാണ്.

അതും ബൈക്കില്‍ ഇരുന്ന് യാത്ര ചെയ്യുന്ന ഒരു രംഗം. സാംന്തോം പള്ളിയുടെ മുന്നിലാണ് ഷൂട്ട് ചെയ്യേണ്ടത്. കട്ടിലില്‍ നിന്ന് അനങ്ങരുത് എന്ന് പറഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ അതും ബൈക്ക് ഓടിക്കുന്ന സീന്‍ എങ്ങനെ എടുക്കും എന്ന ടെന്‍ഷനിലാണ് എല്ലാവരും. ഇന്ദ്രജാലം എന്ന സിനിമ അടുത്ത് വരുന്ന ഓണത്തിന് തീയേറ്റര്‍ റിലീസ് ആണ്.

ബാക്കി പണികളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. തമ്പി സാറിന്റെ പ്രയാസം എല്ലാവരുടെയും പ്രയാസമായി. അത് മനസ്സിലാക്കിയ ലാൽ സർ ചോദിച്ചു.

“ആന്റണി എന്ത് ചെയ്യും…” ഡോക്ടരോട് ചോദിച്ചാല്‍ അദ്ദേഹം ഒട്ടും സമ്മതിക്കാത്ത പ്രകൃതം ആണ്.

ഡോക്ടർ ഇടയ്ക്കൊക്കെ പറയും “ചിട്ടകൾ ഒന്നും തെറ്റിക്കാതെ നോക്കണം. എനിക്ക് വേണ്ടിയല്ല നിങ്ങള്‍ക്ക് വേണ്ടിയാണ്.” അദ്ദേഹം പറയുന്നത് നൂറു ശതമാനം ശരിയുമാണ്.

ഒടുവില്‍ ഞങ്ങൾ ഒരു തീരുമാനം എടുത്തു.. അതിരു കടന്ന തീരുമാനം. എന്തും വരട്ടെയെന്ന് കരുതി ആരും കാണാതെ രാത്രിയില്‍ ഹോസ്പിറ്റല്‍ നിന്ന് പുറത്ത്‌ ചാടി ഷൂട്ടിങ്ങിന് പോവുക. ഭാഗ്യത്തിന് രാത്രിയാണ്. പക്ഷേ ഈസിയായി പുറത്ത്‌ പോവാനും കഴിയില്ല. അത്രക്കും സെക്യൂരിറ്റി ആണ് ആ ഹോസ്പിറ്റല്‍ പരിസരം.

പിന്നെ ഒരു മാര്‍ഗമേ കണ്ടുള്ളൂ, സെക്യൂരിറ്റികാരനെ കൈയിലെടുക്കുക. അങനെ അദ്ദേഹത്തിന് കൈമടക്ക് നല്‍കി രാത്രി ഹോസ്പിറ്റലിൽ നിന്ന് മുങ്ങി. ഷൂട്ടിങ് പൂര്‍ത്തിയാക്കി വെളുപ്പിന് തിരിച്ചെത്തി ഒന്നും സംഭവിക്കാത്ത മട്ടില്‍ കിടന്നുറങ്ങി.

എല്ലാം ഭംഗിയായി കലാശിച്ചു. സമയത്ത്‌ തന്നെ ഇന്ദ്രജാലം റിലീസ് ആവുകയും അതൊരു വന്‍ വിജയമായി മാറുകയും ചെയ്തു.അതിന്റെ പേരില്‍ ലാൽ സാറിന് ഒരാഴ്ച കൂടി ആശുപത്രിയില്‍ കിടക്കേണ്ടിവന്നു എന്നു മാത്രം.

മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ സെപ്റ്റംബര്‍ ലക്കം ( പോസ്റ്റ് ക്രെഡിറ്റ് ; പ്രണവ് കോലത്ത് )