വാളയാർ രണ്ട് പിഞ്ചു ബാലികമാരെ ക്രൂരമായി ഇല്ലാതാക്കിയ കാലപിക്കാർക്ക് എതിരെയുള്ള പ്രതിഷേധങ്ങൾ എങ്ങും അലയടിക്കുമ്പോൾ കരളലിയിക്കുന്ന കുറിപ്പുമായി ഡോക്ടർ ഷിംന അസീസ്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ,

രാവിലെ ഉണർന്നത്‌ ആ പെൺകുഞ്ഞുങ്ങളുടെ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്‌ കണ്ടാണ്‌. അവരുടെ ദേഹത്തെ മുറിവുകളുടെ വിവരങ്ങൾ വായിച്ചപ്പോൾ തല മരവിച്ച്‌ കുറേ നേരം ഇരുന്ന്‌ പോയി. എന്തിന്‌ വായിച്ചു എന്ന്‌ സ്വയം ശപിച്ചു.

Loading...

അവരുടെ ശരീരത്തിലെ പരിക്കുകൾ…അതിനെ ‘റേപ്പ്‌’ എന്നൊന്നും വിളിച്ച്‌ ലഘൂകരിക്കരുത്‌. മനുഷ്യനായി ജനിച്ചവർക്ക്‌ എങ്ങനെയാണ്‌ കുഞ്ഞിമക്കളോട്‌ ഇങ്ങനെയൊക്കെ ചെയ്യാനാവുക? കൈയിൽ വീണ്‌ കിടന്ന്‌ പിടഞ്ഞിട്ടുണ്ടാകില്ലേ… വേദന കടിച്ച്‌ പിടിച്ച്‌ കരഞ്ഞു കാണില്ലേ? അപ്പോഴും അവൻമാരുടെ ഉദ്ധാരണം നില നിന്നില്ലേ?

ആ കുഞ്ഞിപെണ്ണിന്റെ ആമാശയത്തിൽ പഴുത്ത മാങ്ങയുടെ തൊലിയുടെ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നു പോലും. അവളത്‌ കടിച്ച്‌ തിന്ന്‌ പറമ്പിലൂടെ നടക്കുന്ന ദൃശ്യമാണ്‌ കണ്ണിൽ തെളിഞ്ഞത്‌. അവൾക്കെന്റെ മകളുടെ രൂപമായിരുന്നു, ചിരിയും. അതു പോലെ രണ്ട്‌ കുട്ടികൾ…

ഇന്നലെയോ മറ്റോ വായിച്ച ഒരു പോസ്‌റ്റിൽ പറയുന്നൊരു കാര്യമുണ്ട്‌. ആ ചെറിയോൾ ബാലരമയിലെ ഏതോ കഥ ക്ലാസിൽ വായിക്കാമെന്ന്‌ മരിക്കുന്നതിന്റെ തലേന്ന്‌ ടീച്ചറോട്‌ പറഞ്ഞിരുന്നത്രെ. അവൾ പോയി, അവളുടെ ചേച്ചിയും.

ഇപ്പോൾ ഫേസ്ബുക്ക് തുറന്നപ്പോൾ കുഴൽക്കിണറിൽ വീണ്‌ ആ മോനും മരിച്ചെന്ന വാർത്തയാണ്‌ കണ്ടത്‌. ഡോക്‌ടറായ ശേഷം പോലും ഒരു ഗുഹ പോലെ തോന്നിക്കുന്ന MRI മെഷീനകത്ത്‌ സ്‌കാനിങ്ങിന്‌ കിടക്കാൻ പേടിയായിട്ട്‌ ഉപ്പയേയും ഉമ്മയേയും വിളിച്ച്‌ അടുത്ത്‌ നിർത്തിയവളാണ്‌ ഞാൻ.

ദിവസങ്ങളോളം… ആ ഇരുട്ടിൽ, മെഷീനുകളുടേയും മനുഷ്യരുടെയും ഇരമ്പലിനിടയിൽ… ആ പൈതൽ… അവനും പോയല്ലോ…

ആശുപത്രിയിൽ നിന്ന്‌ ഇറങ്ങിയോടി മക്കളുടെ നടുവിൽ ചെന്ന്‌ ചുരുണ്ട്‌ കിടക്കാൻ തോന്നുന്നു. പേടിയാകുന്നു.

ഒരു തരം കഴുത്തിലിറുകുന്ന ഭയം.
മക്കളാണ്‌… പൊന്നുമക്കൾ…

Shimna azeez facebook write-up about walayar victims