ഇടുക്കി ശാന്തൻപാറയിൽ കഴിഞ്ഞ ഒരാഴ്ച ആയി കാണാതായ യുവാവിന്റെ മൃതദേഹം ചാക്കിൽ കെട്ടി കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. ഇടുക്കി ശാന്തൻപാറ മല്ലൂർ വീട്ടിൽ റിജോഷ് (37) ആണ് കൊല്ലപ്പെട്ടത്.

പുത്തടി മഷ്‌റൂം ഹട്ട് റിസോട്ടിന് സമീപം ആണ് മൃതദേഹം കണ്ടെത്തിയത്. അതെ സമയം റിജോഷിന്റെ ഭാര്യയേയും റിസോർട്ട് മാനേജരെയും കഴിഞ്ഞ ദിവസം മുതൽ കാണാൻ ഇല്ല. റിജോഷിനെ ആസൂത്രിതമായി കൊലപ്പെടുത്തിയത് എന്നാണ് പോലീസ് നിഗമനം. ഒളിവിൽ പോയ റിജോഷിന്റെ ഭാര്യ ലിജിയെയും (29) റിജോഷിന്റെ സുഹൃത്തുകൂടിയായ റിസോർട്ട് മാനേജർ വസീമിനെയും ആണ് സംഭവത്തിൻെ തുടർന്ന് പോലീസ് സംശയിക്കുന്നത്.

റിജോഷിന്റെ തിരോധാനത്തിനു ശേഷം റിജോഷിന്റെ ഭാര്യ ലിജിയോടോപ്പം റിസോര്‍ട്ട് മാനേജറെയും കാണാതായതോടെ സംശയം തോന്നിയ ബന്ധുക്കള്‍ ശാന്തന്‍പാറ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയതോടെയാണ് നാടിനെ നടുക്കിയ കൊലപാതകം പുറത്തറിഞ്ഞത്.

റിസോര്‍ട്ട് വളപ്പില്‍ ചെറിയ കുഴിയില്‍ ഒരു ചത്ത പശുവിനെ കുഴിച്ചിട്ടിരുന്നതായും അതില്‍ നിന്നു ദുര്‍ഗന്ധം വരുന്നതിനാല്‍ കുറച്ചു മണ്ണിട്ടു മൂടണമെന്നു ഫോണിലൂടെ സമീപവാസിയായ ജെസിബി ഡ്രൈവര്‍ക്കു വസീം നിര്‍ദേശം നല്‍കിയിരുന്നു.

ജെസിബി ഡ്രൈവറെ പോലീസ് ചോദ്യം ചെയ്യുകയും താൻ ഒരു തവണ മൂടിയ കുഴി കുറച്ചുകൂടി മൂടുകയാണ് ചെയ്തത് എന്നും അതിനെ കുറിച്ചുള്ള മറ്റു വിവരങ്ങൾ തനിക്ക് അറിയില്ല എന്നും ആണ് മൊഴി നൽകിയിരിക്കുന്നത്. പ്രതികൾക്ക് വേണ്ടിയുള്ള ഊർജിതമായ തിരച്ചിലിൽ ആണ് പോലീസ് സംഘം.